മൊഹാലി: തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്ക് കൂപ്പുകുത്തുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ശക്തി പകരാന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല വരുന്നു. പരിക്കേറ്റ ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷിന് പകരക്കാരനായിട്ടാണ് ഹാഷിം അംല ടീമിലെത്തുന്നത്. ടെസ്റ്റിലും ഏകദിനത്തിലും മാത്രമല്ല, ട്വന്റി 20 ക്രിക്കറ്റിലും ലോകത്തെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ അംലയെ ലേലത്തില്‍ ഐ പി എല്‍ ഫ്രാഞ്ചൈസികള്‍ വിളിച്ചെടുക്കാതിരുന്നത് അത്ഭുതമായിരുന്നു.
കളിച്ച 7 കളികളില്‍ അഞ്ചിലും തോറ്റ് പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് പഞ്ചാബ് കിംഗ്‌സ്. ബാക്കിയുള്ള ഏഴില്‍ ആറ് കളികളെങ്കിലും ജയിച്ചാലേ ടീമിന് അവസാന നാലില്‍ എത്താന്‍ സാധിക്കൂ. സീസണില്‍ ദയനീയ പ്രകടനം കാഴ്ചവെക്കുന്ന പഞ്ചാബിന് ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുക്കുന്ന ഏക വിദേശി താരമാണ് മാര്‍ഷ്. ആറ് കളിയില്‍ നിന്നും മാര്‍ഷ് ഇതുവരെയായി 159 റണ്‍സ് എടുത്തിട്ടുണ്ട്.

എന്നാല്‍ പുറംവേദന കാരണം മാര്‍ഷിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത് പഞ്ചാബിന് തിരിച്ചടിയായി. സൂപ്പര്‍ താരങ്ങളായ ഡേവിഡ് മില്ലറും ഗ്ലെന്‍ മാക്‌സ്വെല്ലും ഫോമിലെത്താത്തതാണ് ടീമിന്റെ തോല്‍വികള്‍ക്ക് കാരണം. ബൗളിംഗില്‍ മിച്ചല്‍ ജോണ്‍സനും ഫോമിലല്ല. ഫോമിലല്ലാത്ത ഡേവിഡ് മില്ലറിനെ മാറ്റി പഞ്ചാബ് കിംഗ്‌സ് അടുത്തിടെ മുരളി വിജയിയെ നായകനാക്കിയിരുന്നു.
33 കാരനായ അംലയുടെ വരവ് കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് കിംഗ്‌സ്. ഐ പി എല്‍ കളിക്കാനെത്തുന്നതിലുള്ള സന്തോഷം അംല മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ പങ്കുവെച്ചു. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ അംലയുടെ സഹ കളിക്കാരായ എ ബി ഡിവില്ലിയേഴ്‌സ്, ജെ പി ഡുമിനി, മോണി മോര്‍ക്കല്‍, ഡുപ്ലിസി തുടങ്ങിയവര്‍ ഐ പി എല്ലിലെ പോപ്പുലര്‍ താരങ്ങളാണ്.