Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്, കൊല്‍ക്കത്തയുടെ ആ തന്ത്രം തിരിച്ചടിക്കുമെന്ന് ബ്രെറ്റ് ലീ

ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെയുള്ള 10 റണ്‍സ് ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വലിയ ആശ്വാസം പകരുന്നുണ്ട്. നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ അബദ്ധ തീരുമാനങ്ങള്‍ ടീമിനെ 'കുഴിയില്‍ ചാടിക്കുന്നുവെന്ന' ആക്ഷേപം തെല്ലൊന്നടങ്ങി. പതിവില്‍ നിന്നും വ്യത്യസ്തമായ ഗെയിം പ്ലാനാണ് ധോണിയുടെ ചെന്നൈയ്ക്ക് എതിരെ കൊല്‍ക്കത്ത കൈക്കൊണ്ടത്. സീസണില്‍ ആദ്യമായി സുനില്‍ നരെയ്‌ന് പകരം രാഹുല്‍ ത്രിപാഠിയെ ശുബ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറാക്കാന്‍ മാനേജ്‌മെന്റ് ധൈര്യം കാണിച്ചു.

ഗെയിം പ്ലാൻ

മത്സരത്തില്‍ ഈ നീക്കം നിര്‍ണായകമായി. 51 പന്തില്‍ 81 റണ്‍സെടുത്ത ശേഷമാണ് ത്രിപാഠി ക്രീസ് വിട്ടത്. കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം സമ്മാനിക്കാനും യുവതാരത്തിന് സാധിച്ചു. ഇതേസമയം, മാധ്യനിരയിലെ പോരായ്മകള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചപ്പോള്‍ 168 റണ്‍സിന്റെ ചെറിയ ലക്ഷ്യമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 10 ഓവര്‍ വരെ കാര്യങ്ങള്‍ കൊല്‍ക്കത്തയുടെ വഴിക്കായിരുന്നില്ല. ചെറിയ ലക്ഷ്യം മുന്നില്‍നില്‍ക്കെ ചെന്നൈ അനായാസമാണ് 10 ഓവറില്‍ 90 തികച്ചത്.

പൂർണ ക്രെഡിറ്റ്

പക്ഷെ 11 ആം ഓവര്‍ മുതല്‍ ചിത്രം മാറിമറിഞ്ഞു. ഫാഫ് ഡുപ്ലെസി, ഷെയ്ന്‍ വാട്‌സണ്‍, അംബാട്ടി റായുഡു, എംഎസ് ധോണി ഉള്‍പ്പെടുന്ന താരനിബിഡമായ ബാറ്റിങ് നിര നിന്നനില്‍പ്പില്‍ അടിപതറി. ചെന്നൈ ബാറ്റ്‌സ്മാന്മാരെ വരിഞ്ഞുമുറുക്കിയ കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ക്കാണ് ജയത്തിന്റെ പൂര്‍ണ ക്രെഡിറ്റ്.

നരെയ്ന്റെ അവതരണം

എന്നാല്‍ മത്സരത്തില്‍ കൊല്‍ക്കത്ത പയറ്റിയ ഒരു തന്ത്രത്തോട് മാത്രം മുന്‍ ഓസീസ് ഇതിഹാസം ബ്രെറ്റ് ലീക്ക് എതിര്‍പ്പുണ്ട്. സംഭവമെന്തന്നല്ലേ, മത്സരത്തില്‍ സുനില്‍ നരെയ്‌നെ വൈകി അവതരിപ്പിക്കാനുള്ള ദിനേശ് കാര്‍ത്തിക്കിന്റെ തീരുമാനംതന്നെ. ചെന്നൈയ്ക്ക് എതിരായ ആദ്യ പത്തോവര്‍ വരുണ്‍ ചക്രവര്‍ത്തിയും ശിവം മാവിയും പാറ്റ് കമ്മിന്‍സും കമലേഷ് നാഗര്‍കോട്ടിയും ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയത്. 11 ആം ഓവര്‍ തൊട്ട് നരെയ്‌ന് കാര്‍ത്തിക് പന്തുകൊടുത്തു.

രക്ഷപ്പെട്ടു

മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ നരെയ്ന്‍ 31 റണ്‍സ് വിട്ടുനല്‍കി; ഒരു വിക്കറ്റെടുത്തു. ബ്രെറ്റ് ലീയുടെ അഭിപ്രായത്തില്‍ ഭാഗ്യംകൊണ്ടാണ് സുനില്‍ നരെയ്‌നും കൊല്‍ക്കത്തയും അടികൊള്ളാതെ രക്ഷപ്പെട്ടത്. ഇന്നിങ്‌സില്‍ നരെയ്‌നെ വൈകി അവതരിപ്പിക്കാനുള്ള തീരുമാനം കൊല്‍ക്കത്തയ്ക്ക് വിനയാവും, സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബ്രെറ്റ് ലീ വ്യക്തമാക്കി.

വലിയ വില കൊടുക്കേണ്ടി വരും

'ചെന്നൈയ്ക്ക് എതിരെ ഭാഗ്യംകൊണ്ടാണ് കൊല്‍ക്കത്ത തടിതപ്പിയത്. അലസമായി കളിച്ച ചെന്നൈ ജയം വേണ്ടെന്നു വെയ്ക്കുകയായിരുന്നു. എന്റെ അഭിപ്രായത്തില്‍ നരെയ്‌നെ അവസാന ഘട്ടത്തിലേക്ക് പിടിച്ചുവെയ്ക്കരുത്. ചെന്നൈയ്ക്ക് എതിരെ ഈ തന്ത്രം വിലപോയെന്നുവരാം. എന്നാല്‍ മുന്നോട്ടുള്ള മത്സരങ്ങളിലും ഇതാണ് ഗെയിം പ്ലാനെങ്കില്‍ കൊല്‍ക്കത്ത വലിയ വില കൊടുക്കേണ്ടി വരും', ബ്രെറ്റ് ലീ അറിയിച്ചു.

താളംകണ്ടെത്തി

നരെയ്‌നെ പിന്തുണയ്‌ക്കേണ്ടത് ടീമിന്റെ കടമയാണെന്ന് ചെന്നൈയ്ക്ക് എതിരായ മത്സരത്തിന് ശേഷം നായകന്‍ ദിനേശ് കാര്‍ത്തിക് പറഞ്ഞിരുന്നു. 'കെകെആര്‍ സ്‌ക്വാഡില്‍ നരെയ്ന്‍ നിര്‍ണായക ഘടകമാണ്. ഒന്നോ രണ്ടോ മത്സരങ്ങളില്‍ നിറംമങ്ങിയാലും ഇദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ട ഉത്തരവാദിത്വം ടീമിനുണ്ട്. മുന്‍നിരയില്‍ ത്രിപാഠി നടത്തിയ തകര്‍പ്പന്‍ പ്രകടനം ഏറെ പ്രശംസനീയം. ഏതു സാഹചര്യത്തിലും ബാറ്റു ചെയ്യാന്‍ ആന്ദ്രെ റസ്സലിന് കഴിയുമെന്നതും ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നിലവില്‍ കൊല്‍ക്കത്തയുടെ ബാറ്റിങ് യൂണിറ്റ് താളംകണ്ടെത്തിക്കഴിഞ്ഞു', ദിനേശ് കാര്‍ത്തിക് അഭിപ്രായപ്പെടുകയുണ്ടായി.

Story first published: Friday, October 9, 2020, 18:09 [IST]
Other articles published on Oct 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+