ദുബായ്: ഏറെ വെല്ലുവിളികള്‍ക്കിടയില്‍ മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി വിജയകരമായി പൂര്‍ത്തിയാവുകയാണ്. ആവേശ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് അഞ്ചാം കിരീടം അലമാരയിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 എന്ന ചെറിയ സ്‌കോറിലേക്ക് തളച്ചിടാന്‍ മുംബൈ ബൗളര്‍മാര്‍ക്ക് സാധിച്ചപ്പോള്‍ 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കി. കോവിഡ് മഹാമാരിക്കിടെ ഏറെ പ്രതിസന്ധികള്‍ക്കിടയിലൂടെ നടന്ന ഐപിഎല്ലിന്റെ കലാശപ്പോരാട്ടം കാണാന്‍ മലയാള സിനിമാ താരം മോഹന്‍ലാലും ദുബായ് സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ കലാശപ്പോരാട്ടത്തിന്റെ ആവേശത്തെക്കുറിച്ച് മോഹന്‍ലാല്‍ തന്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്.
കാണികളില്ലാതെ മത്സരം കാണേണ്ടി വന്നത് വ്യത്യസ്തമായൊരു അനുഭവമായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. പല സ്റ്റേഡിയങ്ങളിലും ഫുട്‌ബോളും റഗ്ബിയുമടക്കം നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു കളിയനുഭവം തികച്ചും വ്യത്യസ്തമാണെന്നാണ് അദ്ദേഹം പറഞ്ഞത്. സ്റ്റേഡിയത്തിലെ കാണികളുടെ ആവേശമാണ് ആദ്യ തലക്ക് പിടിക്കുന്ന ലഹരി. എന്നാല്‍ ദുബായ് സ്റ്റേഡിയത്തില്‍ ആളും ആരവുമില്ലാതെ കളികാണാനിരിക്കുമ്പോള്‍ ഒരു സവിശേഷമായ അനുഭവമാണത്. അത് നേരില്‍കാണുന്നത് വല്ലാത്ത അനുഭവമാണ്. ഡല്‍ഹിയുടെ ആദ്യം വിക്കറ്റ് ആദ്യ പന്തില്‍ത്തന്നെ നഷ്ടമായതോടെ ശരിക്കും ഞെട്ടി. കാരണം സ്റ്റേഡിയത്തിലെങ്ങും നിശബ്ദത ആയിരുന്നു. മുമ്പായിരുന്നെങ്കില്‍ ആവേശം കൊണ്ട് ഗാലറി കുലുങ്ങുമായിരുന്നു. കാണികളില്ലാത്ത സ്റ്റേഡിയത്തിലാണല്ലോ ഇരിക്കുന്നതെന്ന തിരിച്ചറിവ് വല്ലാതെ ഞെട്ടലുണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന അനുഭവമായിരുന്നു ഫൈനലിലേത്. ഓരോ പന്തിലും വലിയ ആവേശം നിറഞ്ഞ് നിന്നിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ കാണികളെ പ്രവേശിപ്പിക്കാതെ ഐപിഎല്‍ നടത്തേണ്ടി വന്നത്. നേരത്തെ ടൂര്‍ണമെന്റിന്റെ പകുതിയില്‍ പകുതി കാണികളെ പ്രവേശിപ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെക്കുകയായിരുന്നു. കാണികളില്ലെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനോഹരമായി ടൂര്‍ണമെന്റ് നടത്താന്‍ ബിസിസിഐക്കായി. വിര്‍ച്വല്‍ സ്‌ക്രീനിലൂടെ ആരാധകര്‍ പ്രത്യക്ഷപ്പെടുന്നതും ഗാലറിയിലെ കാണികളുടെ ശബ്ദം സാങ്കേതിക തികവോടെ അവതരിപ്പിച്ചതും നോബോള്‍ സാങ്കേതിക വിദ്യ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ചതുമെല്ലാം ഇത്തവണത്തെ ഐപിഎല്ലിനെ കൂടുതല്‍ മനോഹരമാക്കി. അടുത്ത വര്‍ഷം പഴയ പോലെ മാര്‍ച്ചിലും ഏപ്രിലുമായി ഐപിഎല്‍ ഇന്ത്യയില്‍ത്തന്നെ നടത്തുമെന്നാണ് നിലവില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരിക്കുന്നത്.