
ഇത്തവണ ഫ്രാഞ്ചൈസികളെല്ലാം ഇഞ്ചോടിഞ്ച് പോരടിച്ചു കിരീടത്തിനായി. പ്ലേ ഓഫ് ചിത്രം തെളിയാന്‍ അവസാന ലീഗ് മത്സരംവരെ കാത്തിരിക്കേണ്ടി വന്നതും ടൂര്‍ണമെന്റിന്റെ ആവേശം കൂട്ടി. മുന്‍സീസണുകളില്‍ നിന്നും വ്യത്യസ്തമായി നിരവധി ദേശീയ താരങ്ങളാണ് ഈ വര്‍ഷം 'ലൈം ലൈറ്റില്‍' തിളങ്ങിയത്. ഇഷന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍, കാര്‍ത്തിക് ത്യാഗി, ദേവ്ദത്ത് പടിക്കല്‍, ടി നടരാജന്‍, അക്‌സര്‍ പട്ടേല്‍, അബ്ദുല്‍ സമദ്, രവി ബിഷ്‌ണോയി, കമലേഷ് നാഗര്‍കോട്ടി തുടങ്ങിയവര്‍ രാജ്യാന്തര തലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടു.

രാഹുല്‍ തെവാട്ടിയ, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങള്‍ നടത്തിയ 'മാച്ച് വിന്നിങ്' പ്രകടനങ്ങളും ആരാധകരെ അമ്പരപ്പിച്ചു. ഇതേസമയം, മറുഭാഗത്ത് വന്‍നിരാശകള്‍ക്കും ഐപിഎല്‍ 2020 പതിപ്പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പേരും പ്രശസ്തിയും കണ്ട് ഫ്രാഞ്ചൈസികള്‍ 'പൊക്കിക്കൊണ്ടുനടന്ന' താരങ്ങളില്‍ പലരും നനഞ്ഞ പടക്കങ്ങളായി. ഈ അവസരത്തില്‍ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ അമ്പെ പരാജയപ്പെട്ട പതിനൊന്ന് താരങ്ങളെ ചുവടെ കാണാം.

പൃഥ്വി ഷാ
പൃഥ്വി ഷായ്ക്ക് സംഭവിച്ചതെന്തെന്ന് ആലോചിച്ച് തലപുകയ്ക്കുകയായിരിക്കും ഡല്‍ഹി ക്യാപിറ്റല്‍സ്. സീസണില്‍ ഒരിക്കല്‍പ്പോലും ഷായില്‍ നിന്നും നല്ലൊരു പ്രകടനം ഡല്‍ഹി കണ്ടില്ല. പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്തതാണ് ഷായുടെ പ്രശ്‌നം. നിന്നിടത്ത് നിന്ന് മാത്രം ഷോട്ടു കളിക്കുന്നു; 'ഫൂട്ട് വര്‍ക്കുകളിലെ' പോരായ്മ ദൃശ്യം. ടൂര്‍ണമെന്റില്‍ മൂന്നുതവണ താരം പൂജ്യത്തിന് പുറത്തായിട്ടുണ്ട്. നിരവധി തവണ ഒറ്റ അക്കത്തിലും തിരിച്ചുകയറി.

ഷായുടെ അലസമായ സമീപനം പലപ്പോഴും ഓപ്പണിങ് പങ്കാളിയായ ധവാന് മേല്‍ അധിക സമ്മര്‍ദ്ദമാണ് ചെലുത്തിയത്. സിംഗിളുകളും ഡബിളുകളും ഓടാനുള്ള പൃഥ്വി ഷായുടെ മടിയും ഡല്‍ഹിയുടെ സ്‌കോറിങ്ങിനെ ബാധിച്ചു. ഫീല്‍ഡിങ്ങിലും ഊര്‍ജ്ജ്വസ്വലനായ പൃഥ്വി ഷായെയല്ല ആരാധകര്‍ കണ്ടത്. ഫലമോ, അവസാനഘട്ടമായപ്പോഴേക്കും പരിശീലകന്‍ റിക്കി പോണ്ടിങ് പ്ലേയിങ് ഇലവനില്‍ നിന്നും താരത്തെ തുടരെ പുറത്തിരുത്തി. 13 ഇന്നിങ്‌സുകളില്‍ നിന്നും കേവലം 228 റണ്‍സാണ് പൃഥ്വി ഷായുടെ ഈ വര്‍ഷത്തെ സമ്പാദ്യം. ബാറ്റിങ് ശരാശരി 17.54. സ്‌ട്രൈക്ക് റേറ്റ് 136.53.

ആരോണ്‍ ഫിഞ്ച്
ആരോണ്‍ ഫിഞ്ചിന് മേല്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. ട്വന്റി-20 ലോകറാങ്കിങ്ങില്‍ തലപ്പത്തുള്ള ഓസ്‌ട്രേലിയയുടെ നായകന്‍. കംഗാരുപ്പടയുടെ ഓപ്പണറില്‍ നിന്നും അടിയുറച്ച തുടക്കം ഓരോ മത്സരത്തിലും ആര്‍സിബി പ്രതീക്ഷിച്ചു. എന്നാല്‍ പവര്‍പ്ലേയില്‍ ആഞ്ഞടിക്കാന്‍ ഫിഞ്ചിന് സാധിച്ചില്ല. ഓഫ് സ്റ്റംപിലേക്കെത്തുന്ന പന്തുകള്‍ പ്രതിരോധിക്കണോ ആക്രമിക്കണോയെന്ന സംശയത്തില്‍ ഫിഞ്ച് പലപ്പോഴും മടങ്ങി.

ടൂര്‍ണമെന്റിലുടനീളം സ്വിങ് ചെയ്യുന്ന പന്തുകള്‍ ഇദ്ദേഹത്തെ അലട്ടി. ക്രീസില്‍ നിന്നും ഇറങ്ങി കളിച്ച് ഒരുപരിധിവരെ പിടിച്ചുനില്‍ക്കാന്‍ ഫിഞ്ച് ശ്രമിച്ചെങ്കിലും വലിയ വിജയം കണ്ടില്ല. ടൂര്‍ണമെന്റില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമേ താരം അവകാശപ്പെടുന്നുള്ളൂ. 12 ഇന്നിങ്‌സുകളാണ് ആര്‍സിബിക്കായി ഫിഞ്ച് ഈ വര്‍ഷം കളിച്ചത്. അടിച്ചെടുത്ത റണ്‍സാകട്ടെ 268 ഉം. ബാറ്റിങ് ശരാശരി 22.33. സ്‌ട്രൈക്ക് റേറ്റ് 111.20.

ഗ്ലെന്‍ മാക്‌സ്‌വെല്‍
ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ സംബന്ധിച്ച് വീണ്ടുമൊരു ദുരന്തപൂര്‍ണമായ ഐപിഎല്‍ സീസണ്‍ കടന്നുപോയിരിക്കുന്നു. പറഞ്ഞുവരുമ്പോള്‍ 2014 -ന് ശേഷം മികച്ചൊരു പ്രകടനം മാക്‌സ്‌വെല്ലില്‍ നിന്നും ആരാധകര്‍ കണ്ടിട്ടില്ല. ഈ വര്‍ഷമാകട്ടെ 10.75 കോടി രൂപയെന്ന വമ്പന്‍ പ്രൈസ് ടാഗും മാക്‌സ്‌വെല്ലിന്റെ വീഴ്ച്ചയുടെ ആഘാതം കൂട്ടുന്നു. മാക്‌സ്‌വെല്‍ കത്തിക്കയറുമെന്ന പ്രതീക്ഷയില്‍ ഓരോ മത്സരവും കിങ്‌സ് ഇലവന്‍ പഞ്ചാബ് കളിച്ചു. പക്ഷെ എല്ലാത്തവണയും നിരാശ മാത്രമായിരുന്നു ഫലം.

ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിനെ പിന്തുണയ്ക്കാന്‍ താരത്തിന് സാധിച്ചില്ല. 11 മത്സരങ്ങളില്‍ നിന്നും 108 റണ്‍സാണ് മാക്‌സ്‌വെല്ലിന്റെ മൊത്തം സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ് 107.89. വെടിക്കെട്ട് വീരനെന്നൊക്കെ വിശേഷണമുണ്ടെങ്കിലും ടൂര്‍ണമെന്റില്‍ ഒരു സിക്‌സ് പോലും അടിക്കാന്‍ മാക്‌സ്‌വെല്ലിന് കഴിഞ്ഞില്ല. ഏറ്റവും വലിയ നാണക്കേടും ഇതുതന്നെ.

ദിനേശ് കാര്‍ത്തിക്
2020 സീസണ്‍ അപ്പാടെ മറക്കാന്‍ ശ്രമിക്കുകയായിരിക്കും ദിനേശ് കാര്‍ത്തിക്. സീസണിന്റെ ആദ്യ പകുതി നായകനെന്ന നിലയില്‍ കാര്‍ത്തിക് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി; രണ്ടാം പകുതി ബാറ്റ്‌സ്മാനെന്ന നിലയിലും. കൊല്‍ക്കത്തയുടെ നായകനായാണ് ദിനേശ് കാര്‍ത്തിക് കടന്നുവന്നത്. ടീമില്‍ ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ഇയാന്‍ മോര്‍ഗനുണ്ടെന്നിരിക്കെ മാനേജ്‌മെന്റ് കാര്‍ത്തിക്കില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ചു. പക്ഷെ നടന്നതോ, കളിക്കളത്തില്‍ കാര്‍ത്തിക്കിന്റെ പല തീരുമാനങ്ങളും പിഴച്ചു. ഒപ്പം ബാറ്റിങ് നിരയിലെ പരീക്ഷണങ്ങളും ദുരന്തമായി മാറി.

മുന്‍നിര ബാറ്റ്‌സ്മാനല്ലെന്നിരിക്കെ സീസണിന്റെ ആദ്യ പകുതി മുഴുവന്‍ കാര്‍ത്തിക്കായിരുന്നു കൊല്‍ക്കത്തയുടെ മൂന്നാം നമ്പര്‍ താരം. ഇവിടെയാകട്ടെ, ഇദ്ദേഹം പൂര്‍ണ പരാജയവുമായി. ഈ അവസരത്തിലാണ് കാര്‍ത്തിക് സ്വന്തം ബാറ്റിങ് മികവില്‍ ശ്രദ്ധിക്കട്ടെ, നായകന്റെ ചുമതല ഇയാന്‍ മോര്‍ഗന്‍ നിര്‍വഹിക്കുമെന്ന് കൊല്‍ക്കത്ത പ്രഖ്യാപിച്ചത്. മോര്‍ഗന്‍ നായകനായതോടെ കാര്‍ത്തിക് മധ്യനിരയില്‍ തിരിച്ചെത്തി.
ഒന്നോ രണ്ടോ സന്ദര്‍ഭങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തതൊഴിച്ചാല്‍ ബാറ്റുകൊണ്ടു തിളങ്ങാന്‍ കാര്‍ത്തിക്കിന് അവിടെയും കഴിഞ്ഞില്ല. 14 ഇന്നിങ്‌സുകളില്‍ നി്‌നും 169 റണ്‍സാണ് കാര്‍ത്തിക് കൊല്‍ക്കത്തയ്ക്കായി അടിച്ചെടുത്തത്. ബാറ്റിങ് ശരാശരി 14.08. സ്‌ട്രൈക്ക് റേറ്റ് 126.12.

എംഎസ് ധോണി
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചുകൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണി ഐപിഎല്‍ കളിക്കാന്‍ വന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ആരാധകര്‍ ധോണിയെ ക്രീസില്‍ കണ്ടിട്ട്. എല്ലാ കണ്ണുകളും ധോണിയിലേക്ക് ഉറ്റുനോക്കി. പക്ഷെ ഈ വര്‍ഷത്തെ ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും എംഎസ് ധോണിക്കും ദുഃസ്വപ്‌നമായി ഭവിച്ചു. ബാറ്റ്‌സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും ധോണി പതറി. ടീമിന്റെ തോല്‍വിക്ക് കാരണം യുവതാരങ്ങളാണെന്ന ധോണിയുടെ നിരീക്ഷണവും തിരിച്ചടിച്ചു.

സീസണില്‍ യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കാന്‍ മടി കാണിച്ച ഏക ഫ്രാഞ്ചൈസിയാണ് ചെന്നൈ. സീസണിലെ മുക്കാല്‍ഭാഗവും തലമുതിര്‍ന്ന ഫോമിലല്ലാത്ത കളിക്കാരുമായി ചെന്നൈ ബാറ്റു ചെയ്യാനെത്തി. ഫലമോ, ധോണിയടക്കം പേരുകേട്ട ചെന്നൈ ബാറ്റ്‌സ്മാന്മാര്‍ക്കാര്‍ക്കും ടീമിനെ രക്ഷിക്കാനായില്ല. പവര്‍പ്ലേ ഓവറുകളിലെ മെല്ലപ്പോക്കും അനാവശ്യ 'മുട്ടിക്കളിയുമാണ്' ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഈ സീസണില്‍ വിനയായത്. ധോണിയുടെ കാര്യമെടുത്താല്‍ 14 ഇന്നിങ്‌സുകളില്‍ നിന്നും 200 റണ്‍സ് മാത്രമാണ് ചെന്നൈ നായകന്റെ സമ്പാദ്യം. ബാറ്റിങ് ശരാശരി 25. സ്‌ട്രൈക്ക് റേറ്റ് 116.28.

കേദാര്‍ ജാദവ്
ഈ വര്‍ഷം ഐപിഎല്‍ കണ്ട ദുരന്തമുഖങ്ങളിലൊന്നാണ് കേദാര്‍ ജാദവ്. 7.8 കോടി രൂപയ്ക്ക് ജാദവിനെ ചെന്നൈ ഫ്രാഞ്ചൈസി ടീമിലെടുത്തതിന്റെ പൊരുള്‍ ഇപ്പോഴും ആരാധകര്‍ക്ക് പിടികിട്ടുന്നില്ല. നിര്‍ണായക അവസരത്തില്‍പ്പോലും 'ടെസ്റ്റ് കളിച്ച്' ടീമിനെ കുഴിയില്‍ ചാടിക്കുന്നതാണ് കേദാര്‍ ജാദവിനെതിരെയുള്ള പ്രധാന ആക്ഷേപം. എന്നിട്ടും ധോണിയുടെ ടീമില്‍ ജാദവ് തുടരെ കളിക്കുന്നതിന്റെ യുക്തിയും ആരാധകര്‍ ചോദ്യം ചെയ്യുന്നു. ഓള്‍റൗണ്ടറാണെന്നിരിക്കെ ജാദവിന് പന്തുകൊടുക്കാന്‍ ധോണി കാണിച്ച മടിയും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അഞ്ച് ഇന്നിങ്‌സുകളില്‍ നന്നും 62 റണ്‍സാണ് കേദാവ് ജാദവ് ഈ സീസണില്‍ കുറിച്ചത്. ബാറ്റിങ് ശരാശരി 20.67. സ്‌ട്രൈക്ക് റേറ്റ് 93.94.

ആന്ദ്രെ റസ്സല്‍
പോയവര്‍ഷം കൊല്‍ക്കത്തയുടെ സൂപ്പര്‍ ഹീറോയായിരുന്നു ആന്ദ്രെ റസ്സല്‍. റസ്സലിന്റെ കൈക്കരുത്തില്‍ മാത്രം കൊല്‍ക്കത്ത ജയിച്ച മത്സരങ്ങള്‍ നിരവധി. പക്ഷെ 2020 സീസണില്‍ ചിത്രം നേര്‍വിപരീതമായി. ഒരു മത്സരത്തില്‍ പോലും 'മാച്ച് വിന്നിങ്' പ്രകടനം പുറത്തെടുക്കാന്‍ റസ്സലിന് സാധിച്ചില്ല. പൊതുവേ നെഞ്ചളവില്‍ എത്തുന്ന പന്തുകള്‍ അതിര്‍ത്തി പായിക്കാന്‍ ബഹുകമ്പാണ് റസ്സലിന്.

പക്ഷെ ഇത്തവണ കഗീസോ റബാദ, ജസ്പ്രീത് ബുംറ, ടി നടരാജന്‍ പോലുള്ളവരുടെ ഷോര്‍ട്ട് ലെങ്ത് പന്തുകളില്‍ താരത്തിന് നിലതെറ്റി. ഓള്‍റൗണ്ടറെന്ന നിലയിലും റസ്സല്‍ പൂര്‍ണ പരാജയമായി. 9 ഇന്നിങ്‌സുകളില്‍ നിന്നും 117 റണ്‍സാണ് ഈ വര്‍ഷം ആന്ദ്രെ റസ്സല്‍ കുറിച്ചത്. ബാറ്റിങ് ശരാശരി 13. ആകെ 6 വിക്കറ്റുകള്‍ മാത്രമേ റസ്സലിന്റെ പേരിലുള്ളൂ.

സുനില്‍ നരെയ്ന്‍
സുനില്‍ നരെയന്‍ ഇന്നും തിളങ്ങും, നാളെ തിളങ്ങും എന്ന കരുതിയിരിക്കുകയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സീസണ്‍ മുഴുവന്‍. നരെയനെ ഓപ്പണിങ് പറഞ്ഞുവിട്ട് സ്‌കോര്‍ബോര്‍ഡില്‍ വമ്പന്‍ റണ്‍സ് ചേര്‍ക്കാനുള്ള കൊല്‍ക്കത്തയുടെ തന്ത്രം മിക്കപ്പോഴും വിലപോയില്ല. ഇതിനിടെ സംശയകരമായ ബൗളിങ് ആക്ഷന്റെ പേരിലും താരം നടപടിയും നേരിട്ടു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് നരെയ്ന്‍ തിരിച്ചെത്തിയെങ്കിലും ഗംഭീരന്‍ പ്രകടനങ്ങള്‍ താരത്തില്‍ നിന്നും കൊല്‍ക്കത്ത കണ്ടില്ല. 9 ഇന്നിങ്‌സുകളില്‍ നിന്നും 121 റണ്‍സ് മാത്രമാണ് നരെയ്ന്‍ അടിച്ചെടുത്തത്. ബാറ്റിങ് ശരാശരി 13.44. പിഴുതെടുത്ത വിക്കറ്റുകളാകട്ടെ കേവലം അഞ്ചും.

നവ്ദീപ് സെയ്‌നി
മുംബൈ ഇന്ത്യന്‍സിന് എതിരായ ആദ്യ മത്സരമൊഴിച്ച് ഓര്‍ത്തുവെയ്ക്കാനൊന്നും ബാംഗ്ലൂരിന്റെ കുന്തമുനയായ നവ്ദീപ് സെയ്‌നിക്കില്ല. അന്ന് സെയ്‌നി ഒറ്റരാളുടെ മികവിലാണ് മുംബൈ ഇന്ത്യന്‍സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സൂപ്പര്‍ ഓവര്‍ ജയിച്ചത്. വെടിക്കെട്ട് വീരന്മാരായ ഹാര്‍ദിക് പാണ്ഡ്യയെയും കീറോണ്‍ പൊള്ളാര്‍ഡിനെയും വരച്ചവരയില്‍ നിര്‍ത്താന്‍ സെയ്‌നിക്ക് കഴിഞ്ഞു. പക്ഷെ തുടര്‍ന്നങ്ങോട്ട് കാര്യമായ നേട്ടങ്ങളൊന്നും കാഴ്ച്ചവെക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല.

കേവലം 6 വിക്കറ്റുകള്‍ മാത്രമാണ് 13 മത്സരങ്ങളില്‍ നിന്നും സെയ്‌നി അടിച്ചെടുത്തത്. 'എക്‌സ്പ്രസ്' വേഗമുണ്ടെങ്കിലും പന്തിനെ ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാന്‍ സാധിക്കാത്തത് സെയ്‌നിയുടെ പോരായ്മയായി മാറി. പലപ്പോഴും സെയ്‌നിയുടെ പന്തുകള്‍ പ്രവചിക്കപ്പെടുന്നതാണ് ടൂര്‍ണമെന്റിലുടനീളം കണ്ടത്. മറുഭാഗത്ത് അപ്രതീക്ഷിതമായി സഹതാരം മുഹമ്മദ് സിറാജ് സ്റ്റാര്‍ ബൗളറായി കടന്നുവന്നതും സെയ്‌നിയുടെ മേല്‍ കരിനിഴലായി.

ജയദേവ് ഉനദ്ഘട്ട്
ജയദേവ് ഉനദ്ഘട്ട് ജയദേവ് ഉനദ്ഘട്ടിനോടുള്ള രോഷം രാജസ്ഥാന്‍ ആരാധകര്‍ക്ക് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ബാംഗ്ലൂരിനെതിരെ ജയിക്കാവുന്ന കളിയാണ് ഉനദ്ഘട്ടിന്റെ ഒരോവര്‍കൊണ്ട് നഷ്ടപ്പെട്ടത്. അന്ന് ഉനദ്ഘട്ടിനെ തിരഞ്ഞുപിടിച്ച് അടിക്കുകയായിരുന്നു എബി ഡിവില്ലേഴ്സ്. 'സ്ലോ ബോളുകളാണ്' ഉനദ്ഘട്ടിന്റെ പ്രധാന ആയുധം. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ താരം വേഗം കുറഞ്ഞ ഓഫ് കട്ടറുകളെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടിയാകുന്നു.

യോര്‍ക്കറുകള്‍ എറിയാനുള്ള മടിയും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ സൗരാഷ്ട്രയ്ക്കായി മിന്നും പ്രകടനം കാഴ്ച്ചവെച്ചാണ് ജയദേവ് ഉനദ്ഘട്ട് ഐപിഎല്‍ കളിക്കാനെത്തിയത്. സൗരാഷ്ട്ര ടീം രഞ്ജി ട്രോഫി നേടിയതില്‍ ഈ മീഡിയം പേസര്‍ക്കുള്ള പങ്കുമേറെ. പക്ഷെ യുഎഇയില്‍ ബാറ്റ്സ്മാന്മാരെല്ലാം ഉനദ്ഘട്ടിനെ എളുപ്പം പഠിച്ചു. ഈ സാഹചര്യത്തില്‍ തനിക്ക് ലഭിച്ച 3 കോടി രൂപയുടെ പ്രൈസ് ടാഗിനെ ന്യായീകരിക്കാന്‍ ഉനദ്ഘട്ടിന് സാധിച്ചുമില്ല.

അങ്കിത് രജ്പൂത്
ജോഫ്ര ആര്‍ച്ചര്‍ക്ക് പറ്റിയൊരു പങ്കാളിയെ തേടി നടക്കുകയായിരുന്നു രാജസ്താന്‍ റോയല്‍സ് ടൂര്‍ണമെന്റ് മുഴുവന്‍. പലരെയും സ്റ്റീവ് സ്മിത്ത് മാറി മാറി പരീക്ഷിച്ചു. അക്കൂട്ടത്തില്‍ ഒരാളാണ് അങ്കിത് രജ്പൂത്. എന്നാല്‍ ടീമിന്റെ ആവശ്യം മനസിലാക്കി ഉത്തരവാദിത്വത്തോടെ പന്തെറിയാന്‍ അങ്കിത്തിന് സാധിച്ചില്ല. സീസണിലെ 6 മത്സരങ്ങളിലാണ് രാജസ്താന് വേണ്ടി താരം പന്തെറിഞ്ഞത്. ആകെമൊത്തം 17 ഓവറുകള്‍ ഇദ്ദേഹം എറിഞ്ഞു. വിട്ടുകൊടുത്തതാകട്ടെ 199 റണ്‍സും. ബൗളിങ് ശരാശരി 99.50. ഇക്കോണമി നിരക്ക് 11.70. ടൂര്‍ണമെന്റില്‍ ആകെ രണ്ടു വിക്കറ്റുകളെ നേടാന്‍ കഴിഞ്ഞിട്ടുള്ളൂവെന്ന വസ്തുത താരത്തിന്റെ വീഴ്ച്ച കൂടുതല്‍ വെളിവാക്കുന്നു.


Click it and Unblock the Notifications