For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മനംമാറ്റിയത് ധോണി, കൊല്‍ക്കത്തയ്ക്ക് എതിരായ ഗെയിം പ്ലാന്‍ വെളിപ്പെടുത്തി ബ്രാവോ

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇതെന്തുപറ്റി? ജയിക്കാവുന്ന മത്സരങ്ങള്‍ പോലും ധോണിയുടെ ചെന്നൈപ്പട തോല്‍ക്കുകയാണ്. ബുധനാഴ്ച്ച അബുദാബിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 167 -ന് തളച്ചപ്പോള്‍ ആരാധകര്‍ കരുതി മറ്റൊരു ജയംകൂടി ചെന്നൈ കൈപ്പിടിയിലാക്കിയെന്ന്. 168 റണ്‍സ് ലക്ഷ്യം വെച്ചിറങ്ങിയ ചെന്നൈ 10 ഓവര്‍ ആയപ്പോഴേക്കും 90 റണ്‍സ് തികച്ചു. 4 ആം ഓവറില്‍ ഡുപ്ലെസി (10 പന്തില്‍ 17) വീണതൊഴിച്ചാല്‍ ഒന്‍പതു വിക്കറ്റുകള്‍ കയ്യില്‍ ഭദ്രം. അനായാസം ജയിക്കാവുന്ന സാഹചര്യം. പക്ഷെ റായുഡുവും (27 പന്തില്‍ 30) ഷെയ്ന്‍ വാട്‌സണും (40 പന്തില്‍ 50) ഓരോ ഓവറിന്റെ ഇടവേളയില്‍ പുറത്തായതോടെ ചെന്നൈ പ്രതിരോധത്തിലായി.

തോൽവി

നായകന്‍ എംഎസ് ധോണി ഇറങ്ങുമ്പോള്‍ ജയിക്കാന്‍ 41 പന്തില്‍ 67 റണ്‍സ് വേണ്ട സാഹചര്യം. പക്ഷെ മുന്‍കാലങ്ങളില്‍ കണ്ടപോലെ ടീമിനെ വിജയതീരത്തുകൊണ്ടുവരാന്‍ ധോണിക്ക് കഴിഞ്ഞില്ല. 17 ആം ഓവറില്‍ ധോണി പുറത്തായി (12 പന്തില്‍ 11). തൊട്ടടുത്ത ഓവറില്‍ സാം കറനും (11 പന്തില്‍ 17) വീണതോടെ ചെന്നൈ അപകടം മണത്തു. നിര്‍ണായക സമയത്ത് കേദാര്‍ ജാദവ് ആക്രമിച്ചു കളിക്കാതിരുന്നത് (12 പന്തില്‍ 7) ചെന്നൈയുടെ തോല്‍വിക്ക് ആക്കം കൂട്ടി.

നിരാശപ്പെടുത്തി

ഒടുവില്‍ ജാദവും ജഡേജയും (8 പന്തില്‍ 21) ക്രീസില്‍ നില്‍ക്കെ പത്തു റണ്‍സിനാണ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ദാരുണമായി തോറ്റത്. ഐപിഎല്ലില്‍ ചെന്നൈയുടെ മറ്റൊരു കറുത്ത അധ്യായമായി ബുധനാഴ്ച്ചത്തെ മത്സരത്തെ കണക്കാക്കാം. ബാറ്റ്‌സ്മാന്മാര്‍ കൂടുതല്‍ പക്വതയും ഉത്തരവാദിത്വവും കാണിക്കണമെന്ന് നായകന്‍ എംഎസ് ധോണി മത്സരശേഷം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ചെന്നൈ ബൗളര്‍മാരുടെ ആത്മവിശ്വാസമാണ് ബാറ്റ്‌സ്മാന്മാര്‍ കെടുത്തുന്നതെന്ന രൂക്ഷ വിമര്‍ശനവും ധോണിയില്‍ നിന്ന് ഉയര്‍ന്നു.

ബൌളർമാർ തിളങ്ങി

എന്തായാലും ചെന്നൈയുടെ ബൗളിങ് യൂണിറ്റ് പ്രതാപകാലത്തേക്ക് ഉയര്‍ന്നെന്ന കാര്യം ടീമിന് ആശ്വാസമേകുന്നു. ദീപക് ചഹറൊഴികെ നിരയില്‍ പന്തെടുത്തവരെല്ലാം വിക്കറ്റുകള്‍ വാരിക്കൂട്ടി. 20 ഓവര്‍കൊണ്ട് കൊല്‍ക്കത്തയുടെ ബാറ്റ്‌സ്മാന്മാരെ മുഴുവന്‍ ഇവര്‍ കെട്ടുകെട്ടിക്കുകയായിരുന്നു. കൂട്ടത്തില്‍ പരിക്കുമാറി തിരിച്ചെത്തിയ ഡ്വെയ്ന്‍ ബ്രാവോയുടെ പ്രകടനം ഏറെ ശ്രദ്ധനേടി.

