മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 13ം സീസണിന്റെ അനിശ്ചിതത്വം തുടരവെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ച് ആരാധകര്‍. വലിയ ആരാധക കൂട്ടായ്മയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗെന്ന് മറ്റ് രാജ്യക്കാര്‍ പോലും അഭിപ്രായപ്പെടുന്ന ഐപിഎല്‍ മാര്‍ച്ച് 29നാണ് ആരംഭിക്കേണ്ടിയിരുന്നതെങ്കിലും കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം ഐപിഎല്‍ യുഎഇയില്‍ നടത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിനെ ട്രോളിയാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രധാനമായും പോസ്റ്റ് ഇടുന്നത്. ഐപിഎല്‍ ഇത്തവണ നീണ്ടുപോകുന്നതിലുള്ള നിരാശ ക്രിക്കറ്റ് താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എപ്പോളാണ് ഐപിഎല്‍ ആരംഭിക്കുകയെന്ന ചോദ്യമുയര്‍ത്തി നിരവധി ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആഘോഷമാക്കി കൊണ്ടാടുന്ന ഐപിഎല്‍ ഇത്തവണ നീണ്ടുപോകുന്നത് ആരാധകരില്‍ വലിയ നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ ആരാധകര്‍ തങ്ങളുടെ നിരാശ പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഐപിഎല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടത്തുമെന്നാണ് വ്യക്തമാകുന്നത്. ഒക്ടോബറിലും നവംബറിലുമായാണ് ടി20 ലോകകപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ലോകകപ്പ് മാറ്റിവെക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായിരുന്നു. അതിനാലാണ് ഈ സമയത്ത് ഐപിഎല്‍ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഐപിഎല്‍ റദ്ദാക്കേണ്ടി വന്നാല്‍ ഏകദേശം 1400 കോടിയോളം രൂപ നഷ്ടം വരുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഇത്തവണ ഐപിഎല്‍ നടന്നാല്‍ യുവതാരങ്ങള്‍ക്കത് ടി20 ലോകകപ്പില്‍ അവസരം ലഭിക്കാനുള്ള വലിയ അവസരമാകും. നിലവില്‍ ടീമിന് പുറത്തുള്ള എം എസ് ധോണിക്ക് ഇന്ത്യന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തണമെങ്കില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം ആവശ്യമാണ്. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ കണക്കനുസരിച്ച് ടൂര്‍ണമെന്റ് ഇവിടെ നടത്തുക വലിയ വെല്ലുവിളിയാണ്. അതിനാല്‍ നേരത്തെ തന്നെ ബിസിസിഐ ഇന്ത്യക്ക് പുറത്ത് ഐപിഎല്‍ നടത്തുന്നത് ആലോചിച്ചിരുന്നു. ആദ്യം ശ്രീലങ്കയാണ് ഐപിഎല്‍ നടത്താന്‍ താല്‍പ്പര്യം അറിയിച്ച് രംഗത്തെത്തിയത്. കോവിഡ് ബാധ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുറവായതിനാല്‍ പൂര്‍ണ്ണ സുരക്ഷയോടെ ഐപിഎല്‍ നടത്താന്‍ സാധിക്കുമെന്ന് ശ്രീലങ്ക അറിയിച്ചിരുന്നു.
പിന്നാലെ യുഎഇയും ടൂര്‍ണമെന്റ് നടത്താന്‍ താല്‍പ്പര്യം അറിയിച്ച് രംഗത്തെത്തി. അവസാനമായി ന്യൂസീലന്‍ഡാണ് ഐപിഎല്‍ നടത്താന്‍ സന്നദ്ധത അറിയിച്ചത്. അതില്‍ താരങ്ങളുടെ സുരക്ഷയും യാത്രാ സൗകര്യവും കളക്കിലെടുത്ത് യുഎഇയില്‍ ഐപിഎല്‍ നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കരീബിയന്‍ ക്രിക്കറ്റ് ലീഗിന്റെയും ബിഗ്ബാഷ് ലീഗിന്റെയും ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ കോവിഡ് ബാധയെത്തുടര്‍ന്ന് ഇന്ത്യ ശ്രീലങ്ക, സിംബാബ്‌വെ പര്യടനങ്ങള്‍ റദ്ദാക്കിയിരുന്നു. ഡിസംബറില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ പരമ്പര.