ഷാര്‍ജ: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ആര്‍സിബി സീസണില്‍ രണ്ടാം തവണയും പരാജയപ്പെട്ടിരിക്കുകയാണ്. എട്ട് വിക്കറ്റിനാണ് ഇത്തവണ ആര്‍സിബിക്ക് നാണം കെട്ടത്. ഷാര്‍ജയിലെ ചെറിയ മൈതാനത്ത് ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ആര്‍സിബിയുടെ തോല്‍വിക്ക് കാരണം. എബി ഡിവില്ലിയേഴ്‌സിന് മുമ്പ് വാഷിങ്ടണ്‍ സുന്ദറിനെയും ശിവം ദുബയേയും ബാറ്റിങ്ങിനിറക്കിയ ആര്‍സിബിയുടെ തന്ത്രം പാളുകയായിരുന്നു.
തോല്‍വിക്ക് ശേഷം ആര്‍സിബി കൂടുതല്‍ വിമര്‍ശനം നേരിട്ടതും ഇക്കാര്യത്തിലാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ആര്‍സിബി ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. ചില സമയത്തും ഈ തന്ത്രം ഫലിക്കും മറ്റ് ചിലപ്പോള്‍ പാളിപ്പോകുമെന്നാണ് മോറിസ് അഭിപ്രായപ്പെട്ടത്. 'എബി ഡിവില്ലിയേഴ്‌സിന് മുമ്പ് ഓള്‍റൗണ്ടര്‍മാരെ ബാറ്റിങ്ങിനിറക്കിയത് തെറ്റായ തീരുമാനം ആണെന്ന് പറയാന്‍ കഴിയില്ല.

ചിലപ്പോള്‍ അത് ഉദ്ദേശിച്ച ഫലം നല്‍കുമെങ്കില്‍ മറ്റ് ചിലപ്പോള്‍ ഇത് പാളിപ്പോയേക്കാം. അതിനാല്‍ ഇത് തീര്‍ത്തും തെറ്റായ തീരുമാനം ആണെന്ന് പറയാന്‍ സാധിക്കില്ല'-എന്നാണ് മോറിസ് അഭിപ്രായപ്പെട്ടത്. സാധാരണ ഗതിയില്‍ നാലാം നമ്പറിലാണ് ഡിവില്ലിയേഴ്‌സ് ഇറങ്ങുന്നത്. കെകെആറിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം എബിഡി കാഴ്ചവെച്ചിരുന്നു. ഷാര്‍ജയിലെ മൈതാനത്ത് പഞ്ചാബിനെതിരേ ആറാമതായാണ് എബിഡി എത്തിയത്. 5 പന്തില്‍ 2 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു.
എബിഡിക്ക് പകരക്കാരനായി നാലാം നമ്പറിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ 14 പന്തില്‍ 13 റണ്‍സ് നേടിയപ്പോള്‍ അഞ്ചാം നമ്പറിലിറങ്ങിയ ശിവം ദുബെ 19 പന്തില്‍ 23 റണ്‍സുമായി മടങ്ങി. ഇരുവരും പ്രതീക്ഷക്കൊത്ത് ഉയരാത്തത് ആര്‍സിബി സ്‌കോര്‍ 200 കടക്കുന്നതിന് തടസമായി. സ്ഥാനം മാറി ഇറങ്ങിയ ഡിവില്ലിയേഴ്‌സിന് തിളങ്ങാനും സാധിച്ചില്ല. ഇതോടെ 171 എന്ന ശരാശരി സ്‌കോറിലേക്ക് ആര്‍സിബിക്ക് ഒതുങ്ങേണ്ടി വന്നു.
ആര്‍സിബി ബൗളര്‍മാരുടെ പ്രകടനത്തെക്കുറിച്ചും ക്രിസ് മോറിസ് അഭിപ്രായപ്പെട്ടു. പ്രതിരോധിക്കാന്‍ സാധിക്കുന്ന റണ്‍സായിരുന്നു ആര്‍സിബി നേടിയത്. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ അനാവശ്യ ബൗണ്ടറികള്‍ വഴങ്ങിയതും ചില പദ്ധതികളുടെ പാളിച്ചകളും തിരിച്ചടിയായി എന്നും മോറിസ് പറഞ്ഞു. അവസാന പന്ത് വരെ മത്സരം എത്തിക്കാനായത് ബൗളര്‍മാരുടെ മികവാണ്. 19ാം ഓവറില്‍ റണ്‍സ് നിയന്ത്രിക്കാന്‍ സാധിച്ചത് മനോഹരമായിരുന്നു.
യുസ് വേന്ദ്ര ചഹാലിനെപ്പോലൊരു മികച്ച സ്പിന്നറെ നേരിടുക വളരെ പ്രയാസമുള്ള കാര്യമാണ്. യുസി പന്തുകളില്‍ വരുത്തിയ മാറ്റങ്ങള്‍ മികച്ചതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ആര്‍സിബിക്ക് പ്ലേ ഓഫ് സാധ്യത സജീവമാണ്. ഇനിയുള്ള മത്സരങ്ങള്‍ തോല്‍ക്കാതെ നോക്കിയാല്‍ ഇടവേളയ്ക്ക് ശേഷം പ്ലേ ഓഫില്‍ കടക്കാന്‍ കോലിക്കും സംഘത്തിനും സാധിക്കും. ഇത്തവണ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ആര്‍സിബി കാഴ്ചവെക്കുന്നത്.