കാണ്‍പൂര്‍: കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 6 വിക്കറ്റിന് തോല്‍പിച്ച് ഗുജറാത്ത് ലയണ്‍സ് നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി. അടുത്ത മത്സരം കൂടി ജയിച്ചാല്‍ അവര്‍ക്ക് നോക്കൗട്ട് ഉറപ്പിക്കാം. കൊല്‍ക്കത്തയ്ക്കും ഇതേ പ്രതീക്ഷയുണ്ട്. വ്യാഴാഴ്ച കാണ്‍പൂരില്‍ നടന്ന മത്സരത്തില്‍ 39 പന്തുകള്‍ ബാക്കി നില്‍ക്കേയായിരുന്നു കൊല്‍ക്കത്തയെ ഗുജറാത്ത് തോല്‍പിച്ചത്.
ടൂര്‍ണമെന്റിലെ നിലനില്‍പിന് വിജയം അനിവാര്യമായിരുന്ന ഗുജറാത്ത് ടോസ് നേടി ആദ്യം ഫീല്‍ഡ് ചെയ്യുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത എട്ട് വിക്കറ്റിന് 124 റണ്‍സ് മാത്രമേ എടുത്തുള്ളൂ. 36 റണ്‍സെടുത്ത യൂസഫ് പത്താന്‍, 25 റണ്‍സെടുത്ത ഉത്തപ്പ എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി ഭേദപ്പെട്ട സ്‌കോറുകള്‍ നേടിയത്. ഗുജറാത്തിന് വേണ്ടി ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ സ്മിത്ത് നാലോവറില്‍ 8 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് അനായാസം ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന 53 റണ്‍സോടെ ടീമിനെ മുന്നില്‍ നിന്നു നയിച്ചു. 36 പന്തില്‍ 7 ഫോറും 1 സിക്‌സും സഹിതമാണ് റെയ്‌നയുടെ 53. 13.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് വിജയവും നിര്‍ണായകമായ രണ്ട് പോയിന്റുകളും സ്വന്തമാക്കി. ഐ പി എല്ലില്‍ നാലായിരം റണ്‍സ് പിന്നിട്ട റെയ്‌ന റണ്‍വേട്ടയില്‍ വിരാട് കോലിയെ മറികടന്ന് ഒന്നാമതെത്തുകയും ചെയ്തു.