ദുബായ്: സണ്‍റൈസേഴ്‌സിനെതിരായ തോല്‍വിക്ക് കാരണങ്ങളുണ്ടെന്ന് എബി ഡിവില്യേഴ്‌സ്. പെട്ടെന്ന് വിക്കറ്റുകള്‍ വീണതാണ് ഷാര്‍ജയില്‍ ഞങ്ങളുടെ തോല്‍വിക്ക് കാരണമായത്. ജോഷ്വാ ഫിലിപ്പും ഞാനും നല്ല രീതിയില്‍ കളിച്ചുവരികയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഞാനും ജോഷ്വയും പുറത്തായത് മത്സരത്തെ മാറ്റി മറിച്ചെന്നും ഡിവില്യേഴ്‌സ് വ്യക്തമാക്കി. എല്ലാ ക്രെഡിറ്റും ഹൈദരാബാദിനുള്ളതാണ്. അവര്‍ ഗംഭീരമായിട്ടാണ് പന്തെറിഞ്ഞത്. ബൗണ്ടറി അടിക്കാനുള്ള പന്തുകള്‍ അവര്‍ അധികമൊന്നും തന്നില്ല. പവര്‍പ്ലേയില്‍ ഹൈദരാബാദിന്റെ പേസര്‍മാര്‍ വളരെ നന്നായി പന്തെറിഞ്ഞു. അവര്‍ ബൗളിംഗില്‍ അധികം പിഴവുകളൊന്നും വരുത്തിയില്ലെന്നും ഡിവില്യേഴ്‌സ് പറഞ്ഞു.

പവര്‍പ്ലേയിലെ നേട്ടം അവര്‍ നല്ല രീതിയില്‍ ഉപയോഗിച്ചു. റാഷിദ് ഖാന്‍ വന്നതോടെ കാര്യങ്ങള്‍ കുറച്ച് കൂടി കടുപ്പമായി. റാഷിദില്‍ നിന്ന് മോശം പന്തുകള്‍ വരാന്‍ വലിയ ബുദ്ധിമുട്ടാണ്. ഒരുപാട് സമ്മര്‍ദമാണ് ഞങ്ങളില്‍ അവരുണ്ടാക്കിയത്. അതിന് ശേഷമാണ് മത്സരത്തിലെ വഴിത്തിരിവുണ്ടായത്. തുടര്‍ച്ചയായി ഞാനും ജോഷ്വയും പുറത്തായി. കുറഞ്ഞത് 30 റണ്‍സെങ്കിലും ഞങ്ങള്‍ക്ക് അതിലൂടെ നഷ്ടമായി. ഈ സ്‌കോര്‍ കൊണ്ട് ജയിക്കാന്‍ സാധിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. കാരണം രണ്ടാം ഇന്നിംഗ്‌സില്‍ ഗ്രൗണ്ട് വല്ലാതെ നനഞ്ഞിരുന്നു. പന്തെറിയുക ബുദ്ധിമുട്ടായിരുന്നു. 140 റണ്‍സ് നേടിയിരുന്നെങ്കില്‍ പോലും അത് മതിയാകാതെ വരുമായിരുന്നുവെന്നും ഡിവില്യേഴ്‌സ് വ്യക്തമാക്കി.
്ഞങ്ങള്‍ വളരെ പ്ലാന്‍ ചെയ്ത് തയ്യാറായിട്ടാണ് കളിക്കളത്തില്‍ എത്തിയത്. മുന്നൊരുക്കങ്ങളെല്ലാം കൃത്യമായി നടന്നിരുന്നു. ഇതുവരെയുള്ള മത്സരങ്ങളില്‍ ഞങ്ങള്‍ നല്ല പ്രകടനമാണ് നടത്തിയത്. ഹൈദരാബാദിനെതിരെ ഞങ്ങള്‍ സാധ്യമായ എല്ലാം ഉപയോഗിച്ച് കളിക്കുമെന്നായിരുന്നു കരുതിയത്. പക്ഷേ അവര്‍ ഗംഭീരമായി പന്തെറിഞ്ഞു. അവരുടെ ഭാഗത്ത് നിന്ന് പിഴവുകളും ഉണ്ടായില്ല. പക്ഷേ അവര്‍ പിഴവുകള്‍ വരുത്തിയില്ല എന്ന് പറയുന്നതില്‍ കാര്യമില്ല. ഞങ്ങള്‍ നന്നായി തന്നെ കളിക്കണമായിരുന്നു. പക്ഷേ അവര്‍ ഞങ്ങളുടെ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദത്തിലാക്കി എന്ന് തുറന്ന് പറയേണ്ട കാര്യം തന്നെയാണെന്നും ഡിവില്യേഴ്‌സ് പറഞ്ഞു.
തുടര്‍ച്ചയായി മൂന്ന് മത്സരം തോല്‍ക്കുക എന്നത് കടുപ്പമേറിയ കാര്യമാണ്. അതൊരിക്കലും ഒരു ടീമും ആഗ്രഹിക്കാത്ത കാര്യമാണ്. എന്നാല്‍ ഈ ടൂര്‍ണമെന്റ് അങ്ങനെയാണ്. എന്ത് വേണമെങ്കിലും സംഭവിക്കാം. നിങ്ങള്‍ മൂന്ന് കളി തോറ്റിട്ടുണ്ടെങ്കില്‍, മൂന്ന് കളി തുടര്‍ച്ചയായി ജയിക്കാനും ഈ ടൂര്‍ണമെന്റില്‍ സാധിക്കും. ഡല്‍ഹിക്കെതിരായ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ ഞങ്ങള്‍ക്ക് ജയിക്കേണ്ടതുണ്ട്. ആ ദിവസം ഞങ്ങളുടെ ഏറ്റവും ബെസ്റ്റ് കളി തന്നെ പുറത്തെടുക്കും. ആ കളി ജയിച്ചാല്‍ ഞങ്ങളെ സംബന്ധിച്ച് എല്ലാ കാര്യവും ശരിയായി വരുമെന്നും ഡിവില്യേഴ്‌സ് പറഞ്ഞു. അതേസമയം ആര്‍സിബി അടുത്ത മത്സരം ജയിച്ചിട്ടില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും.