ദുബായ്: നാല് തോല്‍വികള്‍ക്ക് ശേഷം ഒരു ജയം നേടി പ്ലേഓഫിലെത്താന്‍ സാധിച്ചത് വലിയ സന്തോഷം തരുന്നതാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. അതിലേറെ വലിയ കാര്യം ടീമിന് രണ്ടാം സ്ഥാനം സ്വന്തമാക്കാന്‍ സാധിച്ചതാണെന്നും അയ്യര്‍ പറഞ്ഞു. ബാംഗ്ലൂരിനെതിരെയുള്ള ജയം വളരെ പ്രധാനമായിരുന്നു. ഞങ്ങള്‍ നന്നായി തന്നെ കളിച്ച് ജയം സ്വന്തമാക്കി. അതുകൊണ്ട് തന്നെ ടീം സന്തോഷത്തിലാണ്. ഞങ്ങള്‍ കളിച്ച രീതി വളരെ ആധികാരികമായിരുന്നു. ഇത്തരം പ്രകടനങ്ങളാണ് ടീമിന് വേണ്ടത്. പ്ലേഓഫിലെ ആദ്യ രണ്ട് ടീമായി മാറാന്‍ സാധിച്ചത് വലിയ കാര്യമാണെന്നും ശ്രേയസ് പറഞ്ഞു.

ടീമിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് കളത്തില്‍ കണ്ടത്. എല്ലാ വിഭാഗവും നന്നായി തന്നെ കളിച്ചു. കളിക്കാര്‍ അതിന് അനുസരിച്ച് ഉയര്‍ന്ന് വന്നു. അവരുടെ പ്രകടനത്തില്‍ തീര്‍ച്ചയായും ഞാന്‍ സന്തോഷവാനാണ്. ടീമിന് ആവശ്യമായ സമയത്ത് അവര്‍ ഫോമിലേക്ക് എത്തി. അത് ടീമിനെ ജയിപ്പിക്കുന്നതിലേക്ക് എത്തിച്ചുവെന്നും ശ്രേയസ് വ്യക്തമാക്കി. നിങ്ങള്‍ തുടര്‍ച്ചയായി നാല് കളി തോറ്റത് കൊണ്ട്, രണ്ടാം സ്ഥാനം ലഭിച്ചത് വളരെ നല്ലതായി തോന്നുന്നു. ടീമിന് ഉയര്‍ച്ചകളും താഴ്ച്ചകളും ഈ ടൂര്‍ണമെന്റില്‍ ഉണ്ടായിട്ടുണ്ട്. ഐപിഎല്‍ എന്നാല്‍ ഏതൊരു ടീമിനും അങ്ങനെയാണ്. ജയവും തോല്‍വികളും ഇത്തരത്തില്‍ ഉണ്ടാവാമെന്നും ശ്രേയസ് പറഞ്ഞു.
അജിന്‍ക്യ രഹാനെയ്ക്ക് ഐപിഎല്ലില്‍ ഒരുപാട് പരിചയസമ്പത്തുണ്ട്. അദ്ദേഹം കളിച്ച ഇന്നിംഗ്‌സ് മനോഹരമായിരുന്നു. മോശം പന്തുകള്‍ എന്താണെന്ന് തിരിച്ചറിഞ്ഞാണ് രഹാനെ കളിച്ചത്. നല്ല രീതിയില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാനും രഹാനെയക്ക് സാധിച്ചു. സിംഗിള്‍സുകളും ഡബിള്‍സുകളും നന്നായി തന്നെ വന്നു. രഹാനെ ഇന്നിംഗ്‌സ് ഉണ്ടാക്കിയത് നല്ല രീതിയിലാണ്. അത് നല്ല ഉദാഹരണവുമാണ്. ടീമിന് ആവശ്യമുള്ള സമയത്ത് കരുത്ത് തെളിയിക്കാന്‍ രഹാനെയ്ക്ക് സാധിച്ചു. മുന്നിലുള്ളത് വളരെ പ്രധാനപ്പെട്ട മത്സരങ്ങളാണ് രഹാനെ അതിലെല്ലാം നിര്‍ണായക പങ്കുവഹിക്കുമെന്ന് തനിക്ക് പറയാന്‍ സാധിക്കുമെന്നും ശ്രേയസ് അയ്യര്‍ വ്യക്തമാക്കി.
മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റിലെ ബെസ്റ്റ് ടീമുകളിലൊന്നാണ്. പക്ഷേ ഞങ്ങളും ഭയമില്ലാത്ത ടീമാണ്. ആരുടെ ഭാഗത്താണ് ഭാഗ്യമുള്ളത് എന്നത് ആ ദിവസത്തെ അപേക്ഷിച്ചുള്ള കാര്യമാണ്. പ്ലേഓഫില്‍ അവര്‍ നല്ല പരിചയസമ്പത്തുള്ളവരാണ്. സമ്മര്‍ഘട്ടങ്ങളില്‍ നന്നായി കളിക്കുകയാണ് പ്രധാനം. അതേസമയം കഗിസോ റബാദയും ആന്റിച്ച് നോര്‍ട്ടെയും പന്തെറിയുന്നത് മനോഹരമായിട്ടാണ്. ഇവര്‍ സ്വന്തം പ്ലാനുമായി പന്തെറിയാന്‍ വരുന്നത്, എനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. അതിനനുസരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്യുക എളുപ്പമുള്ള കാര്യമാണ്. അവര്‍ പറയുന്നത് പോലെ തന്നെയുള്ള കൃത്യമായ പന്തുകളാണ് എപ്പോഴും എറിയാറുള്ളതെന്നും ശ്രേയസ് പറഞ്ഞു.