ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആവേശ ജയത്തോടെ ആരംഭിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ സൂപ്പര്‍ ഓവറിനൊടുവിലാണ് ശ്രേയസ് അയ്യരും സംഘവും കീഴടക്കിയത്. മത്സര ജയത്തിന്റെ ആവേശത്തിനിടയിലും ഡല്‍ഹിയെ തളര്‍ത്തിയത് ആര്‍ അശ്വിന്റെ പരിക്കാണ്. മത്സരത്തില്‍ ഒരോവര്‍ മാത്രം ചെയ്ത അശ്വിന്‍ രണ്ട് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
പിന്നാലെ പരിക്കേറ്റ അശ്വിന് കളം വിടേണ്ടി വന്നു. അശ്വിന്റെ പരിക്ക് വെല്ലുവിളിയായതോടെ അടുത്ത മത്സരത്തില്‍ താരത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് അഭ്യൂഹങ്ങളും ഉയര്‍ന്നു. ഇപ്പോഴിതാ അശ്വിന്റെ പരിക്ക് സംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുകയാണ് ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍. അശ്വിന്‍ അടുത്ത മത്സരത്തില്‍ കളിക്കുമെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നാണ് ശ്രേയസ് വ്യക്തമാക്കിയത്. 'ഞാന്‍ അശ്വിനോട് സംസാരിച്ചിരുന്നു. അടുത്ത മത്സരത്തിന് താന്‍ തയ്യാറാണെന്നാണ് അശ്വിന്‍ പറഞ്ഞത്. എന്നാല്‍ അന്തിമ തീരുമാനം ടീം ഫിസിയോയാണ് പറയേണ്ടത്'-മത്സരത്തിന് ശേഷം ശ്രേയസ് അയ്യര്‍ പറഞ്ഞു.

കളിയുടെ ആറാമത്തെ ഓവറിലാണ് അശ്വിന് പരിക്കേറ്റത്. അശ്വിന്‍ എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഷോട്ട് തടുക്കാന്‍ ഡൈവ് ചെയ്തപ്പോഴാണ് അശ്വിന് തിരിച്ചടിയായത്. തെന്നി മൈതാനത്ത് വീണ അശ്വിന്‍ വേദനയെത്തുടര്‍ന്ന് മൈതാനം ഇരുന്നു. പിന്നീട് ഫിസിയോ എത്തി അശ്വിനെ മൈതാനത്തിനേക്ക് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തോളിടിച്ച് വീണ അശ്വിന്റെ തോളെല്ലിന് പരിക്കുണ്ടോയെന്നത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകനായിരുന്ന അശ്വിന്‍ ഈ സീസണിലാണ് ഡല്‍ഹിയിലെത്തിയത്. ടീമിന്റെ നിര്‍ണ്ണായക ഘടകമാണ് അശ്വിന്റെ പരിക്ക് ടീമിനെ സംബന്ധിച്ച് ഗൗരവകരമായ കാര്യമായതിനാലാണ് എല്ലാവര്‍ക്കും ആശങ്ക. മത്സരത്തില്‍ പഞ്ചാബിന്റെ കരുണ്‍ നായരെ പൃത്ഥി ഷായുടെ കൈകളിലെത്തിച്ച അശ്വിന്‍ പഞ്ചാബിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ നിക്കോളാസ് പുരാനെ അക്കൗണ്ട് തുറക്കും മുമ്പെ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബും എട്ട് വിക്കറ്റിന് 157 റണ്‍സെടുത്തു. പിന്നീട് സൂപ്പര്‍ ഓവറില്‍ പഞ്ചാബിനെ ഡല്‍ഹി കീഴടക്കുകയായിരുന്നു. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച മാര്‍ക്കസ് സ്റ്റോയിനിസാണ് കളിയിലെ താരം.