
വിരാട് കോലി
ആര്‍സിബി നായകന്‍ വിരാട് കോലിക്ക് ഇന്നത്തെ മത്സരത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്. പന്ത് നന്നായി സ്വിങ് ചെയ്യുകയും ബൗണ്‍സ് ചെയ്യുകയും ചെയ്യുന്ന ദുബായ് സ്റ്റേഡിയത്തില്‍ ടീമിന്റെ പ്രതീക്ഷ കോലിയിലാണ്. നായകനെന്നതിലുപരി കോലിയുടെ ബാറ്റിങ് മികവ് ഇന്നത്തെ മത്സരത്തില്‍ ആര്‍സിബിക്ക് കരുത്തേകും. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് എന്ന റെക്കോഡ് കോലിയുടെ പേരിലാണ്. 88 റണ്‍സ് കൂടി നേടിയാല്‍ 5500 ഐപിഎല്‍ റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡും കോലി സ്വന്തം പേരിലാക്കും.

ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സിന്റെ പ്രകടനവും ഇന്നത്തെ മത്സരത്തില്‍ നിര്‍ണ്ണായകമാവും. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ഡിവില്ലിയേഴ്‌സിന് യുഎഇയില്‍ തിളങ്ങാന്‍ സാധിക്കുമോയെന്ന് കണ്ടറിയണം. ഐപിഎല്ലില്‍ 200 സിക്‌സ് എന്ന നേട്ടം പൂര്‍ത്തിയാക്കാന്‍ ഒരു സിക്‌സര്‍ കൂടിയാണ് എബിഡിക്ക് വേണ്ടത്. യുഎഇയില്‍ നേരത്തെ മത്സരം കളിച്ച് പരിചയസമ്പത്തുള്ള ഡിവില്ലിയേഴ്‌സിന്റെ പ്രകടനത്തെ ടീം പ്രതീക്ഷയോടെയാണ് കാണുന്നത്.

യുസ്‌വേന്ദ്ര ചഹാല്‍
സ്പിന്നര്‍മാര്‍ക്ക് ദുബായ് മൈതാനത്ത് നിര്‍ണ്ണായക പങ്കുണ്ടെന്ന് ഡല്‍ഹി-പഞ്ചാബ് മത്സരത്തിലൂടെ വ്യക്തം. അതിനാല്‍ത്തന്നെ ആര്‍സിബി സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലിന്റെ പ്രകടനം നിര്‍ണ്ണായകം. ഗൂഗ്ലിയും ടേണും ഉപയോഗിച്ച് ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ ചഹാലിന് സാധിച്ചേക്കും. എല്ലാ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ചഹാലാവും കോലിയുടെ വജ്രായുധം. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണെന്നതാണ് ചഹാലിനെ വ്യത്യസ്തനാക്കുന്നത്.

ഡേവിഡ് വാര്‍ണര്‍
അവസാന സീസണിലെ ഓറഞ്ച് ക്യാപ് ജേതാവാണ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. ഒര് ഇടവേളയ്ക്ക് ശേഷം നായകനായാണ് വാര്‍ണര്‍ ഇത്തവണ എത്തുന്നത്. അവസാന സീസണില്‍ 692 റണ്‍സുമായി തിളങ്ങിയ വാര്‍ണറുടെ ബാറ്റിങ് മികവ് ഇത്തവണയും ടീമില്‍ നിര്‍ണ്ണായകം. ഓപ്പണിങ്ങില്‍ ജോണി ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം മികച്ച റെക്കോഡും വാര്‍ണര്‍ക്കുണ്ട്. ഇരുവര്‍ക്കും നേരത്തെ യുഎഇയില്‍ കളിച്ച് പരിചയസമ്പത്തുള്ളതും ടീമിന് ഗുണം ചെയ്യും.

റാഷിദ് ഖാന്‍
അഫ്ഗാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനെ ആര്‍സിബി ഭയക്കണം. സ്പിന്‍ ബൗളിങ്ങില്‍ അത്ഭുതം തീര്‍ക്കുന്ന റാഷിദ് ഖാന്‍ മികച്ച ഫോമിലാണ്. ഇക്കഴിഞ്ഞ സിപിഎല്ലില്‍ തിളങ്ങിയ മുഹമ്മദ് നബിയുടെ പ്രകടനവും ഹൈദരാബാദിന് നിര്‍ണ്ണായകമാണ്. വലിയ മൈതാനമായതിനാല്‍ റാഷിദിനെ അടിച്ച് പറത്താനുള്ള ശ്രമം വിക്കറ്റില്‍ അവസാനിക്കാനുള്ള സാധ്യത കൂടുതലാണ്. നിര്‍ണ്ണായക സമയത്ത് ബാറ്റുകൊണ്ടും തിളങ്ങാന്‍ സാധിക്കുന്ന റാഷിദിന്റെ മികവ് മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കും.


Click it and Unblock the Notifications