മൂന്ന് വിക്കറ്റുകൾ

മത്സരത്തില്‍ മൂന്നു വിക്കറ്റുകളുണ്ട് ബ്രാവോയ്ക്ക്. ഡെത്ത് ഓവറുകളില്‍ ബ്രാവോയുടെ തന്ത്രപരമായ ബൗളിങ്ങാണ് കൊല്‍ക്കത്തയ്ക്ക് കടിഞ്ഞാണിട്ടത്. 20 ഓവറില്‍ കേവലം 5 റണ്‍സ് മാത്രമേ ബ്രാവോ വിട്ടുനല്‍കിയുള്ളൂ. ഇതേ ഓവറില്‍ കമലേഷ് നാഗര്‍കോട്ടിയെയും ശിവം മാവിയെയും താരം പറഞ്ഞയച്ചു. കൊല്‍ക്കത്തയുമായുള്ള മത്സരത്തില്‍ 150 ഐപിഎല്‍ വിക്കറ്റുകളെന്ന നാഴികക്കല്ലും ബ്രാവോ പിന്നിട്ടത് കാണാം.

ധോണിയുടെ നിർദ്ദേശം

എന്തായാലും ബുധനാഴ്ച്ചത്തെ മത്സരത്തില്‍ നായകന്‍ ധോണിയുടെ നിര്‍ദ്ദേശങ്ങളാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചതെന്ന് ബ്രാവോ പറയുന്നു. 'റണ്‍സ് വഴങ്ങാതെ പ്രതിരോധത്തില്‍ ഊന്നി പന്തെറിയാനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ ധോണി ആവശ്യപ്പെട്ടത് നേരെ വിപരീതവും. ഹാര്‍ഡ് ലെങ്തില്‍ പന്തെറിയണം. ഒപ്പം പുതിയ ബാറ്റ്‌സ്മാനെ പരമാവധി നേരം സ്‌ട്രൈക്കില്‍ നിലനിര്‍ത്തണം. കളിക്കളത്തില്‍ ധോണിയുടെ അനുഭവപാടവവും നിര്‍ദ്ദേശങ്ങളും ഏതൊരു കളിക്കാരനും ആത്മവിശ്വാസം പകരും. അദ്ദേഹം പറഞ്ഞതുപോലെ ഞാന്‍ പന്തെറിഞ്ഞു. കൊല്‍ക്കത്തയ്ക്ക് എതിരെ ഈ തന്ത്രം വിജയം കാണുകയും ചെയ്തു', ബ്രാവോ പറഞ്ഞു.

ഗെയിം പ്ലാൻ

'അബുദാബിയിലേത് മികച്ച ബാറ്റിങ് പിച്ചാണ്. കാര്യമായ ഗ്രിപ്പ് പിച്ചില്‍ കിട്ടില്ല. മിക്ക ബാറ്റ്‌സ്മാന്മാരും എന്നില്‍ നിന്നും വേഗം കുറഞ്ഞ പന്താണ് പ്രതീക്ഷിക്കാറ്. ഈ അവസരത്തില്‍ യോര്‍ക്കറുകളാണ് ഏറ്റവും മികച്ച ഓപ്ഷന്‍. പരമാവധി സ്റ്റംപില്‍ നിന്നും വിട്ടെറിയണം. ഒപ്പം യോര്‍ക്കറുകള്‍ക്കായി ശ്രമിച്ചുകൊണ്ടിരിക്കണം. ഇതായിരുന്നു ഗെയിം പ്ലാന്‍', ബ്രാവോ വെളിപ്പെടുത്തി. സീസണില്‍ ചെന്നൈയ്ക്കായി ബ്രാവോ കളിക്കുന്ന മൂന്നാമത്തെ മത്സരമായിരുന്നു കൊല്‍ക്കത്തയുമായുള്ളത്. സണ്‍റൈസേഴ്‌സിന് എതിരെയും കിങ്‌സ് ഇലവനെതിരെയും വിക്കറ്റുകള്‍ കണ്ടെത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

Story first published: Thursday, October 8, 2020, 13:35 [IST]
Other articles published on Oct 8, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+