ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വിജയത്തോടെ തുടങ്ങിയപ്പോള്‍ ഏറ്റവും കൈയടി നേടിയത് യുവതാരം ദേവ്ദത്ത് പടിക്കലായിരുന്നു. മലയാളിയായ ദേവ്ദത്ത് അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് നേടിയെടുത്തത്. 42 പന്തില്‍ എട്ട് ബൗണ്ടറി ഉള്‍പ്പെടെ 56 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ആര്‍സിബി നിരയിലെ ടോപ് സ്‌കോററും ദേവ്ദത്തായിരുന്നു. ആര്‍സിബിക്കൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെ ആര്‍സിബിക്കൊപ്പം ക്രിസ് ഗെയ്‌ലിന്റെയും എബി ഡിവില്ലിയേഴ്‌സിന്റെയും യുവരാജ് സിങ്ങിന്റെയും റെക്കോഡിനൊപ്പമെത്താന്‍ ദേവ്ദത്തിനായി. അരങ്ങേറ്റ മത്സരത്തില്‍ ആര്‍സിബിക്ക് വേണ്ടി 50 ലധികം റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമെന്ന ബഹുമതിയാണ് ദേവ്ദത്ത് നേടിയത്. നേരത്തെ ക്രിസ് ഗെയ്ല്‍,എബി ഡിവില്ലിയേഴ്‌സ്,യുവരാജ് സിങ്,എസ് ഗോസ്വാമി എന്നിവരാണ് ആര്‍സിബിക്കുവേണ്ടി കൂടുതല്‍ റണ്‍സ് നേടിയത്. ആര്‍സിബിക്കൊപ്പം അരങ്ങേറ്റ മത്സരത്തില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്.

2011ല്‍ ബംഗളൂരുവിലെത്തിയ ഗെയ്ല്‍ തന്നെ ഒഴിവാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് സെഞ്ച്വറിയോടെയാണ് പകരം വീട്ടിയത്. മത്സരത്തില്‍ പുറത്താവാതെ 102 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. അരങ്ങേറ്റത്തിലെ ആര്‍സിബി താരങ്ങളിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ ദേവ്ദത്തിന്റെ പേരിലാണ്. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരേ ആര്‍സിബി ജഴ്‌സിയില്‍ അരങ്ങേറിയ എബി ഡിവില്ലിയേഴ്‌സ് പുറത്താവാതെ 54 റണ്‍സാണ് നേടിയത്. 2014ല്‍ ആര്‍സിബി ടീമില്‍ ഡല്‍ഹിക്കെതിരേ അരങ്ങേറിയ യുവരാജ് സിങ് പുറത്താവാതെ 52 റണ്‍സും പ്രഥമ സീസണില്‍ ഡല്‍ഹിക്കെതിരേ എസ് ഗോസ്വാമി 52 റണ്‍സും നേടിയിട്ടുണ്ട്.
ഹൈദരാബാദിനെതിരായ മത്സരത്തിലെ അര്‍ധ സെഞ്ച്വറിയോടെ മറ്റൊരു നേട്ടവും ദേവ്ദത്ത് സ്വന്തം പേരിലാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐപിഎല്‍ അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് ദേവ്ദത്ത്. 2010ല്‍ അമ്പാട്ടി റായിഡുവും കേദാര്‍ ജാദവുമാണ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. പ്രഥമ ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാന്‍ ഗൗതം ഗംഭീര്‍,സ്വപ്‌നില്‍ അസ്‌നോദ്കര്‍,വിദ്യുത്,ശ്രീവത്സ് ഗോസ്വാമി എന്നിവരും അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിനാണ് ബംഗളൂരു പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു ദേവ്ദത്തിന്റെയും (56) എബി ഡിവില്ലിയേഴ്‌സിന്റെയും (51) അര്‍ധ സെഞ്ച്വറി മികവില്‍ 164 റണ്‍സ് വിജയ ലക്ഷ്യം കെകെആറിന് മുന്നില്‍ വെച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന്റെ പോരാട്ടം 19.4 ഓവറില്‍ 153 റണ്‍സില്‍ അവസാനിച്ചു.