അബൂദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കെ പുതിയ ബൗളിങ് പരിശീലകനെ നിയമിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. മുന്‍ ഓസീസ് പേസര്‍ റയാന്‍ ഹാരിസാണ് പുതിയ സീസണില്‍ ഡല്‍ഹിക്ക് ബൗളിങ് തന്ത്രമോതുക. മുന്‍ ബൗളിങ് പരിശീലകന്‍ ജെയിംസ് ഹോപ്‌സ് വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് ഈ സീസണിലെ ഐപിഎല്ലില്‍ നിന്ന് വിട്ടുനിന്നതോടെയാണ് റയാന്‍ ഹാരിസിനെ തല്‍സ്ഥാനത്തേക്കെത്തിച്ചത്. ഓസ്‌ട്രേലിയക്കുവേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള റയാന്‍ ഐപിഎല്ലില്‍ കളിച്ചും പരിചയസമ്പന്നനാണ്.
'ഐപിഎല്ലിലേക്ക് തിരിച്ചുവരാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവാനാണ്. ഫ്രാഞ്ചൈസിക്ക് ഐപിഎല്‍ നേടിക്കൊടുക്കുവാനുള്ള വലിയൊരു അവസരമാണ് ലഭിച്ചിരിക്കുന്നത്. മികച്ച ബൗളര്‍മാരുള്ള ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കാനാവുന്നില്ല'- റയാന്‍ ഹാരിസ് പറഞ്ഞു. ഇത്തവണയും മികച്ച പേസ് നിരയുമായാണ് ഡല്‍ഹിയുടെ വരവ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയ്ക്കും ആന്റിച്ച് നോര്‍ജെയ്ക്കുമൊപ്പം ഇന്ത്യയുടെ ഇഷാന്ത് ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ കീമോ പോള്‍ എന്നിവരാണ് പേസ്‌നിരയിലുള്ളത്. അമിത് മിശ്ര, ലാമിച്ചാനെ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവരാണ് പ്രധാന സ്പിന്നര്‍മാര്‍. റിക്കി പോണ്ടിങ്, മുഹമ്മദ് കൈഫ്, സാമുവല്‍ ബദ്രി, വിജയ് ദാഹിയ തുടങ്ങിയ മികച്ച പരിശീലക സംഘമാണ് ഡല്‍ഹിക്കുള്ളത്. ഇതിനോടൊപ്പമാണ് 40കാരനായ റയാന്റെ വരവ്.

ഓസ്‌ട്രേലിയക്കുവേണ്ടി 27 ടെസ്റ്റില്‍ നിന്ന് 113 വിക്കറ്റുകളും 21 ഏകദിനത്തില്‍ നിന്ന് 44 വിക്കറ്റും 3 ടി20യില്‍ നിന്ന് 4 വിക്കറ്റുമാണ് റയാന്‍ ഹാരിസ് നേടിയിട്ടുള്ളത്. 37 ഐപിഎല്ലില്‍ നിന്നായി 45 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്‌സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കുവേണ്ടിയാണ് അദ്ദേഹം ഐപിഎല്ലില്‍ കളിച്ചത്. എന്തായാലും റയാന്റെ സാന്നിധ്യം ഡല്‍ഹിക്ക് കരുത്താവുമെന്ന് തന്നെ പ്രതീക്ഷിക്കാം. സെപ്റ്റംബര്‍ 19നാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. യുഎഇയാണ് ഇത്തവണത്തെ വേദി. നിലവില്‍ ടീമുകളെല്ലാം യുഎഇയിലെത്തി ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. 53 ദിവസം നീണ്ട് നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാവും ഉണ്ടാവുക. മികച്ച യുവ ബാറ്റിങ് നിരയുള്ള ഡല്‍ഹി ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ നായകന്‍. റിഷഭ് പന്ത്, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ഷിംറോന്‍ ഹെറ്റ്‌മെയര്‍, പൃത്ഥ്വി ഷാ, ജേസണ്‍ റോയി തുടങ്ങിയവരാണ് ബാറ്റിങ് നിരയുടെ ശക്തി.