IPL 2020: ടൂര്‍ണമെന്റിനിടെ എബിഡി അയച്ച സന്ദേശത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ദേവ്ദത്ത്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ യുവതാരങ്ങളിലൊരാളാണ് മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ആര്‍സിബിക്കൊപ്പം കന്നി ഐപിഎല്ലിനിറങ്ങിയ ദേവ്ദത്ത് അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടിയാണ് വരവറിയിച്ചത്. കൂടാതെ ഈ സീസണിലെ ആര്‍സിബിയുടെ ടോപ് സ്‌കോററാവാനും ദേവ്ദത്തിനായി. 15 മത്സരത്തില്‍ നിന്ന് 473 റണ്‍സാണ് ഈ യുവ ഓപ്പണര്‍ അടിച്ചെടുത്തത്.
ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പുതുമുഖ താരമെന്ന പരിഭവമില്ലാതെയാണ് ദേവ്ദത്ത് ഇത്തവണ അടിച്ച് തകര്‍ത്തത്. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേട്ടത്തിന് ശേഷം ആര്‍സിബിയിലെ സഹതാരവും ഇതിഹാസ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സ് തനിക്കയച്ച സന്ദേശത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദേവ്ദത്ത്.

പ്രകടനത്തിന് അഭിനന്ദനം നേര്‍ന്നുകൊണ്ടുള്ള സന്ദേശമാണ് എബിഡി അയച്ചതെന്നാണ് ദേവ്ദത്ത് പറഞ്ഞത്. 'മുംബൈക്കെതിരായ മത്സരത്തില്‍ 74 റണ്‍സ് നേടിയ ശേഷം ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് എബിഡി അയച്ച ടെസ്റ്റ് മെസേജ് കണ്ടത്. 'ഇതേ പ്രകടനം ആവര്‍ത്തിക്കൂ. വളരെ മനോഹരമായി കളിക്കുന്നുണ്ട്. ഇതേ പ്രകടനം നിലനിര്‍ത്തി ആസ്വദിച്ച് കളിക്കൂ' എന്നായിരുന്നു അദ്ദേഹം അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. എനിക്കത് വളരെ സവിശേഷമായിരുന്നു. കാരണം അദ്ദേഹത്തെപ്പോലൊരു താരത്തില്‍ നിന്നുള്ള പ്രശംസ വളരെ വലിയ അംഗീകാരമായിരുന്നു.
അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യാന്‍ ലഭിച്ച അവസരത്തെ നന്നായി ആസ്വദിച്ചു. കാരണം നമ്മുടെ ജോലി ഭാരത്തെ അദ്ദേഹം വളരെയധികം കുറക്കുന്നു. അദ്ദേഹം ബൗളര്‍മാരെ നേരിടുന്നത് കണ്ട് ഞാന്‍ വളരെയധികം ആസ്വദിച്ചു'-ദേവ്ദത്ത് പറഞ്ഞു. ഇത്തവണത്തെ എമര്‍ജിങ് പ്ലയര്‍ പുരസ്‌കാരം സ്വന്തമാക്കിയ ദേവ്ദത്ത് വരുന്ന സീസണിലും ആര്‍സിബി നിരയിലുണ്ടാവുമെന്നുറപ്പാണ്. ഇതിനോടകം ക്രിക്കറ്റ് പ്രേമികളുടെയും വിദഗ്ധരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ ദേവ്ദത്തിന് സാധിച്ചിട്ടുണ്ട്. വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് അദ്ദേഹം എത്താനുള്ള സാധ്യതയും കൂടുതലാണ്. മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്.
ആഭ്യന്തര മത്സരങ്ങളിലെ പ്രകടനം ഐപിഎല്ലില്‍ തിളങ്ങാന്‍ സഹായിച്ചുവെന്നും ദേവ്ദത്ത് പറഞ്ഞു. ആഭ്യന്തര മത്സരങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിച്ചു.ആഭ്യന്തര മത്സരത്തില്‍ മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാനായി. ഐപിഎല്ലിലെത്തിയപ്പോഴും പ്രതിഭാശാലികളായ നിരവധി സൂപ്പര്‍ താരങ്ങളുണ്ടായിരുന്നു.എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കണമെന്ന് ആഗ്രഹിച്ചുവെന്നും ദേവ്ദത്ത് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications