ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ നാട്ടിലേക്ക് മടങ്ങി. തന്റെ കുടുംബത്തിലെ പുതിയ അതിഥിയെ കാണാന്‍ വേണ്ടിയാണ് ക്രിസ് ഗെയ്ല്‍ ജമൈക്കയിലേക്ക് പറന്നത്. ഗെയ്‌ലിന്റെ ഭാര്യ നടാഷ ബെരിഡ്ജ് കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഐ പി എല്ലില്‍ ഗെയ്‌ലിന് കുറഞ്ഞത് രണ്ട് മത്സരങ്ങളെങ്കിലും നഷ്ടമാകും എന്നാണ് കരുതുന്നത്.
ഞാന്‍ വരികയാണ് ബേബീ എന്ന് ക്രിസ് ഗെയ്ല്‍ വിമാനത്തിലിരുന്ന് ട്വിറ്ററില്‍ ചിത്രം സഹിതം കുറിച്ചിരുന്നു. ബുധനാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ക്രിസ് ഗെയ്ല്‍ ഉണ്ടാകില്ലെന്ന് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാറ്റ്‌സ്മാന്‍ സര്‍ഫരാസ് ഖാന്‍ പറഞ്ഞു. ഗെയ്ല്‍ ഇല്ലെങ്കിലും മുംബൈ ഇന്ത്യന്‍സിനെതിരെ വാങ്കഡെയില്‍ ജയിക്കാമെന്ന പ്രതീക്ഷയിലാണ് മുംബൈ സ്വദേശി കൂടിയായ സര്‍ഫരാസ്.

ഐ പി എല്ലില്‍ ഇത്തവണ കളിച്ച രണ്ട് മത്സരങ്ങളിലും ഗെയ്‌ലിന് ഫോമിലെത്താന്‍ പറ്റിയിരുന്നില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 1 റണ്‍സിന് പുറത്തായ ഗെയ്ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഹൈദരാബാദിനെ തോല്‍പിച്ചെങ്കിലും ഡെയര്‍ഡെവിള്‍സിനോട് തോറ്റു. ഗെയ്‌ലിന്റെ ഫോമില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നത്.
അതേസമയം ഐ പി എല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ബുധനാഴ്ചത്തെ മത്സരം അതീവ നിര്‍ണായകമാണ്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നും മുംബൈ തോറ്റു. കൊല്‍ക്കത്തയ്‌ക്കെതിരായ ഒരു ജയം മാത്രമാണ് മുംബൈയുടെ അക്കൗണ്ടിലുള്ളത്. ബാറ്റിംഗ് നിരയുടെ പരാജയമാണ് ചാമ്പ്യന്മാര്‍ക്ക് വിനയാകുന്നത്. ലസിത് മലിംഗ, ലെന്‍ഡല്‍ സിമ്മണ്‍സ് എന്നിവര്‍ പരിക്കേറ്റ് പിന്മാറിയതും മുംബൈയ്ക്ക് തിരിച്ചടിയായി. മത്സരം രാത്രി 8 മുതല്‍ വാങ്കഡേ സ്റ്റെഡിയത്തില്‍.