IPL 2020: ഡല്‍ഹി X ഹൈദരാബാദ്- അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ. ആദ്യ രണ്ട് മത്സരവും വിജയിച്ച ഡല്‍ഹി മിന്നും ഫോമിലെത്തുമ്പോള്‍ ആദ്യ രണ്ട് മത്സരവും പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് ഹൈദരാബാദ് എത്തുന്നത്. ഇത്തവണ ഏറ്റവും സംതുലിതമായ ടീമുകളിലൊന്നാണ് ഡല്‍ഹി. കിരീട സാധ്യത കല്‍പ്പിക്കുന്നവരിലെ മുന്‍നിരക്കാരായ ഡല്‍ഹി ഡേവിഡ് വാര്‍ണറുടെ ഹൈദരാബാദിനെ നേരിടുമ്പോള്‍ ആരാധകര്‍ അറിഞ്ഞിരിക്കേണ്ട ചില കളിക്കണക്കുകള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
ഇരു ടീമും തമ്മിലുള്ള മുഖാമുഖം പോരാട്ടങ്ങളില്‍ ആധിപത്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ്. ഇതുവരെ 15 തവണ ഏറ്റുമുട്ടിയപ്പോള്‍ 9 തവണയും ജയം ഹൈദരാബാദ് സ്വന്തമാക്കിയപ്പോള്‍ 6 തവണ ഡല്‍ഹി ക്യാപിറ്റല്‍സും ജയം സ്വന്തമാക്കി. 2014ല്‍ യുഎഇയില്‍ ഒരു മത്സരത്തില്‍ ഇരുവരും പോരടിച്ചിരുന്നു. അതില്‍ ഡല്‍ഹിയെ ഹൈദരാബാദ് കീഴടക്കിയിരുന്നു. എന്നാല്‍ പഴയ ടീമില്‍ ഏറെ മാറ്റമുള്ള യുവ ഡല്‍ഹിയെ വീഴ്ത്താന്‍ ഈ കളിക്കണക്കുകള്‍ ഹൈദരാബാദിനെ സഹായിക്കില്ല.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
നിലവിലെ ഡല്‍ഹി താരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൂടുതല്‍ റണ്‍സെന്ന ബഹുമതി റിഷഭ് പന്തിന്റെ പേരിലാണ്. 328 റണ്‍സാണ് റിഷഭ് നേടിയിട്ടുള്ളത്. ഡല്‍ഹിക്കെതിരേ കൂടുതല്‍ റണ്‍സ് നേടിയ ഹൈദരാബാദ് താരം നായകന്‍ ഡേവിഡ് വാര്‍ണറാണ് (329). ഡല്‍ഹി നിരയില്‍ ഹൈദരാബാദിനെതിരേ കൂടുതല്‍ വിക്കറ്റ് അമിത് മിശ്രയുടെ പേരിലാണ് (6). ഹൈദരാബാദിനുവേണ്ടി കൂടുതല്‍ വിക്കറ്റ് ഭുവനേശ്വര്‍ കുമാറിന്റെ (11) പേരിലാണ്. എന്നാല്‍ ഈ സീസണില്‍ ഇതുവരെ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ ഭുവിക്കായിട്ടില്ല. പരിക്കിന് ശേഷമുള്ള താരത്തിന്റെ മടങ്ങിവരവാണിത്. കൂടുതല്‍ ക്യാച്ച് നേടിയ ഡല്‍ഹി താരം ശ്രേയസ് അയ്യരും (5) ഹൈദരാബാദ് താരം (6) ഡേവിഡ് വാര്‍ണറുമാണ്. ഹൈദരാബാദിനെതിരേ ഡല്‍ഹിയുടെ ശരാശരി ടീം സ്‌കോര്‍ 154 റണ്‍സും ഹൈദരാബാദിന്റെ ശരാശരി ടീം സ്‌കോര്‍ 146 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ഡല്‍ഹിയുടെ റിഷഭ് പന്തിനെ കാത്ത് രണ്ട് നേട്ടങ്ങളാണുള്ളത്. ഇന്ന് മൂന്ന് പേരെ പുറത്താക്കിയാല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ 50 പുറത്താക്കല്‍ ക്ലബ്ബില്‍ ഇടം പിടിക്കാന്‍ റിഷഭിന് സാധിക്കും. 6 സിക്‌സുകൂടി നേടിയാല്‍ 100 ഐപിഎല്‍ സിക്‌സ് സ്വന്തമാക്കാനും റിഷഭിന് സാധിക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഇന്ന് 72 റണ്‍സ് നേടിയാല്‍ 3000 ക്ലബ്ബില്‍ ഇടം പിടിക്കാന്‍ മനീഷ് പാണ്ഡെയ്ക്ക് സാധിക്കും. ഡല്‍ഹിയുടെ ശിഖര്‍ ധവാനെയും കാത്ത് ചില നേട്ടങ്ങളുണ്ട്. 100 സിക്‌സ് നേട്ടത്തിലെത്താന്‍ മൂന്ന് സിക്‌സുകളാണ് ധവാന് വേണ്ടത്. കൂടാതെ 104 റണ്‍സ്‌കൂടി നേടിയാല്‍ ഐപിഎല്ലില്‍ ഡല്‍ഹിക്കുവേണ്ടി 1000 ഐപിഎല്‍ റണ്‍സ് എന്ന നേട്ടം സ്വന്തമാക്കാനും ധവാനാകും. ഹൈദരാബാദിന്റെ സിദ്ധാര്‍ത്ഥ് കൗള്‍ ഒര് വിക്കറ്റ് കൂടി നേടിയാല്‍ 50 ഐപിഎല്‍ വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ താരത്തിനാവും.

ഇഞ്ചുറി അപ്‌ഡേറ്റ്
ഡല്‍ഹി നിരയില്‍ പരിക്കേറ്റ് ആര്‍ അശ്വിനും പേസര്‍ ഇഷാന്ത് ശര്‍മക്കും പരിക്ക് ഭേദമാവാത്തതിനാല്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ സാധിക്കില്ലെന്നാണ് വിവരം. അശ്വിന് ഫീല്‍ഡ് ചെയ്യുന്നതിനിടെ കൈക്ക് പരിക്കേറ്റപ്പോള്‍ ഇഷാന്തിന് നെറ്റ്‌സില്‍ പരിശീലനത്തിനിടെയാണ് പരിക്ക് പിടികൂടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications