IPL 2020: യുഎഇയില്‍ എത്തിയത് വ്യത്യസ്തനായ മാക്‌സ്‌വെല്‍, മോശം പ്രകടനത്തെക്കുറിച്ച് ഗംഭീര്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ പുരോഗമിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തുന്ന താരങ്ങളിലൊരാള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഗ്ലെന്‍ മാക്‌സ് വെല്ലാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലെത്തിച്ച മാക്‌സ്‌വെല്‍ മികച്ച ഫോമിലാണ് യുഎഇയിലെത്തിയതെങ്കിലും ഇവിടെ എത്തിയതോടെ ഫോം നഷ്ടപ്പെട്ടു.
2014ലെ യുഎഇ ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയ മാക്‌സ്‌വെല്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ മാക്‌സ് വെല്ലിന്റെ മോശം പ്രകടനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഗൗതം ഗംഭീര്‍. യുഎഇയിലെത്തിയത് വ്യത്യസ്തനായ മാക്‌സ് വെല്ലാണെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്.

'അവസാന 6-7 വര്‍ഷമായി മികച്ച ഐപിഎല്‍ റെക്കോഡുള്ള താരമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. അവന് നല്‍കിയ പണത്തിനൊത്ത് തിളങ്ങാനാവുന്നില്ല. തണുത്ത അവസ്ഥയാണ്. ഇംഗ്ലണ്ടിനെതിരേ കളിച്ച താരമേ ആയിരുന്നില്ല മാക്‌സ്‌വെല്‍ യുഎഇയില്‍ എത്തിയപ്പോള്‍'-ഗംഭീര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ നിരാശപ്പെടുത്തുന്നതെന്ന് ചോദിച്ചാല്‍ പണത്തിന്റെയോ വിക്കറ്റിന്റെ സമ്മര്‍ദ്ദംകൊണ്ടാകാം. ഐപിഎല്ലിലെ മാക്‌സ് വെല്ലിന്റെ പ്രകടനം പരിശോധിക്കുമ്പോള്‍ അദ്ദേഹം തണുപ്പന്‍ പ്രകടനമായി മാറിക്കൊണ്ടിരിക്കുകയാണ്.
മാക്‌സ് വെല്‍ മാച്ച് വിന്നറാണോയെന്ന് ഫ്രാഞ്ചൈസികള്‍ പുനര്‍ചിന്തനം നടത്തേണ്ടതുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. 2014ല്‍ യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ ബാറ്റുകൊണ്ട് താരമായത് മാക്‌സ് വെല്‍ ആയിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 300 റണ്‍സാണ് താരം നേടിയത്. 95 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ നാല് മത്സരത്തില്‍ നിന്ന് വെറും 30 റണ്‍സാണ് അദ്ദേഹം നേടിയത്. മധ്യനിരയില്‍ ടീം വളരെയേറെ പ്രതീക്ഷവെക്കുന്ന താരമാണ് മാക്‌സ് വെല്ലെങ്കിലും അതിനൊത്ത പ്രകടനം നടത്തുന്നതില്‍ താരം പരാജയപ്പെടുന്നു.
ഈ സീസണില്‍ പഞ്ചാബും തുടര്‍ തോല്‍വിയുമായി ബുദ്ധിമുട്ടുകയാണ്. മികച്ച ടീമുണ്ടായിട്ടും അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. ടോപ് ഓഡര്‍ ശക്തമാണെങ്കിലും മധ്യനിരയുടെ മോശം ഫോമാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്. എന്നാല്‍ ഏത് സമയത്തും ഫോം കണ്ടെത്തി തിരിച്ചുവരാന്‍ കഴിവുള്ള താരമാണ് മാക്‌സ് വെല്‍. പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ മാക്‌സ് വെല്‍ ഫോം കണ്ടെത്തി തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ബാറ്റിങ്ങാണ് നിലവില്‍ പഞ്ചാബിന്റെ ശക്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications