ഹൈദരാബാദ്: ഐ പി എല്‍ ക്രിക്കറ്റിന്റെ പത്താം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയത്തുടക്കം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ റിപ്ലേ പോലെ പോയ മത്സരത്തില്‍ ഹൈദരാബാദ് 35 റണ്‍സിനാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പിച്ചത്. സ്‌കോര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാലിന് 207. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 172 ഓളൗട്ട്.
2016 ഫൈനലിലെ പോലെ തന്നെ 200ന് മേല്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബാംഗ്ലൂര്‍ രാജകീയമായിട്ടാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ ക്രിസ് ഗെയ്‌ലും മന്‍ദീപ് സിംഗും അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. മന്‍ദീപ് സിംഗിന്റെ ആദ്യവിക്കറ്റ് പോകുമ്പോള്‍ വെറും 5.4 ഓവറില്‍ ബാംഗ്ലൂര്‍ 52ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നാലെ ക്രിസ് ഗെയ്‌ലും പോയി. 21 പന്തില്‍ 32 റണ്‍സ്.

പതിമൂന്നാം ഓവറില്‍ മൂന്നിന് 126 എന്ന നിലയിലായിരുന്ന അവര്‍ക്ക് പിന്നീട് തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടമായി. വിരാട് കോലിയുടെയും ഡിവില്ലിയേഴ്‌സിന്റെയും അഭാവത്തില്‍ ആദ്യത്തെ അഞ്ച് പേര്‍ മികച്ചു കളിച്ചെങ്കിലും പിന്നീട് വന്നവര്‍ നിരാശപ്പെടുത്തി. അവസാനത്തെ ആറ് പേരില്‍ ഒരാള്‍ മാത്രമാണ് രണ്ടക്കം കടന്നത്. പതിവ് പോലെ അവസാന ഓവറുകളില്‍ ഹൈദരാബാദ് ബൗളിംഗില്‍ പിടിമുറുക്കുകയും ചെയ്തു.
നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ ഹൈദരാബാദിനെ ബാറ്റിംഗിന് വിടുകയായിരുന്നു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തുടക്കത്തിലെ പോയെങ്കിലും യുവരാജിന്റെയും ഹെന്റിക്കസിന്റെയും ശിഖര്‍ ധവാന്റെയും മികവിലാണ് ഹൈദരാബാദ് 200 കടന്നത്. 27 പന്തില്‍ 7 ഫോറും 3 സിക്‌സും പറത്തിയാണ് യുവരാജ് 62 റണ്‍സെടുത്തത്.