കോലിയുടെ മെല്ലെപ്പോക്കും ബൗളര്‍മാരും ബാംഗ്ലൂരിനെ ചതിച്ചു; കൊല്‍ക്കത്തയെ പത്താന്‍ ജയിപ്പിച്ചു!
ബെംഗളൂരു: ക്രിസ് ഗെയ്‌ലിന്റെ മോശം ഫോമും ക്യാപ്റ്റന്‍ വിരാട് കോലിയുടെ മെല്ലപ്പോക്കും മൂര്‍ച്ചയില്ലാത്ത ബൗളിംഗും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ തോല്‍പിച്ചു. ചിന്നസ്വാമിയിലെ റണ്ണൊഴുകും പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 185 റണ്‍സാണടിച്ചത്. ലോകേഷ് രാഹുല്‍, വാട്‌സന്‍, സച്ചിന്‍ ബേബി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗുണ്ടായിട്ടും ബാംഗ്ലൂരിന് 200 കടക്കാന്‍ പറ്റിയില്ല. 44 പന്തില്‍ 52 റണ്‍സടിച്ച കോലിയുടെ വേഗതക്കുറവാണ് ബാംഗ്ലൂരിന് വിനയായത്.
പത്തോവറില്‍ നാലിന് 69 എന്ന നിലയില്‍ നിന്നാണ് യൂസഫ് പത്താനും ആന്‍ഡ്രെ റസലും ചേര്‍ന്ന് കൊല്‍ക്കത്തയെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. പത്താന്‍ 29 പന്തില്‍ പുറത്താകാതെ 60 റണ്‍സും റസല്‍ 24 പന്തില്‍ 39 റണ്‍സും അടിച്ചു. കൊല്‍ക്കത്തയുടെ ബാറ്റിംഗ് എന്നതിലുപരി മൂര്‍ച്ചയില്ലാത്ത ബൗളിംഗും കീപ്പിങിലെ പിഴവുകളുമാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്. ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഷംസി വഴങ്ങിയത് നാലോവറില്‍ 51 റണ്‍സ്.

രാഹുല്‍ ഹീറോയും വില്ലനും
ബാറ്റിംഗിനെത്തിയപ്പോള്‍ ലോകേഷ് രാഹുല്‍ അടിച്ചത് 32 പന്തില്‍ 52 റണ്‍സ്. ആറ് ഫോറും രണ്ട് സിക്‌സും പറത്തിയാണ് രാഹുല്‍ ബാംഗ്ലൂരിന്റെ ഹീറോ ആയത്. എന്നാല്‍ കീപ്പിങില്‍ ക്യാച്ചും സ്റ്റംപിങും കളഞ്ഞ് രാഹുല്‍ വില്ലനായി. ആന്‍ഡ്രെ റസലിന് രണ്ട് തവണയാണ് ഒരോവറില്‍ രാഹുല്‍ ജീവന്‍ കൊടുത്തത്. വെറുതെ ബൈ റണ്‍സുകള്‍ വേറെ.

വിരാട് കോലി വീണ്ടും
ടൂര്‍ണമെന്റില്‍ മറ്റൊരു ഫിഫ്റ്റിയുമായി വിരാട് കോലി വീണ്ടും കളം നിറഞ്ഞു. ഓറഞ്ച് ക്യാപ്പിന് ഉടമയുമായി. 44 പന്തില്‍ 52 റണ്‍സായിരുന്നു കോലിയുടെ സംഭാവന. 118 മാത്രം സ്‌ട്രൈക്ക് റേറ്റുള്ള കോലിയുടെ ഇന്നിംഗ്‌സ് പക്ഷേ ബാംഗ്ലൂരിന് ഗുണകരമായില്ല എന്ന് മാത്രം. പതിനേഴാം ഓവറില്‍ കോലി പുറത്താകുമ്പോള്‍ നാലിന് 129 മാത്രമായിരുന്നു ബാംഗ്ലൂരിന്റെ സ്‌കോര്‍.

അവസാനത്തെ കൂട്ടപ്പൊരിച്ചില്‍
8 പന്തില്‍ 16 റണ്‍സുമായി മലയാളി താരം സച്ചിന്‍ ബേബി, 21 പന്തില്‍ 34 റണ്‍സുമായി ഷെയ്ന്‍ വാട്‌സന്‍, 4 പന്തില്‍ 16 റണ്‍സുമായി സ്റ്റുവര്‍ട്ട് ബിന്നി എന്നിവരാണ് ബാംഗ്ലൂരിന്റെ സ്‌കോര്‍ സ്‌കോര്‍ 185 ല്‍ എത്തിച്ചത്. നാല് പന്ത് മാത്രം കളിച്ച ബിന്നി രണ്ട് സിക്‌സും ഒരു ഫോറും അടിച്ച് അടുത്ത പന്തില്‍ പുറത്തായി.

യൂസഫ് പത്താന്‍ കലക്കി
വല്ലപ്പോഴും ഒരിക്കല്‍ മാത്രമേ യൂസഫ് പത്താന്‍ ഇതുപോലെ മാരക ഫോമിലെത്താറുള്ളു. അങ്ങനെ ഒരു ദിവസമായിരുന്നു തിങ്കളാഴ്ച. അവസാന ഓവറുകളില്‍ ആര്‍ സി ബി ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിപ്പരത്തിയാണ് യൂസഫ് പത്താന്‍ 29 പന്തില്‍ 60 റണ്‍സെടുത്തത്. ആറ് ഫോറും 3 സിക്‌സും പത്താന്‍ അടിച്ചു. സ്‌ട്രൈക്ക് റേറ്റ് 206!

മാന്‍ ഓഫ് ദ മാച്ച് റസ്സല്‍
നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി ആന്‍ഡ്രെ റസല്‍ ഒരു വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ബാറ്റിംഗിനെത്തിയപ്പോഴാണ് റസ്സലിന്റെ വില കൊല്‍ക്കത്ത ശരിക്കും മനസിലാക്കിയത്. 26 പന്തില്‍ 1 ഫോറും 4 സിക്‌സുമായി 39 റണ്‍സ്. റസല്‍ പുറത്തായ ശേഷം അഞ്ച് പന്തില്‍ 10 റണ്‍സടിച്ച് സൂര്യകുമാര്‍ യാദവും സംഗതികള്‍ ഭംഗിയാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications