
നേര്‍ക്കുനേര്‍ പോരാട്ടം
ഇതുവരെ 21 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ മത്സരിച്ചത്. ഇതില്‍ 10 തവണയും രാജസ്ഥാന്‍ ജയിച്ചപ്പോള്‍ എട്ട് മത്സരം ആര്‍സിബിയും നേടി. മൂന്ന് മത്സരങ്ങള്‍ ഫലം കാണാതെ ഉപേക്ഷിച്ചിരുന്നു. 2014 യുഎഇയില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ കോലിപ്പടയെ രാജസ്ഥാന്‍ കീഴടക്കിയിരുന്നു. എന്നാല്‍ ഈ കണക്കിന് നിലവില്‍ പ്രസക്തിയില്ല. ഷാര്‍ജയിലെ ചെറിയ മൈതാനത്ത് രണ്ട് ജയം സ്വന്തമാക്കാന്‍ രാജസ്ഥാന് സാധിച്ചെങ്കിലും വലിയ മൈതാനങ്ങളിലേക്ക് എത്തുമ്പോള്‍ ടീമിന് ബാറ്റിങ് തകര്‍ച്ച നേരിടുന്ന അവസ്ഥയാണുള്ളത്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള നിലവിലെ ആര്‍സിബി താരം എബി ഡിവില്ലിയേഴ്‌സാണ് (417). രാജസ്ഥാനില്‍ സഞ്ജു സാംസണാണ് (207) കേമന്‍. സീസണില്‍ ഇരുവരും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിനെ ആര്‍സിബി തോല്‍പ്പിച്ചത് എബിഡിയുടെ ബാറ്റിങ് കരുത്തിലായിരുന്നു. സഞ്ജു സാംസണ്‍ രണ്ട് അര്‍ധ സെഞ്ച്വറി ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.

രാജസ്ഥാനെതിരേ കൂടുതല്‍ വിക്കറ്റുള്ള നിലവിലെ ആര്‍സിബി താരം യുസ്‌വേന്ദ്ര ചഹാലാണ് (11). സീസണില്‍ 3 മത്സരത്തില്‍ നിന്ന് 5 വിക്കറ്റുമായി ചഹാല്‍ ഫോമിലാണ്. രാജസ്ഥാന്‍ നിരയില്‍ ശ്രേയസ് ഗോപാലാണ് (12) കൂടുതല്‍ വിക്കറ്റ് നേടിയത്. എന്നാല്‍ ശ്രേയസ് അത്ര മികച്ച ഫോമിലല്ല. കൂടുതല്‍ ക്യാച്ചെന്ന നേട്ടം ആര്‍സിബി നിരയില്‍ എബി ഡിവില്ലിയേഴ്‌സിന്റെ പേരിലും (5), രാജസ്ഥാന്‍ നിരയില്‍ സഞ്ജു സാംസണിന്റെ പേരിലുമാണ് (7). രാജസ്ഥാനെതിരേ ആര്‍സിബിയുടെ ശരാശരി ടീം സ്‌കോര്‍ 141 റണ്‍സും രാജസ്ഥാന്റെ ശരാശരി ടീം സ്‌കോര്‍ 136 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ചരിത്ര റെക്കോഡിനരികിലാണ്. 70 റണ്‍സുകൂടി നേടിയാല്‍ ഐപിഎല്ലില്‍ 5500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡ് കോലി സ്വന്തമാക്കും. എന്നാല്‍ സീസണില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ കോലിക്കായിട്ടില്ല. എബി ഡിവില്ലിയേഴ്‌സ് 5 ക്യാച്ചുകൂടി നേടിയാല്‍ 100 ക്യാച്ച് ക്ലബ്ബില്‍ ഇടം പിടിക്കാം. രാജസ്ഥാന്റെ ജോസ് ബട്‌ലര്‍ 89 റണ്‍സ് നേടിയാല്‍ 1500 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കാം. സ്റ്റീവ് സ്മിത്തിന് രാജസ്ഥാന്‍ നായകനെന്ന നിലയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 84 റണ്‍സുകൂടി മതി.


Click it and Unblock the Notifications