അബുദാബി: ഐപിഎല്ലിന്റെ 13ാം സീസണിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരമാണ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരേ നടക്കാന്‍ പോകുന്നത്. മത്സരത്തിന് മുന്നോടിയായി കെകെആര്‍ ടീമിന് ആദരം അര്‍പ്പിച്ച് കെകെആറിന്റെ കളറില്‍ ലൈറ്റ് ഷോ ഒരുക്കി ദുബായിലെ ബുര്‍ജ് ഖലീഫ. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ കെകെആറിന്റെ പ്രധാനപ്പെട്ട താരങ്ങളുടെ ചിത്രം ഉള്‍പ്പെടെയുള്ള ലൈറ്റ് ഷോ ഒരുക്കിയാണ് ടീമിന് ആദരം അര്‍പ്പിച്ചത്. കൊല്‍ക്കത്തയുടെ ചാരവും സ്വര്‍ണ്ണ കളറും ചേര്‍ന്ന ജഴ്‌സി നിറത്തില്‍ മനോഹരമായി ദൃശ്യമായ ബുര്‍ജ് ഖലീഫയുടെ വീഡിയോ കെകെആര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
തങ്ങളുടെ കളറില്‍ ബുര്‍ജ് ഖലീഫയെ അണിയിച്ചൊരുക്കി തങ്ങളെ സ്വാഗതം ചെയ്തതിന് കെകെആര്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അബുദാബിയിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ റിസോര്‍ട്ടിലാണ് താമസിക്കുന്നത്. രണ്ട് തവണ ഐപിഎല്‍ കിരീടം ചൂടിയ കൊല്‍ക്കത്ത യുഎഇയിലെത്തിയ ആദ്യ സംഘത്തില്‍ ഉള്‍പ്പെടും. 23,000 സ്‌ക്വയര്‍ ഫീറ്റിലുള്ള വലിയ റിസോര്‍ട്ടാണിത്. കൊല്‍ക്കത്തയും മുംബൈയും മാത്രമാണ് അബുദാബിയില്‍ താമസിക്കുന്നത്. ഐപിഎല്‍ ടീമുകളില്‍ വലിയ ആരാധക പിന്തുണയുള്ള ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ സാധിക്കാത്ത കെകെആര്‍ ഇത്തവണ ശക്തമായ നിരയുമായാണ് എത്തുന്നത്. അവസാന സീസണിലെ ടീമില്‍ നിന്ന് ഇത്തവണ കെകെആറിനെ വ്യത്യസ്തമാക്കുന്നത് രണ്ട് താരങ്ങളുടെ സാന്നിധ്യമാണ്. ഒരാള്‍ ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗനും രണ്ടാമന്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും. മോര്‍ഗന്റെ സാന്നിധ്യം ബാറ്റിങ് ഓഡറില്‍ മാത്രമല്ല നായകനെന്ന നിലയിലെ ദിനേഷ് കാര്‍ത്തികിന്റെ സമ്മര്‍ദ്ദവും കുറയ്ക്കും. പാറ്റ് കമ്മിന്‍സിനെ 15.5 കോടി രൂപയ്ക്കാണ് കെകെആര്‍ ടീമിലെത്തിച്ചത്. ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വിലയുള്ള താരമാണ് കമ്മിന്‍സ്.
മറുവശത്ത് ആദ്യ മത്സരത്തില്‍ സിഎസ്‌കെയോട് തോറ്റ മുംബൈക്ക് ഇന്ന് ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. 2014ല്‍ യുഎഇയില്‍ ഒരു മത്സരം പോലും ജയിക്കാത്ത മുംബൈ ഈ സീസണിലും തോല്‍വിയോടെ തുടങ്ങി. യുഎഇയിലെ ആദ്യ ഐപിഎല്‍ ജയം സ്വപ്‌നം കണ്ടാണ് മുംബൈ ഇന്നെത്തുന്നത്. കണക്കുകളില്‍ കെകെആറിനെതിരേ 25 മത്സരത്തില്‍ നിന്ന് 19 ജയത്തിന്റെ റെക്കോഡ് മുംബൈയ്ക്കുണ്ടെങ്കിലും യുഎഇ മൈതാനത്ത് ഇതിന് പ്രസക്തിയില്ല.