IPL 2020: അവന്റെ ബാറ്റിംഗ് ഓസീസ് ഇതിഹാസത്തെ പോലെ, ടീമിലെ ക്ലാസ് ബാറ്റ്‌സ്മാനെ പറഞ്ഞ് മോറിസ്!!
ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണര്‍ ദേവദത്ത് പടിക്കലിനെ പുകഴ്ത്തി ക്രിസ് മോറിസ്. ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും ഗംഭീര കളിക്കാരനാണ് ദേവദത്തെന്ന് മോറിസ് പറഞ്ഞു. മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം മാത്യു ഹെയ്ഡനെ പോലെയാണ് അദ്ദേഹത്തിന്റെ ബാറ്റിംഗെന്നും മോറിസ് വ്യക്തമാക്കി. ഹെയ്ഡനെ പോലെ വമ്പനൊരു താരമല്ല ദേവദത്ത്. പക്ഷേ തുടക്കം മുതല്‍ ബൗളര്‍മാരുടെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ ദേവദത്തിന് സാധിക്കുന്നുണ്ട്. ഏകദേശം ഹെയ്ഡന്റേത് സമാനമാണ് ദേവദത്തിന്റെ വെടിക്കെട്ട് ബാറ്റിംഗെന്നും മോറിസ് പറഞ്ഞു.

ഈ സീസണില്‍ മൂന്ന് അര്‍ധ സെഞ്ച്വറി നേടിയ ദേവദത്ത് ആര്‍സിബിയുടെ മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പത്ത് മത്സരങ്ങളില്‍ നിന്നായി 321 റണ്‍സാണ് ദേവദത്ത് അടിച്ചെടുത്തത്. കഴിഞ്ഞ തവണ തകര്‍ന്ന് തരിപ്പണമായ ആര്‍സിബിയെ ഇത്തവണ തുടക്കം മുതല്‍ മുന്നോട്ട് നയിക്കുന്നതിന് ദേവത്തിന് വലിയ റോളുണ്ടായിരുന്നു. ബൗളര്‍മാര്‍ക്ക് മേല്‍ തുടക്കം മുതല്‍ ആധിപത്യം നേടുന്ന ദേവദത്തിന്റെ ശൈലി വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ ആരോണ്‍ ഫിഞ്ച് അടക്കമുള്ളവര്‍ ദേവദത്തിന്റെ ബാറ്റിംഗ് ശൈലിയെ പുകഴ്ത്തിയിരുന്നു. ഇത്തവണ ആര്‍സിബിയുടെ കിരീട സാധ്യതയും ദേവദത്തിന്റെ ഫോമിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്.
ദേവദത്ത് ഫിഞ്ചിനൊപ്പം ബാറ്റ് ചെയ്യുന്നത് തന്നെ ഗംഭീരമായ കാര്യമാണ്. ഹെയ്ഡന്റെ പോലെ തന്നെയാണ് ദേവദത്തും ക്രീസില്‍ നില്‍ക്കുന്നത്. ഒരുപക്ഷേ ദേവദത്തിന് ഹെയ്ഡനെ പോലെ വലിയ ശരീരമുണ്ടാവില്ല. ഹെയ്ഡന്റെ നെഞ്ച് വളരെ വീതിയുള്ളതായിരുന്നു. ദേവദത്ത് പക്ഷേ ഹെയ്ഡന്റെ അതേ സാങ്കേതികതയോടെയാണ് കളിക്കുന്നത്. പന്ത് അടിച്ചുപറത്താന്‍ ദേവദത്ത് മിടുക്കനാണ്. ഓരോ ഷോട്ട് കളിക്കുമ്പോഴും ദേവദത്ത് സൈഡിലേക്ക് മാറുന്ന രീതി. ആ ഷോട്ട് കളിക്കുന്ന രീതി. എല്ലാമൊന്ന് ശ്രദ്ധിച്ച് നോക്കൂ. ഗംഭീരമായ ബാറ്റിംഗാണ് അത്. എന്തൊക്കെയോ പ്രത്യേകതകള്‍ ദേവദത്തില്‍ ഉണ്ടെന്നും മോറിസ് പറഞ്ഞു.
അതേസമയം വാഷിംഗ്ടണ്‍ സുന്ദര്‍ നന്നായി പന്തെറിയുന്നുണ്ട്. ആര്‍സിബിയില്‍ അവന്‍ വലിയ വിജയമാണ്. വളരെ സ്‌പെഷ്യലായിട്ടുള്ള കളിക്കാരനാണ് സുന്ദറെന്നും മോറിസ് പറഞ്ഞു. ആര്‍സിബിയിലെ പേസര്‍മാരും നല്ല രീതിയില്‍ പന്തെറിയുന്നുണ്ട്. നവദീപ് സെയ്‌നിയുടെ പേസ് ഞാന്‍ ഡല്‍ഹിയിലാവുമ്പോള്‍ അറിഞ്ഞതാണ്. പക്ഷേ അതിവേഗമാണ് താരം വളര്‍ന്നത്. റോക്കറ്റ് വേഗത്തിലാണ് സെയ്‌നി പന്തെറിയുന്നത്. അത് ശരിക്കും അമ്പരിപ്പിക്കുന്നതാണ്. ഇന്ത്യന്‍ പേസര്‍മാര്‍ ശരിക്കും പന്തെറിയുന്നതില്‍ ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ട്. മുഹമ്മദ് സിറാജും സൂപ്പറായി പന്തെറിഞ്ഞു. സ്റ്റെയിനൊപ്പം അദ്ദേഹം ബൗളിംഗ് മെച്ചപ്പെടുത്താന്‍ നന്നായി ശ്രമിച്ചിരുന്നു. അതാണ് കളിക്കളത്തില്‍ കണ്ടതെന്നും മോറിസ് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications