വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: വലിയ കാശ് വാങ്ങി ദുരന്തനായകന്മാരായ 5 താരങ്ങള്‍

ട്വന്റി-20 ഫോര്‍മാറ്റെന്നാല്‍ ബൗളര്‍മാരുടെ 'ശവപ്പറമ്പെന്ന്' കരുതിയിരുന്ന കാലമുണ്ടായിരുന്നു ക്രിക്കറ്റിന്. എന്നാല്‍ കാലം മാറി. ബൗളര്‍മാര്‍ കൂടുതല്‍ 'സ്മാര്‍ട്ടായി'. ബാറ്റ്‌സ്മാന്മാരെക്കൊണ്ട് മാത്രം കളി ജയിക്കാന്‍ കഴിയില്ലെന്ന ബോധ്യം ടീമുകള്‍ക്ക് ഇപ്പോഴുണ്ട്. നടന്നുകൊണ്ടിരിക്കുന്നു യുഎഇ 'എഡിഷന്‍' ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ചിത്രം മറ്റൊന്നല്ല. ബാറ്റ്‌സ്മാന്മാരെ കാഴ്ച്ചക്കാരാക്കി ബൗളര്‍മാരും ഫീല്‍ഡര്‍മാരും ഒരുപോലെ അപ്രമാദിത്വം കയ്യടക്കുന്നു.

IPL 2020: 5 Bowlers With High Price Tags Disappointed So Far
കളംനിറഞ്ഞ് ബൌളർമാർ

വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരെ നിഷ്പ്രഭമാക്കുന്ന നിരവധി ഗംഭീരന്‍ പ്രകടനങ്ങള്‍ ബൗളര്‍മാരുടെ പക്കല്‍ നിന്ന് ടൂര്‍ണമെന്റ് കണ്ടുകഴിഞ്ഞു. കഗീസോ റബാദയുടെ 'റെക്കോര്‍ഡ് ബ്രേക്കിങ്' സ്‌പെല്‍ മുതല്‍ രവി ബിഷ്‌ണോയുടെ മാസ്മരിക സ്പിന്‍ വരെ ഇതിലുണ്ട്. ഇക്കുറി ക്രീസില്‍ വേഗംകൊണ്ട് ഞെട്ടിച്ചവരും കുറവല്ല. ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആന്റിച്ച് നോര്‍ക്കിയ ഐപിഎല്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും വേഗമേറിയ പന്തുകളാണ് എറിഞ്ഞുകൊണ്ടിരിക്കുന്നത്.

ദുരന്തനായകന്മാർ

ഇതൊക്കെയാണെങ്കിലും സീസണ്‍ പാതി പിന്നിടുമ്പോള്‍ ടീമിന്റെ കുതിപ്പിനൊപ്പം എത്താനാവാതെ കിതയ്ക്കുന്ന ബൗളര്‍മാരെയും ഐപിഎല്ലില്‍ കാണാം. മുന്‍ സീസണിലെ പ്രകടനം കണ്ട് ഫ്രാഞ്ചൈസികള്‍ വലിയ വിലകൊടുത്ത് വാങ്ങിയവര്‍. എന്നാല്‍ ഉയര്‍ന്ന പ്രൈസ് ടാഗുതന്നെ ചില ബൗളര്‍മാര്‍ക്ക് വിനയാവുകയാണ്. ഈ അവസരത്തില്‍ ഐപിഎല്‍ 2020 സീസണില്‍ തകര്‍ന്നു തരിപ്പണമായ അഞ്ചു ബൗളര്‍മാരെ ചുവടെ കാണാം (ആദ്യ 34 ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി).

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവിന് പ്രത്യേക മുഖവുര ആവശ്യമില്ല. ഇന്ത്യന്‍ ദേശീയ ടീമിലെ നിര്‍ണായക ചൈനാമാന്‍ ബൗളര്‍. രാജ്യാന്തര മത്സരങ്ങളിലെ മികച്ച പ്രകടനം മുന്‍നിര്‍ത്തി താരം ഇന്ത്യന്‍ ടീമിലെ പതിവുകാരനാവുകയാണ്. എന്നാല്‍ ഐപിഎല്‍ 2020 എഡിഷനിലേക്ക് വരുമ്പോള്‍ കുല്‍ദീപ് പാടെ നിറംമങ്ങി നില്‍ക്കുന്നു. ഇയാന്‍ മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇനിയും കാത്തുനില്‍ക്കുകയാണ് കുല്‍ദീപില്‍ നിന്നൊരു മികച്ച ബൗളിങ് പ്രകടനത്തിനായി.

ഒരു വിക്കറ്റ് മാത്രം

കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന ലേലത്തില്‍ 5.8 കോടി രൂപയ്ക്കാണ് കുല്‍ദീപ് യാദവിനെ കൊല്‍ക്കത്ത നിലനിര്‍ത്തിയത്. എന്നാലോ, ഈ സീസണില്‍ ആകെ നാലുതവണ മാത്രമാണ് കുല്‍ദീപിനെ ടീം കളിപ്പിച്ചതും. നിരാശജനകമായ പ്രകടനംതന്നെ കാരണം. ഇതുവരെ 72 പന്തുകള്‍ കുല്‍ദീപ് ഈ സീസണില്‍ എറിഞ്ഞുകഴിഞ്ഞു. നേടിയതാകട്ടെ കേവലം ഒരു വിക്കറ്റും.

ജയദേവ് ഉനദ്ഘട്ട്

ജയദേവ് ഉനദ്ഘട്ട്

ജയദേവ് ഉനദ്ഘട്ടിനോടുള്ള രോഷം രാജസ്ഥാന്‍ ആരാധകര്‍ക്ക് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ബാംഗ്ലൂരിനെതിരെ ജയിക്കാവുന്ന കളിയാണ് ഉനദ്ഘട്ടിന്റെ ഒരോവര്‍കൊണ്ട് നഷ്ടപ്പെട്ടത്. അന്ന് ഉനദ്ഘട്ടിനെ തിരഞ്ഞുപിടിച്ച് അടിക്കുകയായിരുന്നു എബി ഡിവില്ലേഴ്‌സ്. 'സ്ലോ ബോളുകളാണ്' ഉനദ്ഘട്ടിന്റെ പ്രധാന ആയുധം. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ താരം വേഗം കുറഞ്ഞ ഓഫ് കട്ടറുകളെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടിയാകുന്നു. യോര്‍ക്കറുകള്‍ എറിയാനുള്ള മടിയും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

3 കോടി രൂപ

കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ സൗരാഷ്ട്രയ്ക്കായി മിന്നും പ്രകടനം കാഴ്ച്ചവെച്ചാണ് ജയദേവ് ഉനദ്ഘട്ട് ഐപിഎല്‍ കളിക്കാനെത്തിയത്. സൗരാഷ്ട്ര ടീം രഞ്ജി ട്രോഫി നേടിയതില്‍ ഈ മീഡിയം പേസര്‍ക്കുള്ള പങ്കുമേറെ. പക്ഷെ യുഎഇയില്‍ ബാറ്റ്‌സ്മാന്മാരെല്ലാം ഉനദ്ഘട്ടിനെ എളുപ്പം പഠിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തനിക്ക് ലഭിച്ച 3 കോടി രൂപയുടെ പ്രൈസ് ടാഗിനെ ന്യായീകരിക്കാന്‍ ഉനദ്ഘട്ടിന് തീരെ കഴിയുന്നില്ല. സീസണില്‍ ഇതുവരെ 7 മത്സരങ്ങളില്‍ നിന്നും 4 വിക്കറ്റുകളാണ് ഉനദ്ഘട്ട് നേടിയത്.

പിയൂഷ് ചൗള

പിയൂഷ് ചൗള

6.75 കോടി രൂപയ്ക്കാണ് പിയൂഷ് ചൗളയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയത്. എന്നാല്‍ ചൗളയ്ക്കായി ഇത്രയേറെ പണം മുടക്കിയത് വെറുതെയായോ എന്ന സംശയത്തിലാകണം ഇപ്പോള്‍ ചെന്നൈ ഫ്രാഞ്ചൈസി. മുംബൈയുമായുള്ള സീസണിലെ ആദ്യ മത്സരത്തിന് ശേഷം ചൗള കാര്യമായ പ്രകടനമൊന്നും കാഴ്ച്ചവെച്ചിട്ടില്ല.

സഞ്ജു അടിച്ചുപ്പറത്തി

6 മത്സരങ്ങളില്‍ നിന്നും 6 വിക്കറ്റുകളുണ്ടെന്നതൊഴിച്ചാല്‍ നേട്ടങ്ങളും അപൂര്‍വം. രാജസ്ഥാനുമായുള്ള മത്സരത്തിലാണ് ചൗള കാര്യമായി അടിവാങ്ങിയത്. അന്ന് നാലോവറില്‍ 55 റണ്‍സ് താരത്തിന് വഴങ്ങേണ്ടി വന്നു. മലയാളി താരം സഞ്ജു സാംസണാണ് ചൗളയെ തിരഞ്ഞുപിടിച്ച് അടിച്ചത്.

ഡെയ്ല്‍ സ്റ്റെയ്ന്‍

ഡെയ്ല്‍ സ്റ്റെയ്ന്‍

ഒരുകാലത്ത് ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചിരുന്ന കുന്തമുന. പക്ഷെ പ്രതാപകാലത്തിന്റെ നിഴലില്‍ മാത്രം ഒതുങ്ങിപ്പോവുകയാണ് ഈ സീസണില്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍. കഗീസോ റബാദയും ജോഫ്ര ആര്‍ച്ചറും ആന്റിച്ച് നോര്‍ക്കിയയും കളംനിറയുമ്പോള്‍ പല്ലുകൊഴിഞ്ഞ സിംഹം കണക്കെ സ്‌റ്റെയ്ന്‍ ഇതെല്ലാം കണ്ടുനില്‍ക്കുന്നു. നിലവില്‍ ബാംഗ്ലൂരിന്റെ പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ് ഇദ്ദേഹം. ഇസുരു ഉഡാനയും ക്രിസ് മോറിസും സ്‌റ്റെയ്‌നെ മറികടന്ന് കോലിയുടെ ടീമിലെ പതിവുകാരാകുന്നു.

ആർസിബി മുന്നിൽ

സ്റ്റെയ്‌ന്റെ അഭാവത്തിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം കയ്യടക്കിയെന്ന വസ്തുതയും ഇവിടെ ചൂണ്ടിക്കാട്ടണം. കഴിഞ്ഞ ലേലത്തില്‍ സ്റ്റെയ്‌നെ ബാംഗ്ലൂര്‍ ആദ്യം വിട്ടുകളഞ്ഞിരുന്നു. എന്നാല്‍ ആരും വാങ്ങുന്നില്ലെന്ന് കണ്ടതോടെ രണ്ടു കോടി രൂപ അടിസ്ഥാനവിലയ്ക്ക് താരത്തെ വീണ്ടും ഫ്രാഞ്ചൈസി തിരിച്ചുപിടിക്കുകയാണുണ്ടായത്.

ഷെല്‍ഡണ്‍ കോട്രല്‍

ഷെല്‍ഡണ്‍ കോട്രല്‍

കരീബിയന്‍ പേസറായ ഷെല്‍ഡണ്‍ കോട്രലിനെ 8.5 കോടി രൂപയെന്ന ഭീമന്‍ തുകയ്ക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് വലയിട്ടു പിടിച്ചത്. സീസണില്‍ പഞ്ചാബിന്റെ സ്ഥിരം ബൗളറുമാണ് ഇദ്ദേഹം. എന്നാല്‍ കോട്രലില്‍ നിന്നും 'മാച്ച് വിന്നിങ് പെര്‍ഫോര്‍മന്‍സ്' ഫ്രാഞ്ചൈസി ഇനിയും കണ്ടിട്ടില്ല. നിലവില്‍ 6 മത്സരങ്ങളില്‍ നിന്നും 6 വിക്കറ്റുകള്‍ കോട്രലിന്റെ പേരിലുണ്ട്. ഇതേസമയം, പഞ്ചാബുമായുള്ള മുന്‍മത്സരത്തില്‍ രാഹുല്‍ തെവാട്ടിയ ഒരോവറില്‍ പായിച്ച അഞ്ച് സിക്‌സുകള്‍ കോട്രലിന്റെ മാനം കെടുത്തുന്നു. അന്ന് ഇതേ ഓവറിനെത്തുടര്‍ന്നാണ് പഞ്ചാബ് തോറ്റതും. ഡെത്ത് ഓവറുകളില്‍ താരത്തിന്റെ പന്തുകള്‍ കൃത്യമായി പ്രവചിക്കപ്പെടുന്നതാണ് പ്രശ്‌നം. യോര്‍ക്കറുകള്‍ക്ക് കൃത്യത കുറയുന്നതും കോട്രലിന്റെ പോരായ്മയായി മാറുന്നു.

Story first published: Monday, October 19, 2020, 16:46 [IST]
Other articles published on Oct 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X