കൊൽക്കത്ത: പോയിൻറ് പട്ടിക മാത്രം നോക്കി ഐ പി എല്ലിൽ ഇന്നത്തെ (ഏപ്രിൽ 28 വെള്ളിയാഴ്ച) ആദ്യകളി കാണാൻ ഇരുന്നാൽ കടുത്ത നിരാശയായിരിക്കും ഫലം. കളി ഒന്നാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സും എട്ടാം സ്ഥാനത്തുള്ള ഡെൽഹി ഡെയർഡെവിൾസും തമ്മിലാണ് എന്നത് തന്നെ കാരണം. എട്ട് കളി കളിച്ച കൊൽക്കത്തയ്ക്ക് ആറ് ജയവും 12 പോയിന്‌റും ഉണ്ട്.

അവസാന സ്ഥാനത്തുള്ള ഡെൽഹിക്കാകട്ടെ നാല് പോയിൻറേ ഉള്ളൂ. പക്ഷേ അതിൽ കാര്യമില്ല. അവർ ആറ് മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. രണ്ട് കളികൾ മറ്റ് ടീമുകളെക്കാൾ കുറവാണ്. അത് രണ്ടും ജയിച്ചാൽ അനായാസും ടോപ് ഫോറിൽ എത്താൽ ഡെൽഹിക്ക് കഴിയും എന്ന കാര്യം ഉറപ്പ്. അത് മാത്രമല്ല, ബാറ്റിംഗിലും ബൗളിംഗിലും മികച്ച സാധ്യതകളുള്ള ഡെൽഹി പോയിൻറ് പട്ടികയിൽ കാണുന്ന പോലെ അത്ര മോശം ടീമൊന്നും അല്ല താനും എല്ലാം ഒന്ന് ഒത്ത് വരണം അത്രമാത്രം.
മറുവശത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാകട്ടെ മികച്ച ഫോമിലാണ് കളി. സുനിൽ നരൈനെ ഓപ്പണറാക്കി ഇറക്കാനുള്ള പരീക്ഷണം വിജയിച്ചതോടെ ക്രിസ് ലിന്നിന് പരിക്കേറ്റ വിഷമവും മാറി. ബാറ്റിംഗിലും ബൗളിംഗിലും കൊൽക്കത്തയ്ക്ക് തൽക്കാലം ഐ പി എല്ലിൽ എതിരാളികൾ ഇല്ലാത്ത മട്ടാണ്. എന്നാൽ കൊൽക്കത്തയെ കൊൽക്കത്തയുടെ മടയിൽ വെല്ലുവിളിക്കാനുള്ള കോപ്പൊക്കെ സഹീർഖാൻറെ ഡൽഹിക്കുണ്ട്. നാല് മണിക്കാണ് കളി. സോണി സിക്സ്, മാക്സ് ചാനലുകളിൽ തത്സമയം.