
ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിച്ച രോഹിതിന്റെ മിടുക്കിനെയാണ് ആകാശ് ചോപ്ര പ്രശംസിച്ചത്. 'ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചതില്‍ രോഹിത് ശര്‍മ നായകനെന്ന നിലയില്‍ മികവുകാട്ടി. എല്ലാ ബൗളര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കൃത്യമായി അവരെ ഉപയോഗിച്ചത് മനോഹരമായിരുന്നു. ഫീല്‍ഡിങ് ഒരുക്കിയതും മികച്ചതായിരുന്നു. സര്‍ഫറാസ് ഖാന്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ കീപ്പര്‍ക്ക് പിന്നിലായി ഫീല്‍ഡറെ നിര്‍ത്തിയത് മികച്ച തീരുമാനം ആയിരുന്നു.

നായകനെന്ന നിലയില്‍ രോഹിത് മിടുക്കനാണ്. മുംബൈ ഇന്ത്യന്‍സ് വിജയിച്ച രണ്ട് മത്സരത്തിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ രോഹിത് തിളങ്ങി. കെകെആറിനെതിരെയും രോഹിത് നേടിയ റണ്‍സാണ് മുംബൈക്ക് കരുത്തായത്. രോഹിത് തിളങ്ങാത്ത രണ്ട് മത്സരത്തിലും മുംബൈ തോല്‍ക്കുകയും ചെയ്തു'-ആകാശ് പറഞ്ഞു. പഞ്ചാബ് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ആദ്യ മൂന്ന് ഓവറില്‍ 10 റണ്‍സിലധികമായിരുന്നു പഞ്ചാബിന്റെ സ്‌കോര്‍.

ട്രന്റ്‌ബോള്‍ട്ടും പാറ്റിന്‍സനും ന്യൂ ബോളില്‍ നിരാശപ്പെടുത്തിയതോടെ ക്രുണാല്‍ പാണ്ഡ്യയെ എത്തിച്ച രോഹിത് ശര്‍മയുടെ തന്ത്രം ഫലിച്ചു. റണ്‍സ് നിരക്ക് കുറഞ്ഞതോടെ ബൂംറയെ എത്തിച്ച് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു. സ്പിന്നര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയ രോഹിതിന്റെ നായക മികവിന് മുന്നിലാണ് കരുണ്‍ നായരും കെ എല്‍ രാഹുലും വീണത്. ഇടവേളയ്ക്ക് ശേഷം പാറ്റിന്‍സനെ എത്തിച്ച് ക്രീസില്‍ നിലയുറപ്പിച്ച നിക്കോളാസ് പുരാനെ വീഴ്ത്തിയതും രോഹിതിന്റെ മിടുക്കാണ്.

കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ ബൗളിങ് സഹായമില്ലാതെ തന്നെ പഞ്ചാബിനെ തളക്കാന്‍ രോഹിതിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ബാറ്റിങ് ദുഷ്‌കരമായിരുന്ന അബുദാബിയില്‍ മുംബൈയുടെ ബാറ്റിങ് പ്രകടനത്തെയും ആകാശ് പ്രശംസിച്ചു. 'ആ മൈതാനത്ത് ബാറ്റിങ് ദുഷ്‌കരമായിരുന്നു. ക്വിന്റന്‍ ഡീകോക്ക് മികച്ച രീതിയിലാണ് കളിച്ചതെന്ന് എന്നാല്‍ പുറത്തായ പന്ത് ടോപ് ക്ലാസ് സ്വിങ്ങായിരുന്നു. ഇഷാന്‍ കിഷന്‍ ടൈമിങ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടി.

അനാവശ്യമായി ഷോട്ട് കളിച്ച് വിക്കറ്റ് കളയരുതെന്ന് രോഹിത് നിര്‍ദേശച്ചതിനാലാവാം കഴിഞ്ഞ ദിവസം വമ്പന്‍ അടി പുറത്തെടുത്ത ഇഷാന്‍ പതിയെ കളിച്ചത്. പൊള്ളാര്‍ഡും ഹര്‍ദികും അവസാന അഞ്ച് ഓവറില്‍ നേടിയത് 89 റണ്‍സാണ്. 6 ഓവറില്‍ മുംബൈ നേടിയത് 104 റണ്‍സ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ ഇത്തരത്തില്‍ അവസാന ഓവറുകളില്‍ മികച്ച റണ്‍സ് നേടുന്നത്. അവസാന ഓവറില്‍ കെ ഗൗതത്തിനെതിരേ 25 റണ്‍സും നേടി. എതിര്‍ ടീം ബൗളര്‍മാരെ ക്രൂരമായി കൊലപാതകം ചെയ്യുന്ന ബാറ്റിങ്ങാണ് മുംബൈയുടേത്'-ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications