അബുദാബി: നിര്‍ണായകമായ മത്സരം ജയിച്ചത് ഡല്‍ഹി ക്യാപിറ്റല്‍സാണ്. അവര് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. പ്ലേ ഓഫ് യോഗ്യതയും നേടി. പക്ഷെ കളി തോറ്റ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എങ്ങനെയാണ് പ്ലേ ഓഫില്‍ കടന്നുകയറിയതെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് പലരും. ആറ് വിക്കറ്റ് ജയത്തോടെ നേരിട്ട് ഒന്നാം ക്വാളിഫയറിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് യോഗ്യത നേടിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സുമായി ഡല്‍ഹി കൊമ്പുകോര്‍ക്കും.
മറുഭാഗത്ത് എലിമിനേറ്റര്‍ മത്സരത്തിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടിക്കറ്റ് മുറിച്ചിരിക്കുന്നത്. പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരുമായി കോലിയുടെ ടീം ആദ്യം മത്സരിക്കും. എലിമിനേറ്ററില്‍ തോറ്റാല്‍ പുറത്ത്. ജയിക്കുന്ന ടീം ഒന്നാം ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമുമായി വീണ്ടും മത്സരിക്കും. ഒന്നാം ക്വാളിഫയറില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തും. ഇതാണ് മുന്നോട്ടുള്ള ടൂര്‍ണമെന്റ് ചിത്രം. ഇനി പഴയ ചോദ്യം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാം. തോറ്റിട്ടും ബാംഗ്ലൂര്‍ എങ്ങനെ പ്ലേ ഓഫില്‍ കയറി?

കണക്കിന്റെ കളിയിലാണ് ബാംഗ്ലൂര് രക്ഷപ്പെട്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെക്കാളും ഉയര്‍ന്ന റണ്‍ നിരക്ക് മുറുക്കെപ്പിടിക്കാന്‍ വിരാട് കോലിക്കും സംഘത്തിനും കഴിഞ്ഞു. മത്സരം 17.3 ഓവറിനകം ഡല്‍ഹി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ബാംഗ്ലൂര്‍ പുറത്തായേനെ. എന്നാല്‍ 6 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഡല്‍ഹിയുടെ ജയം. ഇതോടെ 14 മത്സരങ്ങളില്‍ 7 വീതം ജയവും തോല്‍വിയുമുള്ള ബാംഗ്ലൂര്‍ -0.172 റണ്‍ നിരക്ക് കുറിച്ചു. കൊല്‍ക്കത്തയ്ക്കും 7 വീതം ജയവും തോല്‍വിയുമുണ്ട്. എന്നാല്‍ റണ്‍ നിരക്കിന്റെ കാര്യത്തില്‍ പിന്നില്‍പ്പോയി. നിലവില്‍ -0.214 എന്ന നിലയ്ക്കാണ് കൊല്‍ക്കത്തയുടെ റണ്‍ നിരക്ക് തുടരുന്നത്. ഇനി ചൊവാഴ്ച്ചത്തെ മത്സരത്തില്‍ ആര് ജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കൊല്‍ക്കത്തയുടെ ഭാവി. ഹൈദരാബാദാണ് ജയിക്കുന്നതെങ്കില്‍ അവര്‍ മൂന്നാം സ്ഥാനത്തെത്തും. മുംബൈയാണ് ജയിക്കുന്നതെങ്കില്‍ കൊല്‍ക്കത്ത നാലാം സ്ഥാനക്കാരാകും.
നിലവില്‍ +0.544 എന്ന നിലയ്ക്കാണ് ഹൈദരാബാദിന്റെ റണ്‍ നിരക്ക്. അതായത് കേവലം ജയം മാത്രം മതി ഹൈദരബാദിന്. കണക്കിന്റെ കളിയില്‍ തലപുകയ്‌ക്കേണ്ടതില്ല. നിലവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്താന്‍ റോയല്‍സ് ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിട്ടുണ്ട്. വ്യാഴാഴ്ച്ചയാണ് മുംബൈയും ഡല്‍ഹിയും തമ്മിലെ ആദ്യ ക്വാളിഫയര്‍ മത്സരം. വെള്ളിയാഴ്ച്ച ആര്‍സിബിയുടെ എലിമിനേറ്റര്‍ മത്സരം നടക്കും. അടുത്ത ചൊവാഴ്ച്ച ദുബായില്‍ വെച്ചാണ് ഫൈനല്‍.