IPL 2020: രഹാനെ കേവലം കാഴ്ച്ചക്കാരനാകുമ്പോള്‍, 'ഒഴിവാക്കുമോ' ഡല്‍ഹി? — ഉത്തരം ഇങ്ങനെ
2020 ഐപിഎല്‍ സീസണില്‍ സ്വപ്‌നത്തുടക്കമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയിരിക്കുന്നത്. കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലും ജയിച്ച ഡല്‍ഹി മുംബൈ ഇന്ത്യന്‍സിന് തൊട്ടുതാഴെ രണ്ടാമതാണ്. വലിയ താരനിരയൊന്നും ഡല്‍ഹിക്കില്ല. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ ബാറ്റിങ് നിരയില്‍ കാര്യങ്ങള്‍ നോക്കുന്നു. മധ്യനിരയില്‍ മാര്‍ക്കസ് സ്‌റ്റോയിനിസും ഷിമ്രോണ്‍ ഹെറ്റ്മയറും സ്‌കോര്‍ബോര്‍ഡിന് വേഗം കൂട്ടാനുണ്ട്.

ബൗളിങ്ങില്‍ കഗീസോ റബാദയാണ് ടീമിന്റെ കുന്തമുന. വേഗവും വ്യതിയാനവുംകൊണ്ട് എതിരാളികളെ അമ്പരപ്പിക്കാന്‍ ആന്റിച്ച് നോര്‍ജെയ്ക്കും സാധിക്കുന്നു. രവിചന്ദ്രന്‍ അശ്വിനാണ് സ്പിന്നാക്രമണത്തിന്റെ ചുമതല. അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ കൂടി ടീമിനൊപ്പം ചേരുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേയിങ് ഇലവന്‍ പൂര്‍ണം. ഈ അവസരത്തില്‍ മറ്റൊരു പ്രധാന ചോദ്യം ആരാധകര്‍ക്ക് ഫ്രാഞ്ചൈസിയോട് ചോദിക്കാനുണ്ട്. അജിങ്ക്യ രഹാനെയെ എന്തിനാണ് രാജസ്ഥാനില്‍ നിന്നും വാങ്ങിയത്?

ഡല്‍ഹിയുടെ മത്സരങ്ങളിലെല്ലാം രഹാനെ ബെഞ്ചിലിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ പതിവു ഓപ്പണറായിരുന്ന രഹാനെയ്ക്കാണ് ഇപ്പോള്‍ ഈ വിധി. സീസണ്‍ പാതിവഴിനില്‍ക്കെ 'ആവശ്യമില്ലാത്ത' താരങ്ങളെ ട്രാന്‍സ്ഫറിലൂടെ കൈമാറാന്‍ ഫ്രാഞ്ചൈസികള്‍ക്ക് അവസരമുണ്ട്. തുടരെ സൈഡ് ബെഞ്ചിലിരിക്കുന്ന രഹാനെയെ ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിടുമോയെന്നതാണ് ആരാധകരുടെ ആശങ്ക. ഡല്‍ഹിയുടെ പ്ലേയിങ് ഇലവനില്‍ രഹാനെയെ കളിപ്പിക്കാന്‍ ഇടമില്ല; റിക്കി പോണ്ടിങ്ങിനെയും ശ്രേയസ് അയ്യറിനെയും കുഴക്കുന്ന കാര്യമിതാണ്.

ബാറ്റിങ് യൂണിറ്റ് താളത്തില്‍ വന്നുകഴിഞ്ഞു. പൃഥ്വി ഷാ – ശിഖര്‍ ധവാന്‍ സഖ്യം ടീമിന് മികച്ച തുടക്കം ഓരോ മത്സരത്തിലും സമ്മാനിക്കുന്നു. ഈ അവസരത്തില്‍ അനാവശ്യമായി ഓപ്പണിങ് താളം തകര്‍ക്കാന്‍ മാനേജ്‌മെന്റിന് താത്പര്യമില്ല, ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

'കഴിഞ്ഞ രണ്ടു സീസണില്‍ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ പൃഥ്വി ഷാ - ശിഖര്‍ ധവാന് കൂട്ടുകെട്ടിന് കഴിഞ്ഞിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന സീസണിലും ഇവര്‍ പ്രതീക്ഷ നിലനിര്‍ത്തുന്നു. അതുകൊണ്ട് ഡല്‍ഹിയുടെ പ്ലേയിങ് ഇലവനില്‍ കളിക്കാന്‍ രഹാനെയ്ക്ക് ഇനിയും കാത്തുനില്‍ക്കേണ്ടി വരും', ഡല്‍ഹി വക്താവ് സൂചിപ്പിച്ചു. ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ രഹാനെയെ വെയ്ക്കുമോയെന്ന ചോദ്യത്തിനും ഇദ്ദേഹം മറുപടി നല്‍കുന്നുണ്ട്.

'ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അവിഭാജ്യഘടകമാണ് അജിങ്ക്യ രഹാനെ. താരത്തെ ട്രാന്‍സ് വിന്‍ഡോയില്‍ പരിഗണിക്കാനുള്ള ആലോചന ഫ്രാഞ്ചൈസിക്കില്ല', ഡല്‍ഹി വക്താവ് പറഞ്ഞു. മധ്യനിരയില്‍ രഹാനെയ്ക്കുള്ള സാധ്യതയെക്കുറിച്ചും ഇദ്ദേഹം സൂചന നല്‍കുന്നുണ്ട്.
ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ മധ്യനിര ബാറ്റ്‌സ്മാന്മാരുടെ ചുമതലകള്‍ തികച്ചും വ്യത്യസ്തമാണ്. രഹാനെയെ പോലൊരു താരത്തെ മധ്യനിരയില്‍ കളിപ്പിക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയായിരിക്കും. എന്തായാലും തീരുമാനം ടീം മാനേജ്‌മെന്റിന്റേതാണ്. വലിയ കണക്കുകൂട്ടലുകള്‍ക്കും ഗൗരവമേറിയ ആലോചനകള്‍ക്കും ശേഷമാണ് പ്ലേയിങ് ഇലവനില്‍ ആരൊക്കെ വേണമെന്ന തീരുമാനമെടുക്കുന്നതെന്ന് ഡല്‍ഹി വക്താവ് വ്യക്തമാക്കി. വെള്ളിയാഴ്ച്ച ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സുമായാണ് ഡല്‍ഹിയുടെ അടുത്ത മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications