
സുരേഷ് റെയ്‌ന സിഎസ്‌കെ മാനേജ്‌മെന്റ് ഉടക്ക്
ഇത്തവണത്തെ ഐപിഎല്ലിന്റെ ആരംഭം തന്നെ വലിയൊരു വിവാദത്തോടെയായിരുന്നു. സിഎസ്‌കെ സൂപ്പര്‍ താരം സുരേഷ് റെയ്‌ന ടീം മാനേജ്‌മെന്റുമായി ഉടക്കി യുഎഇയിലെത്തിയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ബാല്‍ക്കണിയുള്ള മുറി നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് റെയ്‌നയുടെ മടങ്ങിപ്പോകലിനെ കാരണമായത്. ഇതിന് ശേഷം റെയ്‌നയെ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നെല്ലാം സിഎസ്‌കെ നീക്കം ചെയ്തപ്പോള്‍ ട്വിറ്ററില്‍ സിഎസ്‌കെയെ റെയ്‌ന അണ്‍ ഫോളോ ചെയ്തു. റെയ്‌നയുടെ അഭാവം ഇത്തവണ സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

കോലിയെ ട്രോളി ഗവാസ്‌കര്‍ കുടുങ്ങി
ആര്‍സിബി നായകന്‍ വിരാട് കോലിയുടെ ഈ സീസണിലെ തുടക്ക മത്സരങ്ങളിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇതോടെ കോലിക്കെതിരേ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതിനിടെ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറിന്റെ കോലിയ്‌ക്കെതിരായ പരിഹാസം വലിയ വിവാദമാണ് സൃഷ്ടിച്ചത്. കോലി ലോക്ഡൗണില്‍ അനുഷ്‌കയുടെ ബോളുകള്‍ മാത്രമാണ് നേരിട്ടതെന്നാണ് ഗവാസ്‌കര്‍ പരിഹസിച്ചത്. ഇതിനെതിരേ പ്രതികരിച്ച് അനുഷ്‌കയും രംഗത്തെത്തിയതോടെ സംഭവം വലിയ വിവാദമായിരുന്നു. ഐപിഎല്ലിലെ കമന്ററി പാനലില്‍ ഗവാസ്‌കറും ഭാഗമായിരുന്നു.

ജിമ്മി നിഷാം ആകാശ് ചോപ്ര ട്വിറ്റര്‍ പോരാട്ടം
കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം ജിമ്മി നിഷാമിനെ ട്വിറ്ററില്‍ പരിഹസിച്ച ആകാശ് ചോപ്രക്ക് ജിമ്മി മറുപടികൊടുത്തതതും ഇരുവരും തമ്മില്‍ സാമൂഹ്യ മാധ്യമത്തില്‍ ഏറ്റുമുട്ടിയതും വലിയ വിവാദമായിരുന്നു. നിഷാം ഒരു മാച്ച് വിന്നര്‍ അല്ലെന്നും എന്തിനാണ് പഞ്ചാബ് അവനെ കളിപ്പിക്കുന്നതെന്നുമാണ് ആകാശ് ചോപ്ര ചോദിച്ചത്. അതിന് മറുപടിയായി 18.5 ശരാശരിയും 90 സ്‌ട്രൈക്കറേറ്റും വെച്ച് നിരവധി മത്സരങ്ങള്‍ വിജയിക്കാം എന്നാണ് ജിമ്മി പരിഹസിച്ചത്. ആകാശ് ചോപ്രയുടെ ഐപിഎല്ലിലെ പ്രകടനങ്ങളുടെ ശരാശരിയും സ്‌ട്രൈക്കറേറ്റും കാണിച്ചാണ് ജിമ്മിയുടെ പരിഹാസം.

ധോണിയെപ്പേടിച്ച് വൈഡ് വിളിക്കാതെ അംപയര്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-സിഎസ്‌കെ മത്സരത്തില്‍ വൈഡ് പോയ പന്ത് ധോണിയുടെ ദേഷ്യം കണ്ട് വൈഡ് വിളിക്കാതിരുന്ന അംപയര്‍ പോള്‍ റൈഫലും വിവാദത്തില്‍ പെട്ടു. റാഷിദ് ഖാന്‍ ബാറ്റ് ചെയ്യവെ ശര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ പന്ത് വൈഡ് ലൈനിനും പുറത്താണെന്ന് വ്യക്തമായിരുന്നു. പോള്‍ വൈഡ് വിളിക്കുന്നതിനായി കൈ ഉയര്‍ത്തിയെങ്കിലും ധോണിയുടെ ദേഷ്യത്തോടെയുള്ള മുഖഭാവം കണ്ട് വൈഡ് വിളിക്കാതിരിക്കുകയായിരുന്നു.

ഷോര്‍ട്ട് റണ്‍ വിവാദം
വീണ്ടും അംപയറെ പ്രതിക്കൂട്ടിലാക്കുന്ന സംഭവം ഉണ്ടായി. പഞ്ചാബ്-ഡല്‍ഹി മത്സരത്തില്‍ അംപയര്‍ നിധിന്‍ മേനോന് പറ്റിയ പിഴവാണ് വിവാദം സൃഷ്ടിച്ചത്. പഞ്ചാബിന്റെ ക്രിസ് ജോര്‍ദാന്റെ ബാറ്റ് ക്രീസില്‍ തൊട്ടിരുന്നെങ്കിലും രണ്ട് റണ്‍സ് നല്‍കാതെ ഷോര്‍ട്ട് റണ്‍സിന്റെ പേരില്‍ ഒരു റണ്‍സ് മാത്രമാണ് നല്‍കിയത്. ബാറ്റ് ക്രീസ് കടന്നെന്ന് റിപ്ലേയില്‍ വ്യക്തമായിരുന്നു. എന്നിട്ടും അംപയര്‍ രണ്ട് റണ്‍സ് നല്‍കാത്തതാണ് വിവാദത്തിന് കാരണമായത്.


Click it and Unblock the Notifications











