അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍നിരയിലാണ് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ്. മികച്ച യുവതാരനിരയും സീനിയര്‍ താരനിരയുമുള്ള ഡല്‍ഹി എന്തുകൊണ്ടും കിരീടം അര്‍ഹിക്കുകയും ചെയ്യുന്നുണ്ട്. യുവ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരാണ് ഡല്‍ഹിയെ നയിക്കുന്നത്. ഡല്‍ഹിയുടെ നായകനെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ ശ്രേയസ് അതിന് കാരണം രണ്ട് പേരാണെന്നും ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനായ റിക്കി പോണ്ടിങ്ങും സൗരവ് ഗാംഗുലിയുമാണ് തനിക്ക് കരുത്തായതെന്നാണ് ശ്രേയസ് പറയുന്നത്.
'അവസാന വര്‍ഷവും വളരെ ആത്മവിശ്വാസം ഉണ്ടായിരുന്നു. അതിന് കാരണം സൗരവ് ഗാംഗുലി,റിക്കി പോണ്ടിങ് എന്നിവര്‍ ടീമിന്റെ ഭാഗമായിരുന്നുവെന്നതാണ്. അവര്‍ എന്റെ ജോലി ലളിതമാക്കി. ഇത്തവണ താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും വളരെ അഭിമാനവും ഉത്തരവാദിത്തവും ഉണ്ട്. ഇത്തരമൊരു മികച്ച ടീമിന്റെ നായകനാവുകയെന്നത് ആത്മവിശ്വാസം കൂട്ടുകയും ഈ സ്ഥാനത്ത് ആധിപത്യം സ്ഥാപിക്കാനും സഹായിക്കും'-ശ്രേയസ് അയ്യര്‍ പറഞ്ഞു.

ഇത്തവണ സീനിയര്‍ താരങ്ങളുടെ വലിയ നിര ഡല്‍ഹിക്കുണ്ട്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിന്‍ക്യ രഹാനെയും അവസാന സീസണിലെ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിനും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമാണ്. സീനിയര്‍ താരങ്ങളുടെ സാന്നിധ്യം കരുത്ത് പകരുമെന്നാണ് ശ്രേയസ് പറഞ്ഞത്. 'ഇത്തവണ മികച്ച സീനിയര്‍ താരങ്ങള്‍ ഒപ്പമുണ്ട്. എന്റെ തീരുമാനങ്ങള്‍ക്ക് എതിരായി അവര്‍ ഒരിക്കലും പോകില്ല. കാരണം ഞാന്‍ ക്യാപ്റ്റനെന്ന നിലയില്‍ ചെറുപ്പമാണെന്ന് അവര്‍ക്കറിയാം. അവരുടെ പിന്തുണ വളരെ പ്രധാനപ്പെട്ടതാണ്. അവരുടെ അനുഭവസമ്പത്ത് എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം അവരോടൊപ്പമാണ് എനിക്ക് മുന്നോട്ടുപോകേണ്ടത്. അവരോട് അഭിപ്രായവും ഉപദേശവും ചോദിക്കും'-ശ്രേയസ് പറഞ്ഞു.
ശിഖര്‍ ധവാന്‍,പൃത്ഥ്വി ഷാ,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,ഷിംറോന്‍ ഹെറ്റ്‌മെയര്‍,മാര്‍ക്കസ് സ്‌റ്റോയിനിസ്, എന്നിവരാണ് ശ്രേയസിനൊപ്പം ബാറ്റിങ് നിരയിലെ പ്രധാനികള്‍. സ്പിന്നിനെ തുണയ്ക്കുന്ന മൈതാനത്ത് അമിത് മിശ്ര,ആര്‍ അശ്വിന്‍,അക്‌സര്‍ പട്ടേല്‍ എന്നീ സീനിയര്‍ താരങ്ങളോടൊപ്പം സന്ദീപ് ലാമിച്ചാനെയുമുണ്ട്. പേസര്‍മാരായി കഗിസോ റബാദ,ഇഷാന്ത് ശര്‍മ,മോഹിത് ശര്‍മ,ആന്റിച്ച് നോര്‍ജെ എന്നിവരാണ് ടീമിലുള്ളത്. പരിശീലനത്തില്‍ എല്ലാ താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തത് ഡല്‍ഹിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.