കോലിയെ കുടുക്കാന്‍ ധോണിയുടെ ചതിക്കുഴി; ക്യാപ്റ്റന്‍ താനെന്ന് തെളിയിച്ച് ധോണി
ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ഉദ്ഘാടന മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലായിരുന്നെങ്കിലും വിരാട് കോലിയും എംഎസ് ധോണിയുടെ തമ്മിലുള്ള പോരാട്ടമെന്ന രീതിയിലായിരുന്നു കൂടുതല്‍ ശ്രദ്ധേയമായത്. ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോലിയും മുന്‍ ക്യാപ്റ്റനായ എംഎസ് ധോണിയും അടുത്ത സുഹൃത്തുക്കളാണ്. എന്നിരുന്നാലും ഇരുവരും രണ്ടു ടീമുകളിലെത്തിയതോടെ ആരാധകരും ചേരിതിരിഞ്ഞു.
മികച്ച ഫോമില്‍ കളിക്കുന്ന കോലിയെ പുറത്താക്കാന്‍ ധോണി സ്വീകരിക്കുന്ന തന്ത്രങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നത് ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയ വിഷയമാണ്. കോലി കൂടുതല്‍ റണ്‍സടിച്ചാല്‍ തിരിച്ചടിയാകുമെന്നുറപ്പായിരുന്നതിനാല്‍ നേരത്തെതന്നെ പുറത്താക്കുകയെന്ന തന്ത്രമാണ് ധോണി നടപ്പാക്കിയത്. അതിനായി നിയോഗിച്ചതാകട്ടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിങ്ങിനെയും.

പുതിയ പന്തെറിയാന്‍ ഹര്‍ഭജന്‍
ദീപക് ചഹാറിനൊപ്പം പുതിയ പന്ത് എറിയാന്‍ ധോണി ഏല്‍പ്പിച്ചത് ഹര്‍ഭജനയാണ്. ആര്‍സിബിക്കായി ഓപ്പണ്‍ ചെയ്യാനെത്തിയ വിരാട് കോലിയെ പുറത്താക്കുകയെന്നതായിരുന്നു ഭാജിയുടെ ദൗത്യം. നാലാം ഓവറില്‍ ധോണിയുടെ തന്ത്രം ഫലം ചെയ്യുകയും ചെയ്തു. ഡീപ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രവീന്ദ്ര ജഡേജയുടെ കൈകളില്‍ കോലിയെ എത്തിച്ചാണ് ഭാജി ദൗത്യം പൂര്‍ത്തിയാക്കിയത്.

കോലിയെ പുറത്താക്കാന്‍ ധോണിയുടെ തന്ത്രം
തുടക്കംമുതല്‍ വലിയ ഷോട്ടുകള്‍ കളിക്കുന്ന താരമല്ല കോലി. ഇത് നന്നായി അറിയുന്ന ധോണി ബൗണ്ടറിയില്‍ അല്‍പം ഉള്ളിലേക്ക് മാറ്റിയാണ് ഫീല്‍ഡറെ നിര്‍ത്തിയത്. ഹര്‍ഭജന്റെ അപ്രതീക്ഷിത ബൗണ്‍സുമായെത്തിയ പന്ത് കോലി അല്‍പം ഉയര്‍ത്തിയടിച്ചത് ജഡേജയുടെ കൈകളില്‍ ഭദ്രമായി. അതേസമയം, എബി ഡിവില്ലിയേഴ്‌സ് എത്തിയതോടെ ജഡേജയുടെ സ്ഥാനം ബൗണ്ടറിലേക്ക് മാറ്റി. ഡിവില്ലിയേഴ്‌സിനെയും ഇതേ രീതിയില്‍ ഹര്‍ഭജന്റെ പന്തില്‍ ജഡേജ പിടിച്ച് പുറത്താക്കുകയും ചെയ്തു.

വീര്യമേറി ഹര്‍ഭജന്‍
പഴകുന്തോറും വീര്യമേറുകയാണ് തനിക്കെന്ന് തെളിയിക്കുന്നതായിരുന്നു ഹര്‍ഭജന്റെ പന്തുകള്‍. കഴിഞ്ഞ ഐപിഎല്ലിനുശേഷം കേവലം 3 മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. പഞ്ചാബിനായി സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച ഭാജി ഒരു വിക്കറ്റുപോലും നേടിയതുമില്ല. എന്നാല്‍, ഐപിഎല്‍ ഉദ്ഘാടന മത്സരത്തിനിറങ്ങി വിരാട് കോലി, മൊയീന്‍ അലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ പുറത്താക്കി ടീമിന് ആദ്യ ജയം സമ്മാനിക്കാന്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. നാല് ഓവറില്‍ കേവലം 20 റണ്‍സ് വിട്ടുകൊടുത്തുകൊണ്ടായിരുന്നു മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രകടനം.

ആദ്യ മത്സരത്തില്‍ ആര്‍സിബിക്ക് തോല്‍വി
തുടക്കത്തില്‍ തന്നെ നാല് ഓവറും എറിഞ്ഞ് ഭാജി ഏല്‍പ്പിച്ച തകര്‍ച്ചയില്‍നിന്നും തിരിച്ചുവരാന്‍ ആര്‍സിബിക്ക് കഴിഞ്ഞില്ല. സിഎസ്‌കെയുടെ കുത്തിത്തിരിയുന്ന പന്തുകള്‍ക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 17.1 ഓവറില്‍ വെറും 70 റണ്‍സിന് ആര്‍സിബിയുടെ ശക്തമായ ബാറ്റിങ് നിര കൂടാരത്തില്‍ തിരിച്ചെത്തി. പാര്‍ഥീവ് പട്ടേല്‍ (29) മാത്രമേ രണ്ടക്കം കടന്നുള്ളൂ. മറുപടി ബാറ്റിങ്ങില്‍ 17.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് സിഎസ്‌കെ ലക്ഷ്യം മറികടന്നത്. 28 റണ്‍സുമായി അമ്പാട്ടി റായുഡു ടോപ്സ്‌കോററായപ്പോള്‍ സുരേഷ് റെയ്ന (19), കേദാര്‍ ജാദവ് (13*) എന്നിവര്‍ ജയം പൂര്‍ത്തിയാക്കി. രണ്ട് ടീമുകള്‍ക്കും ബാറ്റിങ് എളുപ്പമായിരുന്നില്ല. നേരത്തേ മൂന്നു വിക്കറ്റ് വീതമെടുത്ത ഹര്‍ഭജന്‍ സിങും ഇമ്രാന്‍ താഹിറുമാണ് ആര്‍സിബിയുടെ തകര്‍ച്ചയ്ക്കിടയാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications