IPL 2020: ആര്‍സിബിക്കും ഹൈദരാബാദിനും ഇന്ന് നിര്‍ണ്ണായകം- ഷാര്‍ജയില്‍ തീപാറും
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. ജയം ഇരു കൂട്ടര്‍ക്കും ഇന്ന് നിര്‍ണ്ണായകമാണ്. 12 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ആര്‍സിബിക്ക് ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാം. അതേ സമയം 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള ഹൈദരാബാദ് ഏഴാം സ്ഥാനത്താണ്.
ഇന്ന് ജയിച്ചാല്‍ 12 പോയിന്റുമായി നിലമെച്ചപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാന്‍ ഹൈദരബാദിനാവും. നെറ്റ് റണ്‍റേറ്റിലുള്ള മികവാണ് ഹൈദരാബാദിന്റെ സാധ്യതകള്‍ ഉയര്‍ത്തുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഹൈദരാബാദിന്റെ അവസാന മത്സരം. ഇതിലും ജയിച്ചാല്‍ 14 പോയിന്റ് ടീമിന് സ്വന്തമാക്കാനാവും. ഭാഗ്യം കൂടി തുണച്ചാല്‍ ഹൈദരാബാദിന് പ്ലേ ഓഫ് പ്രവേശനം സാധ്യമാകും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദിനെ 10 റണ്‍സിന് തോല്‍പ്പിക്കാന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു.

ബാറ്റിങ്ങില്‍ പ്രതീക്ഷവെച്ച് ആര്‍സിബി
ഇതുവരെ ഐപിഎല്‍ കിരീടത്തിലേക്കെത്താന്‍ സാധിക്കാത്ത ആര്‍സിബിക്ക് ഇത്തവണ സുവര്‍ണാവസരമാണ്. എന്നാല്‍ ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മ ടീമിന് തലവേദനയാവുന്നു. മികച്ച താരനിരയുണ്ടെങ്കിലും സ്ഥിരത കണ്ടെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ആര്‍സിബി പരാജയപ്പെട്ടിരുന്നു. ആരോണ്‍ ഫിഞ്ചിന് പകരമായി ഓപ്പണിങ്ങിലെത്തിയ ജോഷ്വാ ഫിലിപ്പിയും സഹതാരം ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചാലും വിരാട് കോലിയുടേയും എബി ഡിവില്ലിയേഴ്‌സിന്റെയും പ്രകടനം ആര്‍സിബിക്ക് നിര്‍ണ്ണായകമാണ്.

ഇരുവരെയും അമിതമായി ടീം ആശ്രയിക്കുന്നുവെന്നതാണ് പ്രധാന പ്രശ്‌നം. ടീമില്‍ തുടരെ തുടരെ അഴിച്ച് പണി നടത്തുന്നത് ആര്‍സിബിക്ക് വലിയ തിരിച്ചടിയാവുന്നു. പുറത്തിരുത്തിയ ശേഷം മടക്കികൊണ്ടുവരുമ്പോള്‍ പഴയ മികവിലേക്ക് ഉയരാന്‍ താരങ്ങള്‍ക്കാവുന്നില്ല. ശിവം ദുബെയുടെ കാര്യത്തിലും സംഭവിച്ചത് ഇതാണ്. തുടരെ ടീമില്‍ മാറ്റം വരുമ്പോള്‍ ടീമിന്റെ ഒത്തിണക്കവും നഷ്ടപ്പെടുന്നു. നവദീപ് സൈനിയുടെ പരിക്കും ആര്‍സിബിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. സ്റ്റെയിന് പകരം ഉദാന ടീമിലേക്ക് തിരിച്ചെത്തിയേക്കും.

വെടിക്കെട്ട് തീര്‍ക്കാന്‍ ഹൈദരാബാദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങിയിരിക്കുന്നതെന്ന് ഡല്‍ഹിക്കെതിരായ അവസാന മത്സരത്തിലെ പ്രകടനം തന്നെ വ്യക്തമാക്കുന്നു. ഡേവിഡ് വാര്‍ണര്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ടീമിന് പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ മത്സരത്തിലെ മിന്നും പ്രകടനം ആവര്‍ത്തിക്കാന്‍ വൃദ്ധിമാന്‍ സാഹയ്ക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ ബാറ്റിങ് കരുത്തുകൂടി ചേരുമ്പോള്‍ ഹൈദരാബാദിന് ആത്മവിശ്വാസമേറെ. ബൗളര്‍മാര്‍ മികവുകാട്ടുന്നുണ്ട്. സ്പിന്‍നിരയില്‍ റാഷിദ് ഖാന്റെ നാല് ഓവറിനെ നേരിടുക എതിരാളികള്‍ക്ക് ചങ്കിടിപ്പേറ്റുന്നു. അവസാന രണ്ട് മത്സരത്തിലും വമ്പന്‍ ജയം സ്വന്തമാക്കി പ്ലേ ഓഫ് പ്രതീക്ഷ കാക്കാനുറച്ചാവും വാര്‍ണറും സംഘവും ഇന്നിറങ്ങുക. നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ തോല്‍വി വഴങ്ങേണ്ടി വന്നതിന്റെ കണക്കുവീട്ടാനുള്ള അവസരം കൂടിയാണ് ഹൈദരാബാദിന് മുന്നിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications