IPL 2020: ബൂംറ മുതല്‍ താഹിര്‍ വരെ, പര്‍പ്പിള്‍ ക്യാംപ് നേടാന്‍ സാധ്യതയുള്ള അഞ്ച് ബൗളര്‍മാര്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും 5 ദിവസം മാത്രമാണ് ബാക്കി. ടീമുകളെല്ലാം അവസാനഘട്ട പരിശീലനത്തിലാണ്. ഇത്തവണത്തെ ഐപിഎല്‍ യുഎഇയിലായതിനാല്‍ത്തന്നെ കണക്കിലെ ആധിപത്യം ആര്‍ക്കും അവകാശപ്പെടാനാവില്ല. യുഎഇയിലെ വലിയ മൈതാനങ്ങളില്‍ പൊതുവേ സ്പിന്‍ ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ ആധിപത്യമുള്ളത്. അതിനാല്‍ത്തന്നെ ഇത്തവണ എല്ലാ ടീമിലും മികച്ച സ്പിന്‍ ബൗളര്‍മാരുണ്ട്. പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ പടിവാതുക്കല്‍ എത്തിനില്‍ക്കെ ഇത്തവണ പര്‍പ്പിള്‍ ക്യാപ് നേടാന്‍ സാധ്യതയുള്ള അഞ്ച് പ്രധാന ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ജസ്പ്രീത് ബൂംറ
മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂംറ പര്‍പ്പിള്‍ ക്യാപ് നേടാന്‍ സാധ്യതയുള്ളവരില്‍ മുന്‍പന്തിയിലാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ വളരെ പിശുക്കുകാട്ടുന്ന ബൂംറ മുംബൈയുടെ നാല് കിരീടത്തിന് പിന്നിലും നിര്‍ണ്ണായക പങ്കുവഹിച്ച ബൗളറാണ്. 77 ഐപിഎല്ലില്‍ നിന്ന് 82 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ബൂംറയുടെ മികച്ച ബൗളിങ് പ്രകടനം 7 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ്. മികച്ച സ്ലോ ബൗള് ചെയ്യാനുള്ള ബൂംറയുടെ മികവ് യുഎഇയിലെ പിച്ചില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നതാണ്. അവസാന സീസണില്‍ 16 മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് ബൂംറ വീഴ്ത്തിയത്.

പാറ്റ് കമ്മിന്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 15.5 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും പര്‍പ്പിള്‍ ക്യാപ് നേടാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍നിരയിലാണ്. 30 ടി20യില്‍ നിന്ന് 37 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള കമ്മിന്‍സ് 16 ഐപിഎല്ലില്‍ നിന്ന് 17 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 2017ന് ശേഷം ആദ്യമായാണ് കമ്മിന്‍സ് ഐപിഎല്ലില്‍ കളിക്കുന്നത്.

ഇമ്രാന്‍ താഹിര്‍
അവസാന സീസണില്‍ 26 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് നേടിയ ഇമ്രാന്‍ താഹിര്‍ ഇത്തവണയും ഈ നേട്ടത്തിന് സാധ്യത കല്‍പ്പിക്കുന്ന താരമാണ്. ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗിലും തിളങ്ങിയ താഹിര്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന് ഏറെ പ്രതീക്ഷ നല്‍കുന്നു. സ്പിന്നിന് അനുകൂലമായ മൈതാനത്ത് താഹിര്‍ നേട്ടമുണ്ടാക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. 55 ഐപിഎല്ലില്‍ നിന്ന് 79 വിക്കറ്റ് വീഴ്ത്തിയ താഹിറിന്റെ മികച്ച പ്രകടനം 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ്.

യുസ്‌വേന്ദ്ര ചഹാല്‍
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ യുസ്‌വേന്ദ്ര ചഹാല്‍ ഇത്തവണ പര്‍പ്പിള്‍ ക്യാപ് സാധ്യതാ പട്ടികയില്‍ മുന്‍നിരയിലുള്ള താരമാണ്. യുഎഇയില്‍ ടേണും ഗൂഗ്ലിയും ഏറെ നേട്ടമുണ്ടാക്കുന്നതാണ് ചഹാലിനും കാര്യങ്ങള്‍ എളുപ്പമാക്കുന്നത്. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 18 വിക്കറ്റ് വീഴ്ത്തിയ ചഹാല്‍ 84 ഐപിഎല്ലില്‍ നിന്ന് 100 വിക്കറ്റാണ് ഇതുവരെ വീഴ്ത്തിയത്. 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

കഗിസോ റബാദ
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കഗിസോ റബാദയും പര്‍പ്പിള്‍ ക്യാപ് സാധ്യതാ പട്ടികയിലെ മുന്‍നിരക്കാരനാണ്. അവസാന സീസണില്‍ വെറും 12 മത്സരത്തില്‍ നിന്ന് 25 വിക്കറ്റ് പിഴുത റബാദയ്ക്ക് നേരിയ വ്യത്യാസത്തിലാണ് പര്‍പ്പിള്‍ ക്യാപ് നഷ്ടമായത്. അതിനാല്‍ ഇത്തവണ അത് തിരിച്ചുപിടിക്കാന്‍ ഉറച്ചാവും റബാദ ഇറങ്ങുക. 18 ഐപിഎല്ലില്‍ നിന്ന് 31 വിക്കറ്റുകള്‍ വീഴ്ത്തിയ റബാദയുടെ മികച്ച പ്രകടനം 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications