ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കുകയാണ്. ടീമുകളെല്ലാം ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഇതുവരെയായും ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെ ഐപിഎല്‍ ഷെഡ്യൂള്‍ എന്ന് പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
സെപ്റ്റംബര്‍ നാലിന് ഐപിഎല്ലിന്റെ പൂര്‍ണ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുവരെയുള്ള സീസണുകളില്‍ നേരത്തെ തന്നെ ഷെഡ്യൂള്‍ പ്രഖ്യാപിക്കാറുണ്ടായിരുന്നു. എന്നാല്‍ നിലവിലെ കൊറോണ വൈറസിന്റെ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഷെഡ്യൂള്‍ പ്രഖ്യാപനം വൈകിപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ഷെഡ്യൂള്‍ പ്രഖ്യാപിക്കാന്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ബിസിസിഐക്ക് തടസമായി നിന്നത്. അതില്‍ പ്രധാനപ്പെട്ടത് സിഎസ്‌കെ ക്യാംപിലെ കോനിഡ് വ്യാപനമാണ്. ടീമിലെ 13ലധികം താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും രോഗം ബാധിച്ചത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം ഉണ്ടായിട്ടുണ്ടോ, രോഗ ഉറവിടം ഏതാണ് തുടങ്ങിയ കാര്യങ്ങളിലെല്ലാം വലിയ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ സിഎസ്‌കെ താരങ്ങളുടെ അവസാന കോവിഡ് പരിശോധനാ ഫലത്തില്‍ എല്ലാവര്‍ക്കും നെഗറ്റിവായിട്ടുണ്ട്.
ഇന്ന് നടക്കുന്ന പരിശോധനാ ഫലം കൂടി പുറത്തുവന്നതിന് ശേഷം മാത്രമെ സിഎസ്‌കെ താരങ്ങള്‍ പരിശീലനം ആരംഭിക്കു. സിഎസ്‌കെ ഒഴികെ മറ്റുള്ള ടീമുകളെല്ലാം പരിശീലനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ബിസിസിഐ നേരിട്ട രണ്ടാമത്തെ വെല്ലുവിളി ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ താരങ്ങള്‍ ഐപിഎല്ലിനെത്താന്‍ വൈകുന്നതാണ്. സെപ്റ്റംബര്‍ 4 മുതല്‍ 16വരെ ഇരു രാജ്യങ്ങളും തമ്മില്‍ പരിമിത ഓവര്‍ പരമ്പര കളിക്കുന്നുണ്ട്. അതിനാല്‍ ഇരു രാജ്യത്തെയും താരങ്ങള്‍ ഐപിഎല്ലിനെത്താന്‍ വൈകും.
നിലവിലെ യുഎഇയിലെ കോവിഡ് ചട്ട പ്രകാരം താരങ്ങള്‍ 6 ദിവസം ക്വാറന്റെയ്‌നില്‍ ഇരിക്കേണ്ടി വരും. അതിനാല്‍ ആദ്യ മത്സരങ്ങള്‍ ഇവര്‍ക്ക് നഷ്ടമായേക്കും. അതിനാല്‍ ഇംഗ്ലണ്ടില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും കൂടുതല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ടീമുകളുടെ ഷെഡ്യൂളില്‍ പരിഗണന നല്‍കേണ്ടി വരും. ഇനിയും ഷെഡ്യൂള്‍ വൈകിയാല്‍ കാര്യങ്ങള്‍ കുഴഞ്ഞ് മറിയുമെന്നതിനാല്‍ എത്രയും വേഗം ഷെഡ്യൂള്‍ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസി ഐ.