IPL 2020: തലപ്പത്ത് തിരിച്ചെത്താന്‍ ഡല്‍ഹി- പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ കെകെആറിനും ജയിക്കണം
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. ജയത്തോടെ പോയിന്റ് പട്ടികയില്‍ തിരിച്ചെത്താന്‍ ഡല്‍ഹി ശ്രമിക്കുമ്പോള്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കെകെആറിന് ജയം അനിവാര്യമാണ്. 10 കളിയില്‍ നിന്ന് ഡല്‍ഹിക്ക് 14 പോയിന്റും കെകെആറിന് 10 പോയിന്റുമാണുള്ളത്. ഹൈദരാബാദും പഞ്ചാബും പ്ലേ ഓഫ് പോരാട്ടത്തില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇന്ന് കെകെആറിന് ജീവന്‍മരണ പോരാട്ടമാണ്. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 18 റണ്‍സിന്റെ ജയം ഡല്‍ഹിക്കായിരുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് അബുദാബിയിലാണ് മത്സരം.

ബാറ്റിങ്ങില്‍ കെകെആര്‍ മെച്ചപ്പെടണം
ബാറ്റിങ്ങാണ് കെകെആറിന്റെ പ്രധാന തലവേദന. അവസാന മത്സരത്തില്‍ ആര്‍സിബിയോട് വലിയ നാണംകെട്ട തോല്‍വിയാണ് കെകെആര്‍ ഏറ്റുവാങ്ങിയത്. ഗാലറിയിലേക്ക് ഘോഷയാത്ര നടത്തിയ കെകെആര്‍ ബാറ്റിങ് നിര ഇന്ന് മികവുകാട്ടിയില്ലെങ്കില്‍ വീണ്ടും നാണംകെടേണ്ടി വരും. ശുബ്മാന്‍ ഗില്‍-രാഹുല്‍ ത്രിപാതി ഓപ്പണിങ് കൂട്ടുകെട്ട് മുതല്‍ പ്രശ്‌നമാണ്. ഗില്ലിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് പ്രധാന പ്രശ്‌നം. രാഹുല്‍ ത്രിപാതി തുടക്കത്തിലെ പുറത്തായാല്‍ ടീമിന്റെ റണ്‍നിരക്ക് വലിയ രീതിയില്‍ കുറയുന്ന അവസ്ഥയാണ് നിലവിലുള്ളത്. മൂന്നാം നമ്പറില്‍ നിധീഷ് റാണക്ക് ഇതുവരെ ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ദിനേഷ് കാര്‍ത്തികും നിരാശപ്പെടുത്തുമ്പോള്‍ നായകന്‍ ഇയാന്‍ മോര്‍ഗനില്‍ കൂടുതല്‍ സമ്മര്‍ദ്ദം എത്തുന്നു. സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസലിന്റെ പരിക്ക് കെകെആറിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ഇന്നത്തെ മത്സരം അദ്ദേഹം കളിക്കാനിടയില്ലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുള്ളത്. അതേ സമയം ബൗളിങ് ആക്ഷന്‍ സംശയത്തിലായതിനെത്തുടര്‍ന്ന് ടീമിന് പുറത്തുപോയ സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ ഇന്ന് തിരിച്ചെത്തിയേക്കും. ഇത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ബൗളിങ് നിരയിലേക്ക് ലോക്കി ഫെര്‍ഗൂസന്‍ എത്തിയതോടെ ടീം സംതുലിതമായിരിക്കുകയാണ്. ശിവം മാവി,കമലേഷ് നാഗര്‍കോട്ടി എന്നീ യുവതാരങ്ങളും മികവ് കാട്ടുന്നുണ്ടെങ്കിലും പ്രസിദ്ധ് കൃഷ്ണയ്ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനാകുന്നില്ല.

ഡല്‍ഹിക്കും ബാറ്റിങ്ങാണ് പ്രശ്‌നം
ബാറ്റിങ് നിരയുടെ മോശം ഫോമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും പ്രധാന പ്രശ്‌നം. അവസാന മത്സരങ്ങളിലെല്ലാം ഡല്‍ഹിയുടെ ടോപ് ഓഡറിന്റെ മോശം പ്രകടനം ടീമിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ശിഖര്‍ ധവാന്റെ മികവ് മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ള താരങ്ങളെല്ലാം കഴിഞ്ഞ മത്സരങ്ങളില്‍ അല്‍പ്പം നിരാശപ്പെടുത്തി. അവസാന മത്സരത്തില്‍ പഞ്ചാബിനോട് തോറ്റതിന്റെ ക്ഷീണം ഇന്ന് ജയത്തോടെ മാറ്റേണ്ടത് ഡല്‍ഹിക്ക് അഭിമാന പ്രശ്‌നമാണ്. ഓപ്പണിങ്ങില്‍ പിഴവുകള്‍ ആവര്‍ത്തിച്ച് പൃത്ഥ്വി ഷാ തുടക്കത്തിലെ പുറത്താകുന്നു. ശ്രേയസ് അയ്യര്‍,റിഷഭ് പന്ത് കൂട്ടുകെട്ട് പതിവുപോലെ ക്ലിക്കാകുന്നില്ല. മധ്യനിരയില്‍ സ്റ്റോയിനിസ് പഴയപോലെ മികച്ച ഫോമിലേക്ക് ഉയരേണ്ടതുണ്ട്. ഹെറ്റ്‌മെയറിന് കൂടുതല്‍ പന്തുകള്‍ നേരിടാന്‍ അവസരം ലഭിക്കുന്നില്ല. അക്‌സര്‍ പട്ടേല്‍ മധ്യനിരയില്‍ ബാറ്റുകൊണ്ടും തിളങ്ങുന്നു. കഗിസോ റബാദ നയിക്കുന്ന ബൗളിങ് നിര ശക്തം. തുഷാര്‍ ദെശപാണ്ഡെയ്ക്ക് പകരക്കാരനെ ഇന്ന് ഡല്‍ഹി പരീക്ഷിച്ചേക്കും. ആന്റിച്ച് നോക്കിയോ ഇന്ന് ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications