ഐപിഎല്‍: പൂരത്തിന് ഏപ്രില്‍ ഏഴിന് കൊടിയേറ്റം... പക്ഷെ, വെടിക്കെട്ട് സമയത്തില്‍ മാറ്റം
മുംബൈ: കുട്ടി ക്രിക്കറ്റിന്റെ വന്‍പൂരമായ ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി വരുന്നു. ഐപിഎല്ലിന്റെ പതിനൊന്നാം സീസണാണ് ഏപ്രിലില്‍ ആരംഭിക്കുന്നത്. രണ്ടു മുന്‍ ചാംപ്യന്‍മാരുടെ തിരിച്ചുവരവ് കൊണ്ടു തന്നെ ഈ സീസണിലെ ടൂര്‍ണമെന്റിന്റെ ഗ്ലാമര്‍ വര്‍ധിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍കിങ്‌സും രാജസ്ഥാന്‍ റോയല്‍സുമാണ് രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ഐപിഎല്ലിലേക്കു മടങ്ങിവരുന്നത്.
പുതിയ സീസണിലെ ഐപിഎല്ലിന്റെ ഫിക്‌സ്ചര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അടിമുടി മാറ്റങ്ങളുമായാണ് പുതിയ സീസണിലെ ടൂര്‍ണമെന്റ് ക്രിക്കറ്റ് പ്രേമികള്‍ക്കു മുന്നിലേക്കു വരുന്നത്.

സമയത്തില്‍ മാറ്റം
കഴിഞ്ഞ പത്ത് സീസണുകളെ അപക്ഷിച്ച് ഏറ്റവും ശ്രദ്ധേയമായ കാര്യം മല്‍സരങ്ങളുടെ സമയത്തില്‍ വരുത്തിയ മാറ്റമാണ്. കഴിഞ്ഞ സീസണ്‍ വരെ വൈകീട്ടുള്ള മല്‍സരങ്ങള്‍ നാലു മണിക്കും രാത്രിയിലെ മല്‍സരങ്ങള്‍ എട്ടിനുമാണ് ആരംഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മുതല്‍ മല്‍സരങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
വൈകീട്ട് 5.30നും രാത്രി ഏഴു മണിക്കുമായിരിക്കും പതിനൊന്നാം സീസണിലെ മല്‍സരങ്ങള്‍ ആരംഭിക്കുക.

തുടക്കവും ഒടുക്കവും മുംബൈയില്‍
പതിവുപോലെ മുന്‍ വര്‍ഷത്തെ ചാംപ്യന്‍മാരുടെ ഗ്രൗണ്ടില്‍ തന്നെയാണ് ഇത്തവണയും ഉദ്ഘാടനച്ചടങ്ങും ആദ്യ മല്‍സരവും നടക്കുന്നത്.
ഏപ്രില്‍ ആറിനാണ് ഉദ്ഘാടനച്ചടങ്ങുകള്‍. ആദ്യത്തെ മല്‍സരം തൊട്ടടുത്ത ദിവസം നടക്കും. ടൂര്‍ണമെന്റിന്റെ കലാശക്കളിയും മുംബൈയില്‍ വച്ചു തന്നെയാണെന്ന് ഐപിഎല്‍ കമ്മീഷണര്‍ രാജീവ് ശുക്ല അറിയിച്ചു. മെയ് 27നായിരിക്കും ഫൈനല്‍ അരങ്ങേറുക.

ഹോംഗ്രൗണ്ടുകളില്‍ മാറ്റം
ചില ടീമുകളുടെ ഹോംഗ്രൗണ്ടുകളുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുട നാല് ഹോം മാച്ചുകള്‍ മൊഹാലിയിലു മൂന്നെണ്ണം ഇന്‍ഡോറിലുമാണ് കളിക്കുന്നത്.
വിലക്ക് കഴിഞ്ഞ് മടങ്ങിയെത്തുന്ന മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന് ജയ്പൂര്‍ തങ്ങളുടെ ഹോംഗ്രൗണ്ടായി തിരിച്ചുകിട്ടുമോയെന്ന കാര്യം കോടതി വിധി ആശ്രയിച്ചിരിക്കും. രാജസ്ഥാന്‍ ഹൈക്കോടതി ജനുവരി 24നാണ് ഇതു സംബന്ധിച്ചു വിധി പറയുന്നത്.

സമയത്തില്‍ മാറ്റം വരുത്താന്‍ കാരണം
ഐപിഎല്ലിന്റെ പുതിയ ഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മല്‍സരങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയത്. രാത്രിയിലെ മല്‍സരം എട്ടു മണിക്ക് ആരംഭിച്ചാല്‍ കഴിയാന്‍ ഏറെ വൈകുന്നതായും
ഇത് രാജ്യത്തെ ഉള്‍ഗ്രാമങ്ങളിലെ കാണികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായും സ്റ്റാര്‍ ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് സമയം നേരത്തേ ആക്കിയതെന്ന് രാജീവ് ശുക്ല പറഞ്ഞു.
അതേസമയം, മല്‍സരസമയത്തില്‍ മാറ്റം വരുത്തിയതിനെതിരേ ടീമുകള്‍ രംഗത്തുവന്നിട്ടുണ്ട്. ടീമുകളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് ബിസിസിഐ സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്ന് ചില ഫ്രാഞ്ചൈസികള്‍ ആരോപിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications