ഐപിഎല്‍: മുംബൈയെ രക്ഷിക്കാന്‍ യുവിക്കുമായില്ല, ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം
മുംബൈ: പുതിയ ലുക്കില്‍, പുതിയ പേരില്‍ ഐപിഎല്ലിന്റെ 12ാം സീസണില്‍ ഇറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ജയത്തോടെ തന്നെ തുടങ്ങി. മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അവരുടെ മൈതാനത്ത് 37 റണ്‍സിന് ഡല്‍ഹി തകര്‍ത്തുവിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ആറു വിക്കറ്റിന് 213 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ മുംബൈയുടെ നില പരുങ്ങലിലായിരുന്നു. ആരാധകര്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. കൂറ്റന്‍ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ മുംബൈക്കു തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെ ഡല്‍ഹി കാര്യമായ വെല്ലുവിളികളില്ലാതെ തന്നെ ജയിച്ചു കയറി. 19.2 ഓവറില്‍ 176 റണ്‍സിന് മുംബൈ പുറത്തായി. ബൗളിങിനിടെ പരിക്കേറ്റതിനാല്‍ മുംബൈ പേസര്‍ ജസ്പ്രീത് ബുംറ ബാറ്റ് ചെയ്യാനിറങ്ങിയില്ല.

മുംബൈ ജഴ്‌സിയില്‍ അരങ്ങേറിയ യുവരാജ് സിങ് മികച്ച ഇന്നിങ്‌സുമായി പൊരുതിനോക്കിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു. 35 പന്തില്‍ അഞ്ചു ബൗണ്ടറികകളും മൂന്നു സിക്‌സറുമടക്കം യുവി 53 റണ്‍സ് നേടി. മുംബൈക്കായി ഫിഫ്റ്റി നേടിയ ഏക താരവും യുവി തന്നെയാണ്. ക്രുനാല്‍ പാണ്ഡ്യ 32 (15 പന്ത്, 5 ബൗണ്ടറി, 1 സിക്‌സര്‍), ക്വിന്റണ്‍ ഡികോക്ക് 27 (16 പന്ത്, 4 ബൗണ്ടറി, 1 സിക്‌സര്‍), കിരോണ്‍ പൊള്ളാര്‍ഡ് 21 (13 പന്ത്, 2 ബൗ്ണ്ടറി, 1 സിക്‌സര്‍) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഡല്‍ഹിക്കു വേണ്ടി ഇഷാന്ത് ശര്‍മയും കാഗിസോ റബാദയും രണ്ടു വിക്കറ്റ് വീതമെടുത്തു.
നേരത്തേ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിച്ച് റിഷഭ് പന്ത് നടത്തിയ വെടിക്കെട്ട് ഇന്നിങ്‌സാണ് ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 18 പന്തില്‍ ഫിഫ്റ്റി തികച്ച പന്ത് പുറത്താവാതെ 78 റണ്‍സാണ് കളിയില്‍ വാരിക്കൂട്ടിയത്. ടോസ് ലഭിച്ച മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
വെറും 27 പന്തില്‍ ഏഴു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് പന്ത് 78 റണ്‍സ് വാരിക്കൂട്ടിയത്. ജസ്പ്രീത് ബുംറയുള്‍പ്പെടുന്ന മുംബൈയുടെ മൂര്‍ച്ചയേറിയ ബൗളിങ് നിരയെ പന്ത് നിലം തൊടീച്ചില്ല. ഐപിഎല്ലില്‍ ഡല്‍ഹിക്കായി കുറഞ്ഞ പന്തുകളില്‍ ഫിഫ്റ്റി നേടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിനും പന്ത് അവകാശിയായി.

പന്തിനെക്കൂടാതെം കോളിന്‍ ഇന്‍ഗ്രാം (47), ശിഖര്‍ ധവാന്‍ (43) എന്നിവരാണ് ഡല്‍ഹിയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പൃഥ്വി ഷാ (7), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (16) എന്നിവര്‍ നിരാശപ്പെടുത്തി. മുംബൈക്കു വേണ്ടി മിച്ചെല്‍ മക്ലെനഗന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

