കൊല്‍ക്കത്ത: ഐ.പി.എല്‍ 12-ാം സീസണിലെ രണ്ടാം മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് ത്രസിപ്പിക്കുന്ന ജയം. അടിയും തിരിച്ചടിയുമെല്ലാം കണ്ട പോരാട്ടത്തില്‍ ആറു വിക്കറ്റിനാണ് കെകെആര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തുരത്തിയത്. ഒരു ഘട്ടത്തില്‍ കെകെആര്‍ കളി കൈവിടുമെന്ന് കരുതിയെങ്കിലും ആന്ദ്രെ റസ്സലിന്റെ തീപ്പൊരി ഇന്നിങ്സ് ടീമിനു ജയം സമ്മാനിക്കുകയായിരുന്നു. 19.4 ഓവറില്‍ നാലു വിക്കറ്റിന് കെകെആര്‍ ലക്ഷ്യത്തിലെത്തി. വെറും 19 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്സറുമടക്കം താരം പുറത്താവാതെ 49 റണ്‍സ് വാരിക്കൂട്ടി. നിതീഷ് റാണയാണ് (68) മറ്റൊരു സ്കോറര്‍. 47 പന്തില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്സറും റാണയുടെ ഇന്നിങ്സിലുണ്ടായിരുന്നു. റോബിന് ഉത്തപ്പ 35 റണ്‍സിന് പുറത്തായി.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഹൈദരാബാദ് ഡേവിഡ് വാര്‍ണറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ പിന്‍ബലത്തിലാണ് കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. പന്തു ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് ലഭിച്ചശേഷം തിരിച്ചെത്തിയ വാര്‍ണര്‍ 53 പന്തില്‍ 85 റണ്‍സെടുത്തു. ആദ്യ വിക്കറ്റില്‍ ജോണി ബാരിസ്റ്റോ(39)വുമൊത്ത് 118 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞു.
കൊല്‍ക്കത്ത മൈതാനത്ത് സണ്‍റൈസേഴ്സിന്റെ ഏറ്റവും മികച്ച കൂട്ടകെട്ടാണിത്. 24 പന്തില്‍ പുറത്താകാതെ 40 റണ്‍സടിച്ച വിജയ് ശങ്കറും ടീമിന്റെ സ്കോറില്‍ നിര്‍ണായക പങ്കുവഹിച്ചു. കൊല്‍ക്കത്തയ്ക്കായി ആന്ദ്രെ റസ്സല്‍ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പിയൂഷ് ചൗള ഒരു വിക്കറ്റും സ്വന്തമാക്കി.