ദുബായ്: ഈ വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിരീടം നേടിയാല്‍ ആരാധകര്‍ക്ക് താന്‍ സര്‍പ്രൈസ് സമ്മാനം നല്‍കുമെന്ന് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ ആ സര്‍പ്രൈസും വാര്‍ണര്‍ പൊളിച്ചു. ടിക് ടോക്കില്‍ വൈറലായ തന്റെ ബുട്ട ബൊമ്മ ഡാന്‍സ് ആരാധകര്‍ക്ക് വീണ്ടും കളിക്കുമെന്ന് വാര്‍ണര്‍ വ്യക്തമാക്കി. അല്ലു അര്‍ജുന്‍ നായകനായ തെലുങ്ക് ചിത്രം അല വൈകുന്തപുരമുലോ എന്ന ചിത്രത്തിലെ ഗാനമാണ് ബുട്ട ബൊമ്മ. നേരത്തെ ഈ ഗാനത്തിന് വാര്‍ണറും ഭാര്യയും ചേര്‍ന്ന് നൃത്തം ചെയ്തിരുന്നു. അല്ലു അര്‍ജുന്റെ ഡാന്‍സ് അനുകരിച്ചായിരുന്നു വാര്‍ണറുടെയും ഡാന്‍സ്. ആരാധകരും സണ്‍റൈസേഴ്‌സ് താരങ്ങളും ഈ ഡാന്‍സിനെ ഏറ്റെടുത്തിരുന്നു.

തനിക്ക് ഇന്ത്യ ഇപ്പോള്‍ രണ്ടാമത്തെ വീട് പോലെയാണ്. ഹൈദരാബാദ് ഐപിഎല്ലിലെ തന്റെ കുടുംബമാണെന്നും വാര്‍ണര്‍ പറഞ്ഞു. എസ്ആര്‍എച്ചിന് വേണ്ടി കളിക്കുമ്പോള്‍ വലിയ അഭിമാനം തോന്നാറുണ്ട്. ടീം മാനേജ്‌മെന്റില്‍ നിന്നും ഉടമകളില്‍ നിന്നും നിന്നും വര്‍ഷങ്ങളായി നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഈ വര്‍ഷം കിരീടം നേടുന്നതാണ് എസ്ആര്‍എച്ചിന് ആരാധകര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. എപ്പോഴും ടീമിനെ പിന്തുണയ്ക്കുന്നവരാണ് അവര്‍. അതുകൊണ്ട് കിരീടം നേടിയാല്‍ എന്റെ ബുട്ട ബൊമ്മ ഡാന്‍സ് ഞാന്‍ ആരാധകര്‍ക്കായി വീണ്ടും നല്‍കും. അവര്‍ക്കത് ആവശ്യമാണെന്നും വാര്‍ണര്‍ വ്യക്തമാക്കി.
ഹൈദരാബാദിന് കളിക്കുക എന്നത് വ്യക്തിപരമായി എനിക്ക് വളരെ വലിയ കാര്യമാണ്. വിലക്ക് വന്നപ്പോള്‍ തീര്‍ച്ചയായും ഒരു സീസണ്‍ നഷ്ടമായിരുന്നു. കൂടുതല്‍ റണ്‍സ് ഐപിഎല്ലില്‍ നേടാനുള്ള അവസരവും നഷ്ടപ്പെട്ടു. തിരിച്ചുവന്നപ്പോള്‍ റണ്‍സ് കൂടുതല്‍ നേടി, ക്രിക്കറ്റ് താരമെന്ന നിലയില്‍ തന്റെ വില കാണിക്കാനാണ് ശ്രമിച്ചത്. ഒരു വര്‍ഷം കളിച്ചിട്ടില്ലെങ്കിലും തന്റെ നിലവാരം ഉയരുകയാണ് ചെയ്തതെന്നും വാര്‍ണര്‍ പറഞ്ഞു. എസ്ആര്‍എച്ച് എന്ന് പറഞ്ഞാല്‍ എനിക്ക് വളരെ വലുതാണ്. ഇത് എന്റെ രണ്ടാമത്തെ വീടാണെന്ന് ഞാന്‍ അഭിമാനത്തോടെ പറയും. ഈ ടീമിന് വേണ്ടി എനിക്ക് ഒരുപാട് ആവേശത്തോടെ കളിക്കാന്‍ സാധിക്കുമെന്നും വാര്‍ണര്‍ പറഞ്ഞു.
ടീമിന്റെ രണ്ടാം വര്‍ഷം മുതല്‍ ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. ടീമിന്റെ എല്ലാ പിന്തുണയും താരലേലത്തില്‍ അടക്കമുണ്ടായിരുന്നു. 2016ല്‍ ടീമിനെ നയിക്കാന്‍ എനിക്ക് സാധിക്കുമെന്ന് അവരാണ് വിശ്വസിപ്പിച്ചത്. കെയ്ന്‍ വില്യംസണും ഭുവനേശ്വര്‍ കുമാറും ടീമില്‍ മുമ്പുണ്ടായിരുന്നെങ്കിലും, ഞാനുണ്ടായിരുന്നില്ല. അതുകൊണ്ട് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത്, എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ഒരുപാട് മുന്നൊരുക്കങ്ങളും പ്ലാനിംഗും കഠിനാധ്വാനവും ടീമിലുണ്ട്. ആരാധകരാണ് ടീമിന്റെ എല്ലാം. അവര്‍ക്ക് വേണ്ടിയാണ് കളിക്കുന്നത്. അതേസമയം വലിയ സമ്മര്‍ദമുള്ള കളിയാണ് ടൂര്‍ണമെന്റില്‍ നടക്കുന്നത്. ആര്‍സിബിക്കെതിരെ സമ്മര്‍ദം എനിക്കുണ്ടായിരുന്നു. പക്ഷേ ചിരിക്കാനാണ് ശ്രമിച്ചതെന്നും വാര്‍ണര്‍ പറഞ്ഞു.