പൃഥ്വി തുടക്കത്തില്‍ പുറത്ത്
ഇന്ത്യയുടെ യങ് സെന്‍സേഷന്‍ പൃഥ്വി ഷായില്‍ നിന്നും മികച്ച ഇന്നിങ്‌സ് ഡല്‍ഹി പ്രതീക്ഷിച്ചിരുന്നെങ്കിലും താരം നിരാശപ്പെടുത്തി. രണ്ടാം ഓവറില്‍ മൂന്നാം പന്തില്‍ തന്നെ ഏഴു റണ്‍സ് മാത്രമെടുത്ത് താരം മടങ്ങി. മിച്ചെല്‍ മക്ലെനഗന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിന് അനായാസ ക്യാച്ച് നല്‍കിയാണ് താരത്തിന്റെ മടക്കം. പൃഥ്വി പുറത്തായപ്പോള്‍ ഡല്‍ഹി സ്‌കോര്‍ ബോര്‍ഡില്‍ വെറും 10 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ

അവിശ്വസനീയം പൊള്ളാര്‍ഡ്
മികച്ച രീതിയില്‍ തുടങ്ങിയ നായകന്‍ ശ്രേയസ് പന്തിന് പക്ഷെ അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. ടീം സ്‌കോര്‍ 29ല്‍ വച്ച് 16 റണ്‍സെടുത്ത ശ്രേയസും പുറത്തായതോടെ ഡല്‍ഹി ഞെട്ടി. മക്ലെനഗന്‍ തന്നെയായിരുന്നു ഈ വിക്കറ്റിനും ഉടമയായത്. എന്നാല്‍ ഈ വിക്കറ്റ് കിരോണ്‍ പൊള്ളാര്‍ഡിന് അര്‍ഹതപ്പെട്ടതായിരുന്നു. ബൗണ്ടറിയെന്നുറപ്പിച്ച ഷോട്ട് എക്‌സ്ട്രാ കവറില്‍ വലതു വശത്തേക്ക് മുഴുനീളെ ഡൈവ് ചെയ്ത് പൊള്ളാര്‍ഡ് പിടിയിലൊതുക്കിയപ്പോള്‍ ശ്രേയസ് അവിശ്വസനീയതോടെ നോക്കി നിന്നു.

കൂട്ടുകെട്ട് തകര്‍ത്ത് കട്ടിങ്
മൂന്നാം വിക്കറ്റില്‍ ശിഖര്‍ ധവാന് കൂട്ടായി ദക്ഷിണാഫ്രിക്കന്‍ താരം കോളിന്‍ ഇന്‍ഗ്രാം വന്നതോടെ ഡല്‍ഹി കരകയറി. 83 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ ജോടി മുന്നേറവെയാണ് മുംബൈ തിരിച്ചടിക്കുന്നത്. അര്‍ധസെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെ വച്ച് ഇന്‍ഗ്രാമിനെ ബെന്‍ കട്ടിങ് പുറത്താക്കി. വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഇന്‍ഗ്രാമിനെ കട്ടിങിന്റെ ബൗളിങില്‍ ബൗണ്ടറിന് ലൈനിന് തൊട്ടരികെ ഹര്‍ദിക് പാണ്ഡ്യ പിടികൂടി. 32 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ധവാന്‍ മടങ്ങി
ഓപ്പണര്‍ ധവാനാണ് നാലാമനായി ക്രീസ് വിട്ടത്. അര്‍ധസെഞ്ച്വറി നേടുമെന്ന് കരുതിയ താരം ഏഴ് റണ്‍സ് അകലെ വിക്കറ്റ് കൈവിടുകയായിരുന്നു. ഹര്‍ദിക് പാണ്ഡ്യക്കാണ് വിക്കറ്റ്. 43 റണ്‍സെടുത്ത ധവാനെ പാണ്ഡ്യയുടെ ബൗളിങില്‍ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുത്തു. 36 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

പോള്‍, പട്ടേല്‍
വിന്‍ഡീസ് താരം കീമോ പോള്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കു വലിയ സംഭാവനകള്‍ നല്‍കാനായില്ല. മൂന്നു റണ്‍സെടുത്ത പോളിനെ മക്ലെനഗന്റെ ബൗളിങില്‍ ഡികോക്ക് ക്യാച്ചെടുത്തപ്പോള്‍ നാലലു റണ്‍സെടുത്ത പട്ടേല്‍ ബുംറയുടെ ബൗളിങില്‍ റാസിഖ് സലാമിന് പിടികൊടുത്തു. ഇതോടെ ഡല്‍ഹി ആറിന് 165 റണ്‍സെന്ന നിലയിലായെങ്കിലും പന്ത് വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ടീം സ്‌കോര്‍ 200 കടത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications