റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ നവ്ദീപ് സെയ്‌നിക്ക് എതിരെ ക്രിക്കറ്റ് ആരാധകര്‍ രോഷംകൊള്ളുകയാണ്. സംഭവമെന്തന്നല്ലേ? ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലും കണ്ടു സെയ്‌നിയുടെ കൈവിട്ട 'ബീമറുകള്‍'. മാര്‍ക്കസ് സ്റ്റോയിനിസിന് നേരെയാണ് സെയ്‌നി അപകടകരമാംവിധം പന്തെറിഞ്ഞത്. യോര്‍ക്കറിനുള്ള ശ്രമം നിലംതൊടാതെയുള്ള ബീമറായി കലാശിക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മുന്‍മത്സരത്തിലും സെയ്‌നി ഇപ്രകാരം പന്തെറിയുന്നത് ക്രിക്കറ്റ് ലോകം കാണുകയുണ്ടായി. അന്ന് രാഹുല്‍ തെവാട്ടിയ സെയ്‌നിയുടെ പന്തുകൊണ്ട് വീണു. സെയ്‌നിയുടെ കൈവിട്ട ബീമര്‍ തെവാട്ടിയയുടെ നെഞ്ചിലാണ് കൊണ്ടുകയറിയത്. പിന്നാലെ താരം ക്രീസില്‍ വീണു.

തിങ്കളാഴ്ച്ചയും സമാനമായ പന്ത് സെയ്‌നി പ്രയോഗിച്ചു. സ്‌റ്റോയിനിസിന്റെ വിരലുകളിലാണ് പന്ത് പാഞ്ഞുകയറിയത്. വേദനകൊണ്ട് പുളഞ്ഞ സ്റ്റോയിനിസിനോട് ക്ഷമാപണം നടത്താന്‍പോലും സെയ്‌നി കൂട്ടാക്കിയില്ല. ഒരുപക്ഷെ സ്വന്തം ബൗളിങ്ങ് പാളിച്ചയില്‍ നിരാശനായാകാം ഇദ്ദേഹം തലതാഴ്ത്തി തിരിച്ചുനടന്നത്. എന്നാല്‍ സെയ്‌നിയുടെ പ്രതികരണം സ്റ്റോയിനിസിനെ ചൊടിപ്പിച്ചു. തൊട്ടടുത്ത പന്തില്‍ത്തന്നെ സെയ്‌നിയെ സ്റ്റോയിനിസ് അതിര്‍ത്തി കടത്തി. ഷോട്ടിന് ശേഷം രൂക്ഷമായ നോട്ടം നല്‍കാനും സ്‌റ്റോയിനിസ് മടികാണിച്ചില്ല. ഇതിന് പിന്നാലെ സെയ്‌നി ഇദ്ദേഹത്തിന് അരികില്‍ തിരിച്ചെത്തി കഴിഞ്ഞപന്തിന് ക്ഷമാപണം അറിയിച്ചു. ഇതേസമയം, നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഇതെല്ലാം കണ്ടുനിന്ന റിഷഭ് പന്ത് സെയ്‌നിയോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതും കാഴ്ച്ചക്കാരുടെ ശ്രദ്ധനേടി. മത്സരത്തില്‍ റിഷഭ് പന്തിനും മുഹമ്മദ് സിറാജില്‍ നിന്നൊരു ബീമര്‍ നേരിടേണ്ടി വന്നു. എന്നാല്‍ സിറാജിന്റെ ബീമറിന് മുന്നില്‍ പന്ത് പതറിയില്ല. തലയ്ക്ക് നേരെ പാഞ്ഞെത്തിയ പന്തിനെ താരം പുള്‍ ഷോട്ടിലൂടെ സിക്‌സാക്കി മാറ്റുകയായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ മങ്കാദിങ് അവസരം വേണ്ടെന്നുവെച്ച രവിചന്ദ്രന്‍ അശ്വിനും ബാംഗ്ലൂര്‍ - ഡല്‍ഹി മത്സരത്തില്‍ ശ്രദ്ധകയ്യടക്കിയിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ 197 റണ്‍സ് ലക്ഷ്യത്തിലേക്ക് ചുവടുവെച്ച ബാംഗ്ലൂരിനെ ഒരുനിമിഷം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് അശ്വിന്‍ മങ്കാദിങ് നടത്താതെ പിന്തിരിഞ്ഞത്. മൂന്നാം ഓവറിലെ നാലാം പന്തിലാണ് ഈ സംഭവം. ക്രീസില്‍ ദേവ്ദത്തും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ആരോണ്‍ ഫിഞ്ചും. പതിവുപോലെ പന്തെറിയാന്‍ ഒരുങ്ങിയ അശ്വിന്‍ ഫിഞ്ച് ക്രീസ് വിട്ടകലുന്നത് ആദ്യമെ തിരിച്ചറിഞ്ഞു. ബൗളിങ് ആക്ഷന്‍ പാതിവഴിയില്‍ നിര്‍ത്തിയ അശ്വിന്‍ ഫിഞ്ചിനോട് ക്രീസില്‍ തിരിച്ചുകയറാനാണ് ആവശ്യപ്പെട്ടത്. അശ്വിന്റെ ഈ നടപടിയെ ക്രിക്കറ്റ് പ്രേമികള്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചുകഴിഞ്ഞു. മത്സരം 59 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സാണ് ജയിച്ചത്. പോയിന്റ് പട്ടികയില്‍ ജയത്തോടെ ടീം ഒന്നാമതെത്തുകയും ചെയ്തു.