
ശ്രീശാന്തിന് ഹര്‍ഭജന്റെ അടി
ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ത്തന്നെയാണ് ഐപിഎല്ലിലെ ഏറ്റവും മോശം വാക് പോരാട്ടവും കയ്യാങ്കളിയും നടന്നത്. ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തും തമ്മിലായിരുന്നു ഇത്. 2008ല്‍ ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും ശ്രീശാന്ത് കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി കളിക്കുന്ന സമയം. ഹര്‍ഭജനെ കളിയാക്കിയെന്നതിന്റെ പേരില്‍ ശ്രീശാന്തിന്റെ മുഖത്ത് ഹര്‍ഭജന്‍ അടിക്കുകയായിരുന്നു. സംഭവം വലിയ വിവാദമായെങ്കിലും അവസാനം ഹര്‍ഭജന്‍ മാപ്പ് പറഞ്ഞ് തടിയൂരി.

ഗൗതം ഗംഭീര്‍-വിരാട് കോലി വാക് പോര്
2013 സീസണിലാണ് ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും വിരാട് കോലിയും തമ്മില്‍ ശക്തമായ വാക് പോരാട്ടം നടന്നത്. ഗംഭീര്‍ കൊല്‍ക്കത്തയുടെ നായകനായിരിക്കുമ്പോള്‍ കോലി റോയല്‍ ചലഞ്ചേഴ്‌സ് താരമായിരുന്നു. കോലിയുടെ പുറത്താകലില്‍ ഗംഭീറിന്റെ ആഹ്ലാദത്തില്‍ പ്രകോപിതനായ കോലി ഗംഭീറിനെതിരേ വാക് പ്രയോഗവുമായി എത്തി. ഗംഭീറും കോലിക്ക് നേരത്തെ എത്തിയതോടെ സംഭവം കയ്യാങ്കളിയിലേക്ക് നീങ്ങി. എന്നാല്‍ കൊല്‍ക്കത്തയിലെ സഹതാരങ്ങള്‍ക്ക് ചേര്‍ന്ന് ഇരുവരേയും മാറ്റി വിടുകയായിരുന്നു.

സ്റ്റാര്‍ക്കിനെ ബാറ്റുകൊണ്ടെറിഞ്ഞ് പൊള്ളാര്‍ഡ്
2014 സീസണിലാണ് മുംബൈയുടെ കീറോണ്‍ പൊള്ളാര്‍ഡും ആര്‍സിബിയുടെ മിച്ചല്‍ സ്റ്റാര്‍ക്കും തമ്മില്‍ പരസ്പരം നിയന്ത്രണം വിട്ട് പെരുമാറിയത്. സ്റ്റാര്‍ക്ക് ഓടി പന്തെറിയാനെത്തിയപ്പോള്‍ പൊള്ളാര്‍ഡ് ക്രീസില്‍ നിന്ന് മാറി. ഇതില്‍ പ്രകോപിതനായ സ്റ്റാര്‍ക്ക് പൊള്ളാര്‍ഡിന് നേരെ പന്തെറിഞ്ഞു. തിരിച്ച് സ്റ്റാര്‍ക്കിനെ നേരെ പൊള്ളാര്‍ഡ് ബാറ്റുകൊണ്ട് എറിഞ്ഞെങ്കിലും കൈയില്‍ നിന്ന് വഴുതി പോയതിനാല്‍ അപകടം ഒഴിവായി. പിന്നീട് സഹതാരങ്ങളും അംപയറും ചേര്‍ന്നാണ് പ്രശ്‌നം പരിഹരിച്ചത്.

ഗാംഗുലിയും ഷെയ്ന്‍ വോണും നേര്‍ക്കുനേര്‍
2008ലെ സീസണിലാണ് ഇതിഹാസ താരങ്ങളാ ഷെയ്ന്‍ വോണും സൗരവ് ഗാംഗുലിയും നേര്‍ക്കുനേര്‍ പോരടിച്ചത്. ഗാംഗുലി കൊല്‍ക്കത്തയുടേയും ഷെയ്ന്‍ വോണ്‍ രാജസ്ഥാന്റെയും ഭാഗമായിരുന്നു. കൊല്‍ക്കത്തയുടെ നായകനായിരുന്ന ഗാംഗുലിയുടെ ക്യാച്ച് ഗ്രയിം സ്മിത്ത് എടുത്തെങ്കിലും ഗാംഗുലി ഗ്രൗണ്ട് വിടാന്‍ വിസമ്മതിച്ചു. തേര്‍ഡ് അംപയറുടെ വിധിയില്‍ ഗാംഗുലി ഔട്ടല്ലെന്ന് വ്യക്തമായതോടെ രാജസ്ഥാന്‍ നായകന്‍ ഷെയ്ന്‍ വോണ്‍ പ്രകോപിതനാവുകയായിരുന്നു. ഇരുവരും തമ്മില്‍ ശക്തമായ വാക് പോരാട്ടം തന്നെയാണ് നടന്നത്.


Click it and Unblock the Notifications