IPL 2020: ബിസിസിഐക്ക് ലോട്ടറി, പെട്ടിയില്‍ വീണത് 4,000 കോടി രൂപ

സംഭവബഹുലമായിരുന്നു ഈ വര്‍ഷത്തെ ഐപിഎല്‍. കൊറോണഭീതിക്കിടയിലും ഐപിഎല്‍ നടത്താന്‍ ബിസിസിഐ മുന്നിട്ടിറങ്ങിയതുതന്നെ ഭീമന്‍ വരുമാനം കണ്ടുകൊണ്ടാണ്. എന്തായാലും ഐപിഎല്‍ ഏഴാം പതിപ്പ് ഭംഗിയായി സമാപിച്ചു; കണക്കുകൂട്ടിയതിലും കൂടുതല്‍ പണം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പെട്ടിയിലും വീണു. യുഎഇയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും 4,000 കോടി രൂപയുടെ വരുമാനമാണ് ബിസിസിഐ നേടിയത്.

ടിവിയില്‍ കളി കണ്ടവരുടെ എണ്ണവും കുതിച്ചുച്ചാടി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനവ് ടിവി കാഴ്ച്ചക്കാരുടെ കാര്യത്തില്‍ സംഭവിച്ചു - ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് യുഎഇയില്‍ ഐപിഎല്‍ ടൂര്‍ണമെന്റ് നടന്നത്. ദുബായ്, അബുദാബി, ഷാര്‍ജ സ്റ്റേഡിയങ്ങള്‍ മത്സരങ്ങള്‍ക്ക് വേദിയായി. ഈ കാലയളവില്‍ 30,000 -ത്തില്‍പ്പരം കൊവിഡ് പരിശോധനകളാണ് ബിസിസിഐ നടത്തിയത്. കളിക്കാര്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റിന്റെ ഭാഗമായ 1,800 ഓളം പേര്‍ കൊവിഡ് പരിശോധനകള്‍ക്ക് വിധേയമായി, ധുമാല്‍ അറിയിച്ചു.

ഇതേസമയം, ഏതെല്ലാം ഉറവിടങ്ങളില്‍ നിന്ന് എത്ര വരുമാനം കിട്ടിയെന്ന കാര്യത്തില്‍ ധുമാല്‍ വിശദീകരണം നല്‍കിയിട്ടില്ല. ഒപ്പം, ടൂര്‍ണമെന്റിന്റെ മൊത്തം ടിവി കാഴ്ച്ചക്കാരുടെ എണ്ണവും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എന്തായാലും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നിന്നാകണം സിംഹഭാഗം വരുമാനവും ബിസിസിഐ കണ്ടെത്തിയിട്ടുണ്ടാവുക. അഞ്ച് വര്‍ഷത്തേക്ക് ഐപിഎല്‍ ടൂര്‍ണമെന്റുകളുടെ സംപ്രേക്ഷണാവകാശം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയിട്ടുണ്ട്. 16,347 കോടി രൂപയുടേതാണ് കരാര്‍. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് ഐപിഎല്ലിനെ യുഎഇയിലേക്ക് ബിസിസിഐ പറിച്ചുനട്ടത്.

ഐപിഎല്ലിന് മുന്നോടിയായി യുഎഇയില്‍ ബിസിസിഐ നേരിട്ട പ്രതിസന്ധികളിലേക്കും അരുണ്‍ ധുമാല്‍ വെളിച്ചം വീശുന്നുണ്ട്. ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് ബാധിച്ചെന്ന വാര്‍ത്തയാണ് ബിസിസിഐയെ ആദ്യം പ്രതിരോധത്തിലാക്കിയത്. യുഎഇയില്‍ മൂന്നുമാസത്തോളം ചിലവഴിക്കേണ്ടതുണ്ട്. ഇതിനിടെ താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. എന്നാല്‍ ടൂര്‍ണമെന്റ് ഭംഗിയായി നടക്കുമെന്ന് ജയ് ഷാ ഉറപ്പുനല്‍കി. അദ്ദേഹത്തിന്റെ വാക്കിന്മേലാണ് ബിസിസിഐ ടൂര്‍ണമെന്റിന് ഇറങ്ങിപ്പുറപ്പെട്ടതും, ധുമാല്‍ അറിയിച്ചു.

ടൂര്‍ണമെന്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഈ വര്‍ഷം 35 ശതമാനത്തോളം ചിലവ് കുറയ്ക്കാന്‍ ബിസിസിഐക്ക് കഴിഞ്ഞു. മറുഭാഗത്ത് ടിവി കാഴ്ച്ചക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലെ ഉദ്ഘാടന മത്സരത്തിലാണ് കാഴ്ച്ചക്കാരുടെ ഏറ്റവും കൂടുതല്‍ പങ്കാളിത്തമുണ്ടായത്. ഐപിഎല്‍ നടത്തുന്നത് എതിര്‍ത്തിരുന്നവര്‍ പോലും ഈ ഘട്ടത്തില്‍ പിന്തുണയുമായി രംഗത്തെത്തിയെന്ന് ബിസിസിഐ ട്രഷറര്‍ പറഞ്ഞു. യുഎഇ, ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുകളാണ് ഐപിഎല്ലിന് വേദിയാകാന്‍ സന്നദ്ധത അറിയിച്ചത്. യുഎഇയില്‍ മുന്‍പും ഐപിഎല്‍ നടന്നിട്ടുള്ളതുകൊണ്ട് ബിസിസിഐ യുഎഇയെ ടൂര്‍ണമെന്റിനായി തിരഞ്ഞെടുത്തു.

മിക്ക ടീമുകളും 40 -ല്‍പ്പരം അംഗങ്ങളുമായാണ് യുഎഇയിലേക്ക് വിമാനം കയറിയത്. മുംബൈ ഇന്ത്യന്‍സിന്റെ സംഘത്തില്‍ തുന്നല്‍ക്കാരന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ഹെയര്‍ ഡ്രസര്‍ ഉള്‍പ്പെടെ 150 -ല്‍പ്പരം ആളുകളുണ്ടായിരുന്നു. കൊവിഡ് ബാധ മുന്‍നിര്‍ത്തി 200 ഓളം റൂമുകള്‍ ക്വാറന്റൈന്‍ സൗകര്യത്തിനായി മാത്രം ബിസിസിഐ ഏര്‍പ്പാട് ചെയ്തിരുന്നതായും ധുമാല്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ചെന്നൈ ക്യാംപില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടവരുത്തിയിരുന്നു. എന്നാല്‍ സ്ഥിതി ഗുരുതരമല്ലെന്ന് പിന്നാലെ വ്യക്തമായി. ഇതേത്തുടര്‍ന്ന് സംഘത്തിലെ അംഗങ്ങള്‍ മുഴുവന്‍ നിരീക്ഷണത്തിലേക്ക് കടന്നിരുന്നതായി ഇദ്ദേഹം സൂചിപ്പിച്ചു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: ipl 2020 bcci
Story first published: Monday, November 23, 2020, 16:11 [IST]
Other articles published on Nov 23, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X