IPL 2020: മുംബൈയുടെ പാണ്ഡ്യ ബ്രദേഴ്‌സിന് ധോണിയുടെ സ്‌നേഹ സമ്മാനം, ഏറ്റെടുത്ത് ആരാധകര്‍

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സിഎസ്‌കെ-മുംബൈ ഇന്ത്യന്‍സ് പോരാട്ടം കാണാന്‍ ആവേശത്തോടെ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തി മുംബൈയുടെ ആധികാരിക വിജയമാണ് ഷാര്‍ജയില്‍ കണ്ടത്. 10 വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് സിഎസ്‌കെയെ നാണംകെടുത്തിയത്. ഇൗ തോല്‍വിയോടെ ഈ സീസണില്‍ ഇനിയൊരു തിരിച്ചുവരവ് സിഎസ്‌കെയ്ക്ക് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

സിഎസ്‌കെയുടെ തോല്‍വികളില്‍ നായകന്‍ എം എസ് ധോണിക്കെതിരേ വിമര്‍ശനം ശക്തമാകുമ്പോഴും ധോണി മറ്റ് താരങ്ങള്‍ക്ക് രാജാവ് തന്നെയാണ്. ഇത് തന്റെ അവസാന ക്രിക്കറ്റ് ടൂര്‍ണമെന്റായിരിക്കുമെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് ധോണിയുടെ പെരുമാറ്റം. മത്സരശേഷം ജഴ്‌സി എതിര്‍ ടീം താരങ്ങള്‍ക്ക് കൈമാറുന്ന ധോണി മുംബൈക്കെതിരായ മത്സരശേഷവും തന്റെ ജഴ്‌സി കൈമാറി. ഇത്തവണ പാണ്ഡ്യ സഹോദരങ്ങളായ ക്രുണാല്‍ പാണ്ഡ്യക്കും ഹര്‍ദിക് പാണ്ഡ്യക്കുമാണ് ധോണി തന്റെ ഏഴാം നമ്പര്‍ ജഴ്‌സി കൈമാറിയത്.

മത്സര ശേഷം ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സിയുമായി ഹര്‍ദിക്കും ക്രുണാലും നില്‍ക്കുന്ന ചിത്രം ഐപിഎല്ലിന്റെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനെതിരായ മത്സര ശേഷം രാജസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറിനും ധോണി തന്റെ ജഴ്‌സി കൈമാറിയിരുന്നു. സമീപകാലത്തെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ബട്‌ലറിന്റെ ആരാധ്യനായ താരം ധോണിയാണ്. ഇത് നേരത്തെ തന്നെ ബട്‌ലര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. നേരത്തെ ആര്‍സിബിക്കെതിരായ മത്സര ശേഷം ഓസീസ് നായകനും ആര്‍സിബി ഓപ്പണറുമായ ആരോണ്‍ ഫിഞ്ചിനും ധോണി തന്റെ ഏഴാം നമ്പര്‍ ജഴ്‌സി സമ്മാനിച്ചിരുന്നു.

സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇത്തവണ അവസാനിച്ചിരിക്കുകയാണ്. ഇനി മഹാത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ മടങ്ങിവരന് സാധിക്കൂ. ഈ അവസരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ധോണിക്കെതിരേ വിമര്‍ശനങ്ങളും ട്രോളുകളും നിരവധി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ മറ്റുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് ധോണി എന്നും ഇതിഹാസം തന്നെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫിനിഷറെന്ന നിലയില്‍ പകരക്കാരനില്ലാത്ത പ്രകടനമാണ് ധോണി കാഴ്ചവെച്ചിട്ടുള്ളത്. വിക്കറ്റിന് പിന്നിലും ധോണിയുടെ മികവിന് മുന്നില്‍ തകരാത്ത റെക്കോഡുകള്‍ കുറവാണ്.

മുംബൈയോട് 10 വിക്കറ്റിന് തോറ്റതോടെ സീസണിലെ പ്രതീക്ഷകള്‍ അവസാനിച്ച സിഎസ്‌കെയ്ക്ക് ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരമാണ്. മൂന്നിലും ജയിച്ചാല്‍ വലിയ നാണക്കേടില്ലാതെ ധോണിക്കും സംഘത്തിനും നാട്ടിലേക്ക് മടങ്ങാം. ചരിത്രിലാദ്യമായാണ് സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. ഇത്തവണത്തോടെ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ വരും സീസണില്‍ പുതിയ നായകന്റെ കീഴില്‍ സിഎസ്‌കെയെ പ്രതീക്ഷിക്കാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, October 24, 2020, 11:59 [IST]
Other articles published on Oct 24, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X