IPL 2020: ആര്‍സിബിക്ക് ജയിക്കണോ? എങ്കില്‍ ഈ മൂന്ന് കാര്യങ്ങള്‍ തീരുമാനിച്ച് ഉറപ്പിക്കണം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത പ്രമുഖ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മികച്ച താരനിരയുണ്ടെങ്കിലും ഇതുവരെ കിരീട ഭാഗ്യം ടീമിനുണ്ടായിട്ടില്ല. ഇത്തവണ കന്നിക്കിരീടം നേടാനുള്ള സുവര്‍ണ്ണാവസരം ആര്‍സിബിക്ക് മുന്നിലുണ്ട്. കളിച്ച എട്ട് മത്സരത്തില്‍ അഞ്ചിലും ജയിച്ച ആര്‍സിബിക്ക് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാണ്. എന്നാല്‍ സ്ഥിരതയില്ലായ്മ ടീമിന്റെ പ്രധാന പ്രശ്‌നമാണ്. നിര്‍ണ്ണായക ഘട്ടത്തില്‍ അവസരത്തിനൊത്ത് താരങ്ങള്‍ ഉയരാത്തത് ടീമിന് തലവേദനയാണ്. രാജസ്ഥാന്‍ റോയല്‍സാണ് ആര്‍സിബിയുടെ അടുത്ത എതിരാളികള്‍. പോയിന്റ് പട്ടികയിലെ ഏഴാം സ്ഥാനക്കാരായ രാജസ്ഥാന് ഇനിയുള്ള മത്സരങ്ങള്‍ ജീവന്‍മരണ പോരാട്ടം ആയതിനാല്‍ കടുത്ത പോരാട്ടം തന്നെ ആര്‍സിബിക്ക് നേരിടേണ്ടിവരും. ഇനിയുള്ള മത്സരങ്ങളില്‍ ജയിക്കാന്‍ നിര്‍ണ്ണായകമായ മൂന്ന് കാര്യങ്ങളില്‍ ആര്‍സിബിക്ക് തീരുമാനം എടുക്കേണ്ടിവരും. അവ എന്തൊക്കെയാണെന്ന് നോക്കാം.

ആരോണ്‍ ഫിഞ്ചിനെ പ്ലേയിങ് ഇലവനില്‍ വേണോ?
ഇത്തവണ ആര്‍സിബി വളരെ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരമാണ് ഓസീസ് നായകനായ ആരോണ്‍ ഫിഞ്ച്. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമായ ഫിഞ്ച് പക്ഷെ ഇത്തവണത്തെ ഐപിഎല്ലില്‍ പ്രതാപത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. 8 മത്സരം കളിച്ച ഫിഞ്ച് 23.87 ശരാശരിയില്‍ നേടിയത് വെറും 191 റണ്‍സ്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും. ദേവ്ദത്ത് പടിക്കലിനൊപ്പം ഓപ്പണിങ്ങ് കൂട്ടുകെട്ട് മോശമില്ലെങ്കിലും ഫിഞ്ചിന്റെ വ്യക്തിഗത പ്രകടനം മികച്ചതല്ല. പവര്‍പ്ലേയില്‍ ഇറങ്ങിയിട്ടും വെറും 113.69മാത്രമാണ് ഫിഞ്ചിന്റെ സ്‌ട്രൈക്കറേറ്റ്. അതിനാല്‍ത്തന്നെ ഫിഞ്ചിന് വിശ്രമം അനുവദിച്ച് മോയിന്‍ അലിയെ പരിഗണിച്ചാല്‍ ബൗളറെന്ന നിലയിലും ടീമിനത് ഗുണം ചെയ്‌തേക്കും. ദേവ്ദത്തും ഇടം കൈയനായതിനാല്‍ കോലി ഓപ്പണറായെത്തി മോയിന്‍ അലിയെ മധ്യനിരയില്‍ കളിപ്പിക്കുകയും ചെയ്യാം.

ഡിവില്ലിയേഴ്‌സിന് സ്ഥിര ബാറ്റിങ് ഓഡര്‍
ആര്‍സിബിയുടെ ബാറ്റിങ് നട്ടെല്ലാണ് എബി ഡിവില്ലിയേഴ്‌സ്. അനാവശ്യമായി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തുന്നത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. അവസാന മത്സരത്തില്‍ പഞ്ചാബിനെതിരേ ആറാം നമ്പറില്‍ ഡിവില്ലിയേഴ്‌സിനെ ഇറക്കിയ ആര്‍സിബിയുടെ തന്ത്രം പാളിയിരുന്നു. അതിനാല്‍ കൃത്യമായ ബാറ്റിങ് പൊസിഷന്‍ അദ്ദേഹത്തിന് നല്‍കണം. സാധാരണ നാലാം നമ്പറിലാണ് ഡിവില്ലിയേഴ്‌സ് ഇറങ്ങാറ്. അങ്ങനെ വന്നാല്‍ മൂന്നാം നമ്പറിലിറങ്ങുന്ന കോലിയുമായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ഡിവില്ലിയേഴ്‌സിന് സാധിക്കും. രണ്ടാം വിക്കറ്റിലും മൂന്നാം വിക്കറ്റിലും ഇരുവരും തമ്മില്‍ മികച്ച റെക്കോഡാണുള്ളത്.

വാഷിങ്ടണ്‍ സുന്ദറെ പവര്‍പ്ലേയില്‍ പരിഗണിക്കണം
ഇത്തവണ പവര്‍പ്ലേയില്‍ ഏറ്റവും മികവ് കാട്ടുന്ന ബൗളര്‍മാരിലൊരാള്‍ വാഷിങ്ടണ്‍ സുന്ദറാണ്. പല തവണ തന്റെ സ്പിന്‍ മികവിലൂടെ ബാറ്റ്‌സ്മാനെ വെള്ളം കുടിപ്പിക്കാന്‍ വാഷിങ്ടണിന് സാധിച്ചു. എന്നാല്‍ പഞ്ചാബിനെതിരേ വാഷിങ്ടണ്‍ സുന്ദറിനെ കോലി പരിഗണിച്ചില്ല. പിന്നീടെത്തിയപ്പോള്‍ നന്നായി തല്ലുവാങ്ങുകയും ചെയ്തു. അതിനാല്‍ത്തന്നെ പവര്‍പ്ലേയില്‍ വാഷിങ്ടണിനെ സ്ഥിരമായി പരിഗണിക്കേണ്ടിയിരുക്കുന്നു. ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമായതിനാല്‍ പരീക്ഷണങ്ങള്‍ ടീമിന് പുറത്തേക്കുള്ള വഴി തുറന്നേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications