വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇവരെ കരുതിയിരുന്നോളൂ', ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന അഞ്ച് ഇന്ത്യന്‍ താരങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഷെഡ്യൂള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തിയതിന് പിന്നാലെ മത്സരത്തിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ് ഫ്രാഞ്ചൈസികള്‍. സെപ്തംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10വരെയായി യുഎഇയിലാണ് ഇത്തവണത്തെ ഐപിഎല്‍ നടക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന അഞ്ച് ഇന്ത്യന്‍ താരങ്ങളുണ്ട്. ഭാവി ഇന്ത്യയുടെ താരങ്ങളെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

ഇക്കഴിഞ്ഞ അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാം സ്ഥാനക്കാരനാണ് രവി ബിഷ്‌നോയ്. 17 വിക്കറ്റുമായി തിളങ്ങിയ രവിയെ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ടീമിലെത്തിച്ചത്. താരത്തിന്റെ ആദ്യ ഐപിഎല്‍ സീസണാണിത്. വരുംകാല ഇന്ത്യയുടെ സ്പിന്‍ നിരയില്‍ സാന്നിധ്യമായേക്കാവുന്ന രവിക്ക് ഇത്തവണ അരങ്ങേറാനുള്ള അവസരം ലഭിച്ചേക്കും. ആര്‍ അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് കൂടുമാറിയതിന്റെ വിടവ് നികത്താന്‍ രവിയെ പഞ്ചാബ് നിയോഗിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിരാട് സിങ്

വിരാട് സിങ്

വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ വിരാട് സിങിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ടീമിലെത്തിച്ചത്. 83.75 ശരാശരിയില്‍ 335 റണ്‍സാണ് വിജയ് ഹസാരെ ട്രോഫിയില്‍ വിരാട് സിങ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സയ്യിദ് മുഷ്താഖ് അലി ട്രോഫി 57.16 ശരാശരിയില്‍ 343 റണ്‍സ് നേടാനും വിരാട് സിങ്ങിനായി. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ വിരാട് ഏത് വശത്തേക്കും അനായാസമായി ഷോട്ട് പായിക്കാന്‍ കഴിവുള്ള താരമാണ്. മധ്യനിരയില്‍ ഹൈദരാബാദ് താരത്തെ പരീക്ഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇഷാന്‍ പോറല്‍

ഇഷാന്‍ പോറല്‍

21കാരനായ ഇഷാന്‍ പോറല്‍ ഇതിനോടകം മികച്ച താരമെന്ന നിലയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ ബംഗാളിനെ ഫൈനലിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് താരം വഹിച്ചത്. സെമിയില്‍ കര്‍ണാടകയ്‌ക്കെതിരേ ഏഴ് വിക്കറ്റാണ് പോറല്‍ വീഴ്ത്തിയത്. ഫൈനലില്‍ സൗരാഷ്ട്രയോട് പരാജയപ്പെട്ടെങ്കിലും 6 മത്സരത്തില്‍ നിന്ന് 23 വിക്കറ്റുമായി പോറല്‍ തിളങ്ങി. ഇതാണ് താരത്തെ സ്വന്തമാക്കാന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പ്രേരിപ്പിച്ചത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ടീമിലെത്തിയ്യ പോറലിന് ഇത്തവണ അരങ്ങേറാന്‍ അവസരം ലഭിച്ചേക്കും.

യശ്വസി ജയ്‌സ്വാള്‍

യശ്വസി ജയ്‌സ്വാള്‍

പ്രതിസന്ധികള്‍ക്കിടയിലൂടെ വളര്‍ന്നുവന്ന യശ്വസി ജയ്‌സ്വാള്‍ നേരത്തെ തന്നെ തന്റെ മികവ് തെളിയിച്ചിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമാണ് ജയ്‌സ്വാള്‍. ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലും തിളങ്ങിയ താരത്തിന് 20 ലക്ഷമായിരുന്നു അടിസ്ഥാന വിലയെങ്കിലും 2.4 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ച്വറിയാണ് ജയ്‌സ്വാളിന്റെ തലവര മാറ്റിയത്. ജാര്‍ഖണ്ഡിനെതിരേ മുംബൈയ്ക്കുവേണ്ടി 154 പന്തില്‍ 203 റണ്‍സാണ് താരം നേടിയത്. ഇതില്‍ 17ഫോറും 12 സിക്‌സും ഉള്‍പ്പെടും. അണ്ടര്‍ 19 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തായിരുന്നു ജയ്‌സ്വാള്‍.

ദേവദത്ത് പടിക്കല്‍

ദേവദത്ത് പടിക്കല്‍

കര്‍ണാടകക്കാരനായ ദേവദത്തിനെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് ടീമിലെത്തിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെയും വിജയ് ഹസാരെ ട്രോഫിയിലെയും ടോപ് സ്‌കോററായിരുന്നു ദേവദത്ത്. ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിന്റെ ശൈലിയോട് ഉപമിക്കുന്ന ബാറ്റിങ്ങാണ് ദേവദത്തിന്റേത്. വിജയ് ഹസാരെ ട്രോഫിയില്‍ 11 മത്സരത്തില്‍ നിന്ന് 609 റണ്‍സും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 10 ഇന്നിങ്‌സില്‍ നിന്ന് 456 റണ്‍സുമാണ് ദേവ്ദത്ത് നേടിയത്.

Story first published: Thursday, August 6, 2020, 16:00 [IST]
Other articles published on Aug 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X