Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബിയുടെ വലിയ പിഴവ്, ആ താരത്തെ വിട്ടുകളഞ്ഞത് അബദ്ധമെന്ന് ബ്രയാന്‍ ലാറ

'ബാംഗ്ലൂര് വിട്ടാല്‍ താരങ്ങള്‍ അത്ഭുതങ്ങള്‍ കാട്ടും', ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പൊതുവേയുള്ള അടക്കംപറച്ചിലാണിത്. ശരാശരി പ്രകടനംകൊണ്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നും പുറത്തുപോകുന്ന താരങ്ങള്‍ മറ്റു ഫ്രാഞ്ചൈസികള്‍ക്കായി മിന്നും പ്രകടനം കാഴ്ച്ചവെക്കുന്നു. സംഭവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രാഹുല്‍ ദ്രാവിഡിന്റെ കാലം മുതല്‍ക്കെ ഇതു കാണാം. ആക്രമിച്ചു കളിക്കുന്നില്ലെന്ന് പറഞ്ഞ് ആര്‍സിബി ഒഴിവാക്കിയ ദ്രാവിഡ്, രാജസ്താന്‍ റോയല്‍സിലെത്തിയപ്പോള്‍ ആളാകെ മാറി. പിന്നീട് ഷെയ്ന്‍ വാട്‌സണ്‍, ക്വിന്റണ്‍ ഡികോക്ക്, ക്രിസ് ഗെയ്ല്‍, കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ തുടങ്ങിയവര്‍ ചരിത്രം ആവര്‍ത്തിച്ചു.

പട്ടികയിൽ സ്റ്റോയിനിസ്

ഇപ്പോള്‍ ഈ നിരയിലാണ് മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ പേരും. 'കൊള്ളില്ലെന്ന്' പറഞ്ഞ് ബാംഗ്ലൂര് ഒഴിവാക്കിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ സ്‌റ്റോയിനിസ് നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി മായാജാലങ്ങള്‍ കാട്ടുകയാണ്. സ്റ്റോയിനിസിന്റെ പിന്‍ബലത്തിലാണ് ഹൈദരാബാദിന് എതിരായ നിര്‍ണായക മത്സരം ഡല്‍ഹി ജയിച്ചതും ഫൈനലിലെത്തിയതും. ഇപ്പോള്‍ സ്റ്റോയിനിസിന്റെ ഓള്‍റൗണ്ടിങ് മികവില്‍ സാക്ഷാല്‍ ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറതന്നെ 'വീണിരിക്കുന്നു'.

ഗംഭീരൻ പ്രകടനം

മധ്യനിരയില്‍ ബാറ്റു ചെയ്തിരുന്ന സ്‌റ്റോയിനിസിനെ ഓപ്പണറാക്കിയ ഡല്‍ഹിയുടെ ധീരമായ തീരുമാനത്തെ ലാറ അഭിനന്ദിക്കുകയാണ്. ഒപ്പം സ്‌റ്റോയിനിസിനെ വിട്ടുകളഞ്ഞത് ബാംഗ്ലൂരിന്റെ പിഴവായും ലാറ വിലയിരുത്തുന്നു. 'കഴിഞ്ഞവര്‍ഷമാണ് സ്റ്റോയിനിസിനെ വേണ്ടെന്ന് ആര്‍സിബി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ആദ്ദേഹം ചെയ്യുന്നതെന്തെന്ന് നോക്കൂ', മുംബൈയ്ക്ക് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചതിന് പിന്നാലെ ലാറ പറഞ്ഞു.

ധവാന്റെ പങ്കാളി

നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ 352 റണ്‍സാണ് സ്റ്റോയിനിസ് ഇതുവരെ അടിച്ചെടുത്തത്. 12 വിക്കറ്റും ഡല്‍ഹിക്കായി ഇദ്ദേഹം നേടി. ഡല്‍ഹിയുടെ ആദ്യ ഫൈനല്‍ പ്രവേശനത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് എന്ന ഓള്‍റൗണ്ടര്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. നേരത്തെ, പൃഥ്വി ഷാ തുടരെ പരാജയപ്പെട്ട സാഹചര്യത്തിലാണ് ടീം മാനേജ്‌മെന്റ് സ്റ്റോയിനിസിനെ ഓപ്പണറാക്കിയത്. ആദ്യ ഓവറുകള്‍ മുതല്‍ക്കെ സ്‌റ്റോയിനിസ് അനായാസം റണ്‍സ് കണ്ടെത്തിയപ്പോള്‍ ശിഖര്‍ ധവാനും കാര്യങ്ങള്‍ എളുപ്പമായി.

തീരുമാനം

ഇതുവരെ പൃഥ്വി ഷായുടെ നിരുത്തരവാദപരമായ ബാറ്റിങ് ധവാന് മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ബിഗ് ബാഷ് ലീഗില്‍ ഓപ്പണറായി കളിച്ച അനുഭവപാടവം വെച്ചാണ് സ്റ്റോയിനിസ് ഹൈദരാബാദിന് എതിരെ ബാറ്റു ചെയ്യാനെത്തിയത്. 'ഓപ്പണര്‍ റോളിനെക്കുറിച്ച് പോണ്ടിങ് രണ്ടുമൂന്നുതവണ സംസാരിച്ചിരുന്നു. ഒടുവില്‍ നിര്‍ണായക മത്സരത്തില്‍ എന്നെ ഓപ്പണറാക്കാനും തീരുമാനിച്ചു. മുന്‍പ് മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യാനെത്തിയിരുന്നെങ്കിലും അന്ന് വലിയ ലക്ഷ്യം മുന്നിലുണ്ടായതുകൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചില്ല', സ്റ്റോയിനിസ് പറയുകയുണ്ടായി.

ഫൈനൽ ഗെയിം പ്ലാൻ

എന്തായാലും ഹൈദരാബാദിന് എതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ സ്റ്റോയിനിസിന് സാധിച്ചു. അപകടകാരികളായ മനീഷ് പാണ്ഡയെയും കെയ്ന്‍ വില്യംസണിനെയും പുറത്താക്കിയത് സ്റ്റോയിനിസാണ്. മത്സരത്തിന്റെ ഗതി നിര്‍ണയിച്ചതും സ്റ്റോയിനിസിന്റെ സ്പെല്ലുതന്നെ. നാലോവറില്‍ 26 റണ്‍സ് വിട്ടുനല്‍കി 3 വിക്കറ്റുകളാണ് സ്റ്റോയിനിസ് കുറിച്ചത്. ഫൈനലിലും സ്റ്റോയിനിസുതന്നെയാകും ധവാനൊപ്പം ഓപ്പണ്‍ ചെയ്യുക.

Story first published: Tuesday, November 10, 2020, 9:50 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+