ദില്ലി: ഐ പി എല്‍ ചരിത്രത്തില്‍ ഏറ്റവും കുറച്ച് നേട്ടങ്ങളുണ്ടാക്കിയിട്ടുള്ള ടീമേത് എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പ്രയാസമില്ല. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നതാണത്. വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, കെവിന്‍ പീറ്റേഴ്‌സണ്‍ തുടങ്ങിയ വമ്പന്മാരെല്ലാം കളിച്ചിട്ടും ഒരിക്കല്‍ പോലും ഒരു ഐ പി എല്‍ കിരീടം ചൂടാന്‍ ഡല്‍ഹിക്ക് കഴിഞ്ഞിട്ടില്ല. പ്രമുഖരെല്ലാം ടീം വിട്ടതോടെ കഴിഞ്ഞ ഏതാനും സീസണുകളായി ലീഗില്‍ അവസാന സ്ഥാനങ്ങളിലാണ് ഡെയര്‍ഡെവിള്‍സ്.
ഒമ്പതാം സീസണില്‍ യുവത്വത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള തട്ടുപൊളിപ്പന്‍ ഒരു ടീമിനെയാണ് ഡെയര്‍ഡെവിള്‍സ് കളത്തില്‍ ഇറക്കുന്നത്. മലയാളി താരങ്ങളായ സഞ്ജു സാംസണ്‍, കരുണ്‍ നായര്‍, ശ്രേയസ് അയ്യര്‍, പവന്‍ നേഗി, ക്വിന്റണ്‍ ഡികോക്, ചാള്‍സ് ബ്രാത് വൈറ്റ്, ഷമി ഇങ്ങനെ പോകുന്നു ഡല്‍ഹിയുടെ താരങ്ങള്‍. ഒപ്പം പരിചയ സമ്പന്നരായ ഡുമിനി, ഇമ്രാന്‍ താഹിര്‍, അമിത് മിശ്ര തുടങ്ങിയവരുമുണ്ട്.

കൂട്ടത്തില്‍ ഏറ്റവും വെറ്ററനായ സഹീര്‍ ഖാനാണ് ഇത്തവണ ഡല്‍ഹി ടീമിനെ നയിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ സഹീര്‍ അടുത്തിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററായിരുന്ന രാഹുല്‍ ദ്രാവിഡ് ഇത്തവണ ഡല്‍ഹിക്കൊപ്പമുണ്ട്. രാഹുല്‍ ദ്രാവിഡും സഹീര്‍ ഖാനും യുവതാരങ്ങളെ വെച്ച് ഇത്തവണ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കും എന്ന പ്രതീക്ഷയിലാണ് ഡല്‍ഹി ടീം.
കഴിഞ്ഞ സീസണില്‍ ജെ പി ഡുമിനിയായിരുന്നു ഡല്‍ഹിയെ നയിച്ചത്. ക്യാപ്റ്റന്‍ നന്നായി തിളങ്ങിയെങ്കിലും ടീമിന് മെച്ചമുണ്ടാക്കാനായില്ല. സഹീര്‍ ഖാന്‍ മഹാനായ കളിക്കാരനാണ് എന്നും ഇന്ത്യന്‍ ക്രിക്കറ്റ് ശ്രദ്ധിക്കുന്ന ആര്‍ക്കും സഹീര്‍ ഖാന്റെ നേട്ടങ്ങള്‍ മനസിലാകുമെന്നും ദ്രാവിഡ് പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനം ആസ്വദിക്കാമെന്ന പ്രതീക്ഷയിലാണ് 37കാരനായ സഹീര്‍ ഖാന്‍. തുടര്‍ച്ചയായ രണ്ടാം സീസണാണ് സഹീര്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുന്നത്.