ദുബായ്: രാജസ്ഥാന്‍ റോയല്‍സിന് സന്തോഷവാര്‍ത്ത. സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ് അവരുടെ ടീമിലേക്ക് തിരിച്ചെത്തുന്നു. പിതാവിന്റെ അര്‍ബുദ രോഗവുമായി ബന്ധപ്പെട്ട് സ്റ്റോക്‌സ് കുടുംബത്തിനൊപ്പം ന്യൂസിലന്‍ഡിലായിരുന്നു. എന്നാല്‍ സ്റ്റോക്‌സ് ന്യൂസിലന്‍ഡില്‍ നിന്ന് യുഎഇയിലേക്ക് തിരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബെന്‍ സ്‌റ്റോക്‌സ് എന്ന് തിരിച്ചുവരുമെന്ന കാര്യം അറിയില്ലെന്നായിരുന്നു ഷെയ്ന്‍ വോണ്‍ പ്രതികരിച്ചത്. അതേസമയം സ്റ്റോക്‌സ് നാളെ യുഎഇയിലെത്തുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ അദ്ദേഹം ക്വാറന്റൈനില്‍ കഴിയേണ്ടി വരും.

കോവിഡ് നിയമപ്രകാരം സ്റ്റോക്‌സിന് ആറ് ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും. രാജസ്ഥാന്‍ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയ ഓള്‍റൗണ്ടറാണ് ബെന്‍ സ്‌റ്റോക്‌സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അപാര ഫോമില്‍ കളിക്കുന്ന സ്‌റ്റോക്‌സ് എത്തുന്നതോടെ രാജസ്ഥാന്റെ ബാറ്റിംഗ് നിരയും ബൗളിംഗും വീണ്ടും ശക്തമാകും. യുഎഇയില്‍ അദ്ദേഹം മൂന്ന് കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയനാവേണ്ടി വരും. അതിന് ശേഷമേ ടീമുമായി ബന്ധപ്പെടാനും സെലക്ഷന്റെ ഭാഗമാവാനും സാധിക്കുകയുള്ളൂ. രാജസ്ഥാന്റെ അടുത്ത രണ്ട് മത്സരങ്ങളിലും സ്റ്റോക്‌സ് കളിക്കില്ലെന്ന് ഉറപ്പാണ്.
ഇന്ന് മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു സ്റ്റോക്‌സ്. വിടപറയുന്നത് ഒരിക്കലും എളുപ്പമാകില്ലെന്നായിരുന്നു സ്റ്റോക്‌സ് കുറിച്ചത്. അതേസമയം രാജസ്ഥാന്‍ രസകരമായ ഒരു ചോദ്യമാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ക്രൈസ്റ്റ്ചര്‍ച്ചില്‍ നിന്ന് യുഎഇയില്‍ എത്താന്‍ എത്ര സമയം എടുക്കും എന്നായിരുന്നു ചോദ്യം. സ്‌റ്റോക്‌സിന്റെ യാത്രയെ സൂചിപ്പിച്ചായിരുന്നു ചോദ്യം. സ്‌റ്റോക്‌സ് പിതാവിനും സഹോദരനുമൊപ്പം വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. പത്ത് കോടിയില്‍ അധികം രൂപയ്ക്കാണ് സ്റ്റോക്‌സിനെ രാജസ്ഥാന്‍ ഇത്തവണ സ്വന്തമാക്കിയത്.
അതേസമയം സ്‌റ്റോക്‌സിനെ മുമ്പും റെക്കോര്‍ഡ് തുകയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയിട്ടുണ്ട്. 2018ലെ താരലേലത്തില്‍ 12.5 കോടി രൂപയ്ക്കായിരുന്നു താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ ഇതിനനുസരിച്ചുള്ള പ്രകടനം ഇതുവരെ സ്റ്റോക്‌സില്‍ നിന്ന് ടീമിന് ലഭിച്ചിട്ടില്ല. 2018ല്‍ 196 റണ്‍സും എട്ട് വിക്കറ്റുകളുമാണ് സ്‌റ്റോക്‌സ് രാജസ്ഥാന് വേണ്ടി നേടിയത്. 13 മത്സരങ്ങളാണ് താരം അന്ന് കളിച്ചത്. 2019ല്‍ 123 റണ്‍സും ആറ് വിക്കറ്റുകളും ഒമ്പത് മത്സരങ്ങളില്‍ നിന്ന് നേടി. എന്നാല്‍ ഇത്തവണ ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായിട്ടാണ് സ്‌റ്റോക്‌സിന്റെ വരവ്. രാജസ്ഥാന് അതുകൊണ്ട് തന്നെ പ്രതീക്ഷകള്‍ ഏറെയാണ്.