അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനായുള്ള ഷെഡ്യൂള്‍ പ്രഖ്യാപനം ഇനിയും വൈകും. ഈ മാസം അവസാനത്തോടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിലെ 13ഓളം താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഷെഡ്യൂള്‍ പ്രഖ്യാപനത്തില്‍ നിന്ന് ബിസിസിഐ പിന്തിരിയുകയായിരുന്നു. 'നിലവിലെ സാഹചര്യം ടൂര്‍ണമെന്റിന് വെല്ലുവിളി ഉയര്‍ത്തുന്നതല്ല. എന്നാല്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ ഷെഡ്യൂള്‍ പ്രഖ്യാപനം ഇനിയും വൈകും'-ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 19നാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. ആഗസ്റ്റ് 21ഓടെ ഒട്ടുമിക്ക ടീമുകളും യുഎഇയിലെത്തി ക്വാറന്റെയ്‌നില്‍ പ്രവേശിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും പരിശീലന ക്യാംപ് ആരംഭിച്ചതിന് പിന്നാലെയാണ് സിഎസ്‌കെ താരങ്ങളില്‍ കൂട്ടത്തോടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ പദ്ധതികളെല്ലാം തകിടം മറിഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ടീമിന്റെ കാര്യത്തിലും ഉറപ്പ് പറയാന്‍ സാധിക്കാത്തതിനാലാണ് ഷെഡ്യൂള്‍ പ്രഖ്യാപനം വൈകുന്നത്. ടൂര്‍ണമെന്റിന്റെ ടെലിവിഷന്‍ സംപ്രേഷണ അവകാശമുള്ള സ്റ്റാര്‍ ചാനലുകള്‍ക്കും ഷെഡ്യൂള്‍ പുറത്തുവന്നതിന് ശേഷമേ സമയക്രമത്തിനനുസരിച്ച് പരിപാടികള്‍ തയ്യാറാക്കാന്‍ സാധിക്കു. അതിനാല്‍ എത്രയും വേഗം ഷെഡ്യൂള്‍ പുറത്തുവിടാന്‍ ബിസിസി ഐ ശ്രമിക്കുന്നതിനിടെയാണ് സിഎസ്‌കെ ക്യാംപില്‍ കോവിഡ് സ്ഥിരീകരിച്ചത്.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാവും ഉദ്ഘാടന മത്സരമെന്ന സൂചനകളും ഇതിനിടെ പുറത്തുവന്നിരുന്നു. ഐപിഎല്ലിന് തൊട്ടുമുമ്പായി ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പര നടക്കുന്നുണ്ട്. ഇതിന് ശേഷം മാത്രമെ ഇരു രാജ്യത്തെയും താരങ്ങള്‍ ഐപിഎല്ലിനായി എത്തുകയുള്ളു. വിദേശ താരങ്ങളുടെ അഭാവം ചില ടീമുകളെ കാര്യമായി ബാധിക്കുന്നതിനാലാണ് അവരുടെ യുഎഇയിലേക്കുള്ള വരവിന്റെ കൃത്യമായ വിവരം ലഭിച്ചതിന് ശേഷം ഷെഡ്യൂള്‍ ക്രമീകരിക്കാമെന്ന നിലപാട് ബിസിസിഐ സ്വീകരിച്ചത്.
സിഎസ്‌കെയില്‍ ദീപക് ചഹാര്‍ അടക്കമുള്ള പല പ്രമുഖ താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അതിനിടെ ചെന്നൈയില്‍ സിഎസ്‌കെ സംഘടിപ്പിച്ച മിനി ക്യംപിനിടയിലും ദുബായ് വിമാനത്താവളത്തില്‍ എത്തിയപ്പോഴും ചെന്നൈ താരങ്ങള്‍ കോവിഡ് ചട്ടം ലംഘിച്ചുവെന്ന് വ്യക്തമാക്കുന്ന വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്തായാലും സിഎസ്‌കെ ക്യംപിലെ രോഗവ്യാപനം ടൂര്‍ണമെന്റിനെ ആകെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.