ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കാഴ്ചവെക്കുന്നത്. എട്ട് മത്സരത്തില്‍ ആറിലും ജയിച്ച അവര്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഡല്‍ഹി പരാജയപ്പെടുത്തിയപ്പോള്‍ ശ്രദ്ധേയമായത് പേസ് ബൗളര്‍മാരുടെ പ്രകടനമായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരാള്‍ ആന്റിച്ച് നോര്‍ജയും.
നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് നോര്‍ജെ വീഴ്ത്തിയത്. അതിലുപരിയായി ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തും രാജസ്ഥാനെതിരായ മത്സരത്തിലൂടെ ആന്റിച്ച് നോര്‍ജ സ്വന്തമാക്കി. മണിക്കൂറില്‍ 156.22 ശരാശരിയിലാണ് നോര്‍ജെ പന്തെറിഞ്ഞത്. ആദ്യ ഓവറില്‍ ജോസ് ബട്‌ലര്‍ക്കെതിരേ തുടര്‍ച്ചയായി വേഗത്തില്‍ പന്തെറിഞ്ഞ നോര്‍ജെ തല്ലുവാങ്ങിയെങ്കിലും ഓവറിലെ അവസാന പന്തില്‍ ബട്‌ലറെ ക്ലീന്‍ബൗള്‍ഡ് ചെയ്യാന്‍ നോര്‍ജെക്കായി. ഇപ്പോഴിതാ തന്റെ വേഗതയുടെ രഹസ്യമെന്തെന്ന് നോര്‍ജെ വ്യക്തമാക്കിയിരിക്കുകയാണ്.

'ഐപിഎല്ലിലെ വേഗമേറിയ പന്തെറിയണം എന്നാലോചിച്ച് ചെയ്തതല്ല. വേഗം വര്‍ധിപ്പിക്കാന്‍ തുടര്‍ച്ചയായി ഞാന്‍ പരിശ്രമിക്കുന്നുണ്ട്. കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ഇതിനായി അധ്വാനിക്കുന്നു.ബട്‌ലറുമായുള്ള പോരാട്ടം മനോഹരമായിരുന്നു. സ്‌കൂപ് ഷോട്ടുകള്‍ ബട്‌ലര്‍ കളിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ആദ്യ പന്തില്‍ത്തന്നെ അങ്ങനെ കളിക്കുമെന്ന് കരുതിയില്ല. വീണ്ടും സ്‌കൂപ് ഷോട്ട് കളിക്കുമെന്ന് ഞാന്‍ ചിന്തിച്ചില്ല. എന്നാല്‍ അടുത്ത പന്തില്‍ വീണ്ടും അവന്‍ സ്‌കൂപ് ഷോട്ട് കളിച്ചു. മനോഹരമായി അവന്‍ കളിച്ചു. എന്നാല്‍ എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു.
പന്തില്‍ വരുത്തിയ വ്യതിയാനം കൃത്യമായി ഫലം കണ്ടു'-നോര്‍ജെ പറഞ്ഞു. ഈ സീസണില്‍ മികച്ച ബൗളിങ് നോര്‍ജെ പുറത്തെടുക്കുന്നുണ്ട്. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ തിളങ്ങാന്‍ നോര്‍ജെയ്ക്ക് സാധിക്കുന്നുണ്ട്. എട്ട് മത്സരത്തില്‍ നിന്നും 10 വിക്കറ്റാണ് നോര്‍ജെ സ്വന്തമാക്കിയത്. 18 വിക്കറ്റ് വീഴ്ത്തിയ ഡല്‍ഹിയുടെ റബാദയാണ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്.
പ്ലേ ഓഫില്‍ കടക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍നിരയിലാണ്. ഇതിനോടകം ആറ് മത്സരം വിജയിച്ച ഡല്‍ഹിക്ക് പരിക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. റിഷഭ് പന്തിന് പരിക്കേറ്റതിനാല്‍ ഇനിയും എട്ട് ദിവസത്തോളം അദ്ദേഹത്തിന് നഷ്ടമാകും. രാജസ്ഥാനെതിരായ മത്സരത്തിനിടെ